Wednesday, December 2, 2009

എയ്ഡ്സ്‌ രോഗികളുടെ വീട്ടില്‍ പോയത്‌

വസാന പോസ്റ്റില്‍ നിന്നും ഈ പോസ്റ്റിലേയ്ക്കുള്ള അകലം ആറു മാസങ്ങളാണ്‌. യാത്രകളുടെ നാളുകളായിരുന്നു കഴിഞ്ഞു പോയത്‌. ജര്‍മ്മനിയിലൂടെ പിന്നെ ഇറ്റലിയില്‍. യാത്രകള്‍ക്കെല്ലാമൊടുക്കം ആവേശത്തോടെ പലപ്പോഴും എഴുതാനിരുന്നതാണ്‌. കണ്ട കാഴ്ചകള്‍,പരിചയപ്പെട്ട മുഖങ്ങള്‍, അനുഭവങ്ങള്‍,എല്ലാം മലവെള്ള പാച്ചില്‍ പോലെ മനസ്സില്‍ നിറഞ്ഞു. എങ്കിലും രചനാത്മകമായി അതൊന്നും പരിണമിച്ചില്ല.

വിശേഷാവസരങ്ങള്‍ ഓരോന്നായി കടന്നു പോയി. ഓണം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി. ഇതാ ഇപ്പോള്‍ തണുത്ത ഡിസംബറിലെ ആദ്യ ദിവസത്തിന്റെ പുലരിയില്‍ റോമിലെ ഏഴുമലകള്‍ക്കപ്പുറം സൂര്യന്‍ ഉദിക്കാന്‍ പോകുന്നു. റോമിലിപ്പോള്‍ തണുപ്പുകാലമാണ്‌. മേപ്പിള്‍ മരങ്ങള്‍ ഇലകള്‍ കൊഴിക്കുന്നു.ഫിറെന്‍സിലെ സൂര്യകാന്തി പാടങ്ങള്‍ക്കു മേലെ മഞ്ഞണിഞ്ഞ ആകാശത്തിലൂടെ കാട്ടുകൊക്കുകള്‍ ചൈനയിലേയും ഇന്ത്യയിലേയും ഹരിതവനങ്ങളിലേയ്ക്കു പറക്കുന്നു. ഇപ്പോള്‍ ഇതാ എന്റെ ജനാലയിലൂടെ ആകാശത്തുനിന്നും പറന്നിറങ്ങി വരുന്നതെന്താണ്‌? തുമ്പ്‌ കെട്ടിയ ഒരു ചുവന്ന റിബണ്‍. എന്റെ ഓര്‍മ്മകളുടെ മഹാ ശൈത്യത്ത്യത്തിനു കുറുകെ ആ റിബണ്‍ വന്നു വീഴുന്നു. ഇന്ന് ലോക എയ്ഡ്സ്‌ ദിനം. ഓര്‍മ്മകളിലിപ്പോള്‍ നിറയുന്നത്‌ ആറു വര്‍ഷം മുന്‍പൊരിക്കല്‍ കേരളത്തിലെ ഒരു എയ്ഡ്സ്‌ ഹോം സന്ദര്‍ശിക്കാന്‍ പോയതാണ്‌.


പ്രത്യേക അനുമതിയോടെയായിരുന്നു സന്ദര്‍ശനം. പോകാന്‍ തീരുമാനിച്ച അന്നു മുതല്‍ ആശങ്കകളായിരുന്നു മനസ്സില്‍. എയ്ഡ്സ്‌ രോഗവും രോഗിയും ഒരു പോലെ പേടിപ്പിക്കുന്നു.സദാചാര പ്രസംഗങ്ങള്‍ മനസ്സില്‍ കുത്തി നിറച്ച ചിന്തയുണ്ടായിരുന്നു, പാപം ചെയ്തവര്‍ക്കുള്ള ശിക്ഷയാണത്രേ ഈ മഹാരോഗം.ബോധവത്ക്കരണ ക്ലാസ്സുകളും സെമിനാറുകളുമൊക്കെ കൂടിയിട്ടുണ്ടെങ്കിലും രോഗി താമസിക്കുന്ന ഗ്രാമത്തേപ്പോലും ഭയമായിരുന്നു. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ബോംബേയില്‍ തൊഴില്‍ തേടി പോയി തിരിച്ചു വന്നവര്‍ക്കു മേലെ സംശയത്തിന്റെ കാര്‍മേഘങ്ങള്‍ എന്നും ഉരുണ്ടുകൂടിയിരുന്നു. എയ്ഡ്സ്‌ രോഗം വന്നു മരിച്ചുവെന്നു സംശയിക്കുന്ന ഒരു സ്ത്രിയെ പള്ളി സിമിത്തേരിയില്‍ അടക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു. വീട്ടില്‍ പനിയോ ജലദോഷമോ വന്നാല്‍ തുളസിയിലയിട്ട്‌ വെള്ളം കുടിക്കാറുണ്ടല്ലോ. വീട്ടില്‍ ഇലച്ചാര്‍ത്തുള്ള തുളസികളില്ല. അതുകൊണ്ട്‌ അടുത്ത വീട്ടിലെ തൊടിയിലാണ്‌ തുളസിയിലയ്ക്ക്‌ പോകാറ്‌. കോലായിലെ ഭിത്തികള്‍ മുഴുവന്‍ ദൈവങ്ങളെക്കൊണ്ടലങ്കരിച്ച ഒരു ഹിന്ദു വീട്‌. പലപ്പോഴും ആ മരിച്ചു പോയ സ്ത്രിയുടെ കുട്ടികള്‍ എന്നോടൊപ്പം അവിടെ വരാറുണ്ടായിരുന്നു. ചിലപ്പോള്‍ തുളസിയിലകള്‍ പറിക്കുകയും ചെയ്തിരുന്നു. എയ്ഡ്സിന്റെ നിഴലില്‍ ആ സ്ത്രി മരിച്ചതില്‍ പിന്നെ അവരുടെ കുട്ടികള്‍ ഇല നുള്ളിയിരുന്ന തുളസിച്ചെടികളില്‍ നിന്നും ഇല പറിക്കാന്‍ ഞാന്‍ പോയിട്ടില്ല. ഈശ്വരാ, എല്ലാറ്റിനേയും സുഖപ്പെടുത്തുന്ന കൃഷ്ണ തുളസ്സിയേപ്പോലും ഞാന്‍! മാപ്പ്‌.

മുന്‍പു പോയിട്ടുള്ള സുഹൃത്തുക്കള്‍ നിര്‍ദ്ദേശങ്ങളൊക്കെ തന്നു. കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളെയെന്നപോലെ അവരെ കാണാന്‍ പോകരുത്‌. സഹതാപത്തിന്റേയോ പരിഹാസത്തിന്റേയോ, ഭയത്തിന്റേയോ കണ്ണുകള്‍ക്കൊണ്ടവരെ നോക്കരുത്‌. അകല്‍ച്ച കാണിക്കരുത്‌. ഭൂതകാലത്തേപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ച്‌ മുറിപ്പെടുത്തരുത്‌. അതായത്‌ ചോര വാര്‍ക്കുന്ന പച്ച മുറിവുകള്‍ക്കും കണ്ണീരിനും മേലെ ക്യാമറ ഫോക്കസ്‌ ചെയ്യുന്ന മഞ്ഞ പത്രക്കാരന്റെ മലിനമായ മനസ്സ്‌ ഉണ്ടായിരിക്കരുത്‌ എന്നര്‍ത്ഥം.

ഞങ്ങള്‍ കണ്ടുമുട്ടുവാന്‍ പോകുന്ന സഹോദരര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.

ഉച്ച കഴിഞ്ഞ സമയം. ഓണക്കാലമായിരുന്നൂവത്‌. ചിങ്ങ മാസത്തിലെ മഞ്ഞ വെയില്‍. നഗരത്തിലെ ഓണ വിപണികളിലേയ്ക്ക്‌ തിരക്കേറിയ വൈകുന്നേരം വന്നു നിറയുന്നു. നഗര പ്രാന്തത്തിലെ ആത്മീയാന്തരീക്ഷമുള്ള കോമ്പൗണ്ടില്‍ ഞങ്ങളെത്തി. രണ്ടാള്‍ ഉയരമുള്ള ഇരുമ്പു ഗെയിറ്റ്‌, എയ്ഡ്സ്‌ രോഗികളോടുള്ള സമൂഹത്തിന്റെ മനസ്സാക്ഷിപോലെ. പഴക്കം ചെന്ന് തുരുമ്പെടുത്ത ആ ഗെയിറ്റു കണ്ടപ്പോള്‍ അപരിഷ്കൃതവും ഭയാനകവുമായ ഒരു ഭ്രാന്താലയമാണോര്‍മ്മയില്‍ വന്നത്‌. ഇല്ല, അടുത്ത ഒരു കാഴ്ചയില്‍ ആ ഗയിറ്റിനെന്തോ പ്രത്യേകതയുള്ളപോലെ. അഭൗമമായ ഒരു മഹാ കവാടം പോലെ ആ ഗയിറ്റ്‌ ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍ തൂങ്ങീ നില്‍ക്കുന്നു. ജാഗ്രതയിലായിരുന്ന സെക്യൂരിറ്റി പ്രവേശനാനുമതി വാങ്ങി ഗയിറ്റ്‌ തുറന്നു തന്നു. രണ്ടു പാളികള്‍ അകത്തേയ്ക്കു തുറക്കുന്നു. സ്വര്‍ഗ്ഗ വാതിലുകള്‍ പോലെ.

മനോഹരമായ ഒരു ബഹുനില കെട്ടിടം. ഒരു ദൈവാലയം പോലെ സൗന്ദര്യമുള്ള , വെടിപ്പും ശുദ്ധിയുമുള്ള ഒരു വീട്‌. മുറ്റത്ത്‌ വെട്ടിയൊരുക്കിയ പച്ച പുല്‍ത്തകിടി. പൂത്ത ബൊഗേണ്‍ വില്ലകള്‍. വലിയ ഒരു മരത്തിന്റെ വേരുകൊണ്ടു നിര്‍മ്മിച്ച ഒരു സുന്ദരശില്‍പ്പം പുല്‍ത്തകിടിയ്ക്കു നടുവില്‍. അരികില്‍ ഒരു ഉഞ്ഞാല്‍. ചെടിച്ചട്ടികളില്‍ നിറഞ്ഞു പൂത്ത പൂക്കള്‍. പതിവ്‌ പുനരിധിവാസ കേന്ദ്രങ്ങളുടെ അസ്വസ്ഥമായ അന്തരീക്ഷമവിടെയില്ല. അപൂര്‍വ്വ ശാന്തത. സ്വര്‍ഗ്ഗീയത. പുല്‍ത്തകിടിയിലെ ഇളംത്തലപ്പുകള്‍ തഴുകി, കടലാസു റോസാപ്പൂക്കളെ സൗമ്യമായി ഇളക്കി ഒരു തണുത്ത കാറ്റു വീശി. ഈശ്വരാ, കാറ്റിനു അഗര്‍ബത്തിയുടെ ഗന്ധം. ഒരു ഞെട്ടലോടെ ഞാനോര്‍ത്തു. ഈ അന്തരീക്ഷത്തില്‍ മരണം ഘനീഭവിച്ചിരിക്കുന്നു. അസമയങ്ങളില്‍ ആരെയൊക്കെയോ കൂട്ടിക്കൊണ്ടു പോകുവാന്‍ മരണം പതിഞ്ഞ കാല്‍ വയ്പ്പുകളുമായി നടക്കാനിറങ്ങുന്ന ഇടനാഴികള്‍. അവന്റെ തണുത്ത വിരല്‍സ്പര്‍ശനത്തിനായി അസ്വസ്ഥതയോടെ കാത്തിരിക്കുന്ന കുറേ മനുഷ്യര്‍. ഒരു മോര്‍ച്ചറിക്കുള്ളിലെ ശൈത്യവും ഫ്രീസറിന്റെ മുരളല്‍ ശബ്ദവും എനിക്കു ചുറ്റും നിറയുന്നതു പോലെ.

ഭവനത്തിലെ ശുശ്രൂഷകരായ സഹോദരിമാര്‍ ഞങ്ങളെ സ്വീകരിച്ചു. സിറ്റൗട്ടില്‍ നിന്നും അകത്തേയ്ക്കു കടക്കാനൊരുങ്ങുമ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ സ്വരം.
"അയ്യോ അങ്കിള്‍ പൂക്കളത്തില്‍ ചവിട്ടല്ലേ."
കുഞ്ഞുടുപ്പും പോണി ടെയ്‌ലുമുള്ള ഒരു മിടുക്കി. സിറ്റൗട്ടിലെ പൂക്കളം ചെറുതാണ്‌. പൂക്കളുടെ ഒരു കൂട്ടം, അത്രയേ ഉള്ളൂ. നടുക്കൊരു ചുവന്ന ഡാലിയ. ചുറ്റും ഓറഞ്ചു നിറമുള്ള ജമന്തികള്‍. ഇടയ്ക്കു കുറേ ഇലയും കായുമൊക്കെ. അവള്‍ ഇട്ട പൂക്കളമായിരിക്കുമത്‌. ചുവപ്പിന്റെ ആധിക്യം കൊണ്ടാവാം, ഹൃദയം നടുവേ മുറിച്ചു വച്ചിരിക്കുന്നതു പോലെ തോന്നി. കാലു തട്ടി സ്ഥാനം മാറിയ പൂക്കള്‍ അവള്‍ ഒതുക്കി വച്ചു. എന്തു പേരാണവളെ ഞാനിപ്പോള്‍ വിളിക്കുക. ലിറ്റില്‍ ഫ്ലവര്‍ എന്നു വിളിക്കാം അല്ലേ? ചെറുപുഷ്പം. ലിറ്റി എന്റെ കൈ പിടിച്ചകത്തു കയറി. കുപ്പി വളയിട്ട കുഞ്ഞു കൈത്തണ്ട വല്ലാതെ തണുത്തിരിക്കുന്നു. അവള്‍ക്കു പിന്നാലെ കുറേ കുട്ടി സംഘങ്ങള്‍ പാഞ്ഞു വന്നു. വന്നവര്‍ വന്നവര്‍ ഞങ്ങളുടെ ദേഹത്തേയ്ക്കു വലിഞ്ഞു കയറി. ഞങ്ങളുടെ പരിഭ്രമവും ചമ്മലുമെല്ലാം കണ്ട്‌ സിസ്റ്റേഴ്‌ ചിരിച്ചു. പിന്നെ അവരില്‍ കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും വാരിയെടുത്തു അവരെ ചുംബിച്ചു. എല്ലാ സെമിനാറുകളേക്കാളും വലിയ ബോധവത്ക്കരണമായിരുന്നു ആ ദൃശ്യം.

പന്ത്രണ്ടു വയസ്സിനു താഴെയുള്ളവാരാണ്‌ കുട്ടികളിലേറെയും. രോഗാണുവുമായി പിറക്കുന്ന കുഞ്ഞുങ്ങള്‍ എട്ടിനും പതിനഞ്ചിനും പ്രായങ്ങള്‍ക്കിടയില്‍ മടങ്ങി പോകും. മാലാഖമാരോടൊപ്പം കളിക്കുന്നതിനിടയില്‍ അവരോട്‌ കൂട്ടുവെട്ടി നമ്മളോട്‌ കൂട്ടുകൂടുവാന്‍ ചിറകുകള്‍ ഉപേക്ഷിച്ചു വന്ന മാലാഖമാരാണവര്‍. കുറച്ചു നാള്‍ നമ്മള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ഒടി നടന്നിട്ട്‌ പെട്ടെന്ന് ഒരു ദിവസം അവരങ്ങ്‌ പോകും, തങ്ങളുടെ കാണാച്ചിറകുകള്‍ വീശി.ലിറ്റിയുടെ കിലുകിലാ സംസാരം എല്ലവരേക്കാളും മേലെയായിരുന്നു. അവളുടെ അമ്മ താരാട്ട്‌ പാതിയില്‍ നിറുത്തി അവളെ തനിച്ചാക്കി പോയത്‌ ആറുമാസം മുന്‍പാണ്‌. അവളുടെ സഹോദരന്‍ തൊട്ടു തലേ ആഴ്ചയിലും. ലിറ്റി കളിച്ചു തിമിര്‍ക്കുകയാണ്‌.
"ദേ ഇവള്‍ വലിയ മോണോ ആക്ടുകാരിയാണു കെട്ടൊ".ഒരു സിസ്റ്റര്‍ പറഞ്ഞു.
തൊണ്ട ശരിയാക്കി അവള്‍ മോണോ ആക്ടിനൊരുങ്ങി. ഭാര്യയെ തല്ലുന്ന കള്ളുകുടിയനായി അവള്‍ ആടിയാടി വന്നു. ലിറ്റി ഞങ്ങളെയെല്ലാം ചിരിപ്പിക്കുകയാണ്‌. അവളുടെ പാദസരം മാത്രം ആര്‍ദ്രമായി തേങ്ങി. പിന്നെ അവള്‍ ഭരത്‌ ചന്ദ്രന്‍ ഐ. പി എസായി നെഞ്ചു വിരിച്ചു നിന്നു. രണ്‍ജി പണിക്കരുടെ വെടിമരുന്നിട്ട ഡയലോഗുകള്‍ അവള്‍ കൊഞ്ചി കൊഞ്ചി പറയുന്നു. ദൈവമേ കെട്ടുന്ന ഈ വേഷങ്ങളില്‍ ഇവളുടെ യഥാര്‍ത്ഥ വേഷം ഏതാണ്‌. ആ വേഷമഴിച്ചുവച്ചിട്ടവള്‍ ഈ അരങ്ങില്‍ നിന്നും ഒരിക്കലും ഇറങ്ങി പോകരുതേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ലിറ്റിയുടെ മോണൊ ആക്ട്‌ കഴിയാനൊന്നും ഉണ്ണി നിന്നില്ല. അവന്‍ ഡാന്‍സാരംഭിച്ചു. ഒരു ആറു വയസ്സുകാരന്‍. ഓരോ ചുവടിലും നെറ്റിയിലേയ്ക്കു വീഴുന്ന സ്വര്‍ണ്ണമുടി. എന്തു സുന്ദരനാണവന്‍. അവന്റെ മുഖത്തെ കറുത്ത പൊട്ടുകള്‍ റോസാദളങ്ങളിലെ പുഴുക്കുത്തുകള്‍ പോലെ. ഡാന്‍സൊരു സംഘമായി. പിന്നെയതൊരു ആക്ഷന്‍ സോങ്ങായി.

നാലു നിലകളില്‍ തൊണ്ണൂറോളം അന്തേ വാസികളുണ്ട്‌. ചിലര്‍ കുടുംബമായാണവിടെ. എങ്കിലും ഭാര്യയും ഭര്‍ത്താവും വ്യത്യസ്തമായ ഓരോരോ മുറികളിലാണ്‌ താമസം. രോഗ ഗ്രസ്തമായ പുതിയ ജന്മങ്ങള്‍ പിറക്കാതിരിക്കാന്‍ അവര്‍ ബ്രഹ്മചാരികളാകുന്നു. എന്നിട്ടും മരണത്തിന്റെ തീ തടാകങ്ങളില്‍ അവര്‍ പ്രണയത്തിന്റെ നൗക തുഴഞ്ഞു പോകുന്നു. കാമനകളുടെ കനലുകള്‍ക്കു മേലെ പ്രണയം പുതുമഴയായി പെയ്യുന്നു. മധ്യ വയസ്സിനപ്പുറം പ്രായമെത്താത്തവരാണേറെയും. സ്ത്രീകളുടെ മുഖത്തെ സന്തോഷവും ആശ്വാസവും ഞങ്ങളെ അതിശയിപ്പിച്ചു. അവര്‍ വീട്ടിലെന്നതു പോലെ ഓടി നടക്കുന്നു. ഒന്നിച്ചൊരു മുറിയില്‍ കൂടിയിരുന്നവര്‍ നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു. പരസ്പരം കളിയാക്കി. അലക്കിത്തീര്‍ക്കേണ്ട തുണികളേക്കുറിച്ചും കൊച്ചു വീട്ടു ജോലികളേക്കുറിച്ചും അവര്‍ സാധാരണ സ്ത്രീകളേപ്പോലെ ആകുലപ്പെട്ടു.

പലപ്പോഴും എച്ച്‌ ഐ വി പോസിറ്റീവായവരെ അലട്ടുന്നത്‌ മരണ ഭയത്തേക്കാളും കുറ്റബോധമാവാറുണ്ട്‌. താന്‍ കാരണം മറ്റുള്ളവര്‍ക്കു കൂടി ഇതു വന്നല്ലോ എന്ന ചിന്ത. സ്ത്രീകളെ പലപ്പോഴും അത്തരം കുറ്റബോധമലട്ടിയിരുന്നില്ലായെന്നതാണവരുടെ സമചിത്തതയ്ക്കു കാരണം. അവര്‍ പലരും വിവാഹ ശേഷം ഒരു കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടായിരിക്കാം രോഗബാധയേപ്പറ്റിയറിഞ്ഞത്‌. ജീവനും പ്രണയത്തിനുമൊപ്പം ഭര്‍ത്താവില്‍ നിന്നും പകര്‍ന്നു കിട്ടിയ മറുപങ്ക്‌. ഒന്നിച്ചു കൂടിയിരുന്ന സ്ത്രീകള്‍ ഓരോ മുറികളിലേയ്ക്കു മടങ്ങി.

ഏകാന്തതകളില്‍ അവര്‍ അശക്തരായി കാണപ്പെട്ടു. തുറന്ന ജനാലയിലൂടെ കടന്നെത്തിയ അന്തിവെട്ടം പഴയ ഓണക്കാലങ്ങളിലേയ്ക്കവരെ കൂട്ടിക്കൊണ്ടു പോയി. കൊച്ചു പെണ്ണായി പൂക്കളമിട്ടും ഊഞ്ഞാലാടിയും വീട്ടില്‍ ഓടി നടന്നത്‌. സ്വപ്നങ്ങള്‍ നെയ്ത കൗമാരം. ഓണത്തിനു സദ്യയൊരുക്കിയതും ഇളയകുട്ടികള്‍ക്ക്‌ ഏട്ടത്തിയായി നടന്നതും. പിന്നെ മോഹങ്ങളെല്ലാം കൊരുത്തൊരു താലിച്ചരട്‌. കുറേ നല്ല നാളുകള്‍. പിന്നെ എല്ല്ലാമവസാനിപ്പിച്ചുകൊണ്ടു വന്ന ഒരു മാറാപ്പനി. കുറ്റപ്പെടുത്തല്‍, തിരസ്ക്കരണം, നിരാശ, വീടു വിട്ടുപോകല്‍, ആത്മഹത്യാ ശ്രമം. അവസാനം ദൈവം സാന്ത്വനമായെത്തിയത്‌ ഈ ഭവനത്തിലൂടെ. ജനാലയ്ക്കപ്പുറം അവര്‍ കണ്ണും നട്ടിരിക്കുന്നു. അവിടെ ഇപ്പോള്‍ അസ്തമയമാണ്‌. അവര്‍ അതു കാണുന്നുണ്ടാവുമോ ആവോ!

ആ ഭവനം അങ്ങേയറ്റം വെടിപ്പാണ്‌. വെള്ളപൂശിയ ചുവരുകള്‍. ധാരാളം വെളിച്ചവും കാറ്റും പ്രവേശിക്കുന്ന വാതിലും ജനലുകളും. ചന്ദന നിറമുള്ള മാര്‍ബിള്‍ പാകിയ നിലം. ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍. പൂക്കളുടേയും നീലാകശത്തിന്റേയും വര്‍ണ്ണത്തൂവലുകളുള്ള പക്ഷികളുടേയും പ്രത്യാശാഭരിതമായ ചിത്രങ്ങള്‍. അന്തരീക്ഷത്തെ അത്മീയ സാന്ദ്രമാക്കുന്ന സംഗീതം. താമസിക്കുന്ന മുറികളില്‍ രോഗാണുക്കള്‍ക്കു പ്രവേശിക്കാനാവത്തത്ര ശുചിത്വം. കട്ടിലിലും നിലത്തുമൊക്കെ ഇട്ടിരിക്കുന്ന ആര്യവേപ്പിന്റെ കൊമ്പുകള്‍, തുളസിത്തളിരുകള്‍. അന്തേ വാസികളില്‍നിന്നും പണമൊന്നും വാങ്ങിയിട്ടല്ല അവരെ ഇവിടെ താമസിപ്പിക്കുന്നതും ചികിത്സിക്കുന്നതുമെല്ലാം. രോഗികള്‍ക്കു മരുന്നു വേണം, പോഷകാംശം ഏറെയുള്ള ഭഷണം വേണം. അതെന്നും ഇവിടെയുണ്ട്‌, ഒട്ടും കുറവില്ല്ലതെ. ആരും സ്പോണ്‍സര്‍ ചെയ്തിട്ടല്ല. വയലുകളിലെ ലില്ലികളെ അലങ്കരിക്കുകയും ആകാശപ്പറവകളെ പോറ്റുകയും ചെയ്യുന്ന ദൈവം ഇവരേയും പോറ്റുന്നു.

താഴത്തേ നിലയിലുള്ള പുരുഷന്മാരുടെ അടുത്തേയ്ക്കാണു പിന്നെ ഞങ്ങള്‍ പോയത്‌. സ്ത്രീകളേപ്പൊലെ അവര്‍ ഒന്നിച്ചുകൂടി സംസാരിക്കാറില്ല. ചിരിക്കാറില്ല്ല. പുതപ്പുകള്‍ക്കൊണ്ട്‌ പരമാവധി മൂടിപ്പുതച്ച്‌ കട്ടിലുകളില്‍ അവര്‍ ചുരുണ്ടുകൂടുന്നു. ഇടെയ്ക്കെപ്പോഴോ ചിലര്‍ പുറത്തെ ഊഞ്ഞാലില്‍ പോയിരിക്കുന്നു. കാറ്റുവന്നവരെ ഊഞ്ഞാലാട്ടുന്നു. ഓരോരുത്തരെയായി പരിചയപ്പെട്ടു. ചിലര്‍ക്ക്‌ ഇത്തരം ഔപചാരിക സന്ദര്‍ശകരെ വെറുപ്പാണ്‌. എങ്കിലും ഈ ഭവനത്തിന്റെ ഗെയിറ്റില്‍ വച്ചു തന്നെ ഔപചാരികതകളൊക്കെ കളഞ്ഞു പോയ ഞങ്ങളുടെ സൗഹൃദം അവര്‍ സ്വീകരിച്ചു. എഴുന്നേറ്റിരുന്നു വര്‍ത്തമാനം പറഞ്ഞു. ഇടയ്ക്കെപ്പോഴോ സങ്കടവും നിരാശയുമൊക്കെ വഴിമാറിനിന്നു. പകരം നാടും വീടും, പുഴയും യാത്രകളും രാഷ്ട്രീയവുമൊക്കെ കടന്നു വന്നു. പിന്നേയും നിശബ്ദതകളില്‍ സങ്കടങ്ങള്‍ തിരിച്ചു വന്നു. ഒരു കാലത്ത്‌ കുടുംബ പ്രാരാബ്ധങ്ങളുമായി മഹാ നഗരങ്ങളിലേയ്ക്കു തൊഴില്‍ തേടി പോയവരാണേറെയും. വീട്ടിലെ കടം വീട്ടി. പെങ്ങന്മാരെ കെട്ടിച്ചയച്ചു. അനിയന്മാരെ ഗള്‍ഫില്‍ വിട്ടു. വീടു പണിതു. അവസാനം സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നു പോയി. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ആര്‍ക്കും വലിയ പരിഗണനയൊന്നുമില്ല. പിന്നെ വഴികള്‍ തെറ്റി. ജീവിതത്തില്‍ ചില പിഴവുകള്‍. ഒരൊറ്റ നിമിഷത്തെ വീഴ്ചയാവാം ചിലരെ ഇവിടെയെത്തിച്ചത്‌. ഇഞ്ചക്ഷന്‍ സുചിയിലൂടേയും, രക്തമാറ്റത്തിലൂടെയും അസുഖം ബാധിച്ചവരുമുണ്ട്‌. രോഗം ബാധിച്ചതറിയാതെ വിവാഹം, ഭാര്യ, കുഞ്ഞ്‌. ഒരിക്കല്‍ അതറിഞ്ഞു. എങ്ങിനെയോ ഇവിടം വരെയെത്തി.

എയ്ഡ്സെന്നു മാത്രമല്ല ഒരു രോഗവും ചെയ്ത തെറ്റിനുള്ള ശിക്ഷയല്ലയെന്നെനിക്കു തോന്നുന്നു. ഇവര്‍ ചെയ്തതിനേക്കാള്‍ കഠിനമായ തെറ്റുകള്‍ (അല്ല, യഥാര്‍ത്ഥത്തില്‍ ഇവര്‍ എന്തു തെറ്റാണു ചെയ്തത്‌? ആരോടാണത്‌ ചെയ്തത്‌? കുറ്റം വിധിക്കാന്‍ നമ്മളാര്‌?) ചെയ്തവര്‍ സമൂഹത്തില്‍ പനപോലെ വളരുന്നുണ്ടല്ലോ.വേണ്ട, നമ്മളുടെ ചിന്തകളും രഹസ്യത്തില്‍ നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളും ഒരു രഹസ്യ ക്യാമറയില്‍ പകര്‍ത്തി സമൂഹത്തെ കാണിക്കുന്നുവെന്നു കരുതുക? നമ്മളില്‍ എത്ര പേര്‍ മാന്യന്മാരാകും? അതുകൊണ്ട്‌ എയ്ഡ്സ്‌ രോഗികള്‍ എല്ലാവരേക്കാളും പാപികളല്ല. അവര്‍ എല്ലാവരെയും പോലെ തന്നെ. ചിലപ്പോള്‍ നമ്മളേക്കാളൊക്കെ വളരെ നല്ലവര്‍.

നീണ്ട വരാന്തയ്ക്കൊടുവില്‍ അടച്ചിട്ടിരിക്കുന്ന ഒരു മുറി. കൂടെ നടന്ന ചെറുപ്പക്കാരനെ അനില്‍ എന്നു ഞാന്‍ വിളിക്കട്ടെ.
"ഇത്‌ അവസാന ഘട്ടമെത്തിയവരുടെ മുറിയാണ്‌. രോഗം ഏറ്റവും മൂര്‍ച്ഛിച്ചവര്‍ ഇതിനുള്ളിലാണ്‌. വേണമെങ്കില്‍ കയറിക്കോളൂ." അനില്‍ പറഞ്ഞു.
ചെരുപ്പൊക്കെ നന്നായി ധരിച്ച്‌ അനിലിന്റെയൊപ്പം ഞങ്ങള്‍ മുറിയില്‍ കയറി. അരണ്ട മഞ്ഞ വെട്ടം. നാലു ഇരുമ്പു കട്ടിലുകള്‍. മരുന്നിന്റേയോ ഏതൊക്കെയോ സ്രവങ്ങളുടേയോ രൂക്ഷ ഗന്ധം.ഒരു കട്ടില്‍ കാലിയാണ്‌. മൂന്നു കട്ടിലുകളില്‍ രോഗികള്‍ ഉണ്ട്‌. പെട്ടെന്നു തന്നെ ആ മുറിയില്‍ ഞങ്ങളേക്കൂടാതെ ഒരപരിചിതന്റെ സാന്നിദ്ധ്യമുള്ളതുപോലെ. രോഗികളുടെ കിടക്കയ്ക്കരുകില്‍ അസ്വസ്ഥതയോടെ തല ചൊറിഞ്ഞിരിക്കുന്ന ആ തണുത്ത അദൃശ്യത ഇവിടെ വല്ലാത്ത ഒരന്തരീക്ഷം സൃഷ്ടിക്കുന്നു. ഭിത്തിയോടു ചേര്‍ത്തിട്ടിരിക്കുന്ന രണ്ടു കട്ടിലുകള്‍. രോഗിയടക്കം കട്ടില്‍ വെള്ളത്തുണികൊണ്ട്‌ മൂടിയിരിക്കുന്നു.
"ഇവര്‍ സംസാരിക്കില്ല. ഭഷണംകഴിക്കില്ല. അനങ്ങില്ല. ജീവനുണ്ടെന്നു മാത്രം."ഇതു പറഞ്ഞുകൊണ്ട്‌ അനില്‍ ആ തുണി മാറ്റി.
നടുങ്ങിപ്പോയി! ചെറുതായിളകുന്ന ഒരസ്ഥികൂടം. ഉണങ്ങിയ ഒരു വിറകുകമ്പുപോലെ. അസ്ഥികള്‍ക്കുമേലെ സുതാര്യമായ ഒരാവരണം പോലെ മാത്രം ത്വക്ക്‌. ഒരു കണ്ണാടിയിലൂടെ എന്ന പോലെ ആ നേര്‍ത്ത തൊലിക്കപ്പുറം അസ്ഥികളും ആന്തരാവയവങ്ങളും ദൃശ്യമാണ്‌. ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ഭയങ്കരമായ കാഴ്ച. രോഗം മുര്‍ച്ഛിച്ചാല്‍ നമ്മുടെ മോട്ടോര്‍ ഒര്‍ഗന്‍സിന്റെ പ്രവര്‍ത്തനം നിലയ്ക്കും. പിന്നെ കൈ ഉയര്‍ത്താനോ കാലു മടക്കാനോ വാതുറക്കാനോ ഭഷണം ചവച്ചിറക്കാനോ പറ്റില്ലത്രേ. മുഖത്തൊരു കൊതുകു വന്നിരിന്നാല്‍ ആട്ടാന്‍ പോലും പറ്റില്ല. ഒപ്പം ശരീരത്തിലെ ദ്വാരങ്ങളില്‍കൂടി അത്യന്തം സാംക്രമികമായ സ്രവങ്ങള്‍ പ്രവഹിക്കും. അതുകൊണ്ടാണിങ്ങനെ മൂടിയിട്ടിരിക്കുന്നത്‌.ദൈവമേ എന്തൊരവസ്ഥ! ഇവരും മനുഷ്യരാണ്‌. എന്നേപ്പോലെ, എന്റെ മാതാപിതാക്കളേപ്പോലെ, സഹോദരങ്ങളേപ്പോലെ... ഇപ്പോഴും ചിന്തിക്കുന്നവര്‍. ഇവര്‍ സ്വപനം കാണുന്നുണ്ടാവുമോ? ഉണ്ടെങ്കില്‍ അതില്‍ എന്താവും?
അനില്‍ പറഞ്ഞു,"ഇവര്‍ ഇപ്പോള്‍ നമ്മളെ കാണുന്നുണ്ട്‌. പക്ഷേ ഒന്നും പ്രതികരിക്കാനാവില്ല."
തലയോടിലെ ഗര്‍ത്തത്തില്‍ കിടന്ന ഗോളങ്ങള്‍ ചെറുതായുരുണ്ടു. എന്താണാ കണ്ണുകള്‍ തിരഞ്ഞത്‌? ജീവിതമോ? അതോ മരണമോ?ഞങ്ങള്‍ മൂന്നാമത്തെ കട്ടിലിലേയ്ക്കു നടന്നു. ഉറങ്ങി കിടക്കുന്ന ഒരു മധ്യവയസ്ക്കന്‍. ശരീരമൊന്നും അത്രയ്ക്കു ക്ഷീണിച്ചിട്ടില്ല. വൈരൂപ്യവുമില്ല.
"കഴിഞ്ഞ ദിവസം പെട്ടെന്ന് പനിയും ഛര്‍ദ്ദിയും വന്നതുകൊണ്ടാണ്‌ ജോസേട്ടനെ ഇങ്ങോട്ടു മാറ്റിയത്‌. വേറെ കുഴപ്പമൊന്നുമില്ല. ഞാന്‍ വിളിക്കാം"
അനില്‍ ജോസേട്ടനെ വിളിച്ചു.
"ജോസേട്ടാ ഇതാരാ വന്നതെന്നു നോക്കിയേ. ഇവരോടു വര്‍ത്തമാനം പറഞ്ഞേ ജോസേട്ടാ".
ജോസേട്ടന്‍ ഉറക്കം തന്നെ. അനില്‍ കുലുക്കി വിളിച്ചു. നെഞ്ചില്‍ വച്ചിരുന്ന കൈകള്‍ ഒഴുകി കട്ടിലിലേയ്ക്കു വീണു. അനില്‍ ജോസേട്ടന്റെ കൈയിലെ നാഡി അമര്‍ത്തി നോക്കി. പിന്നെ അയാളുടെ മിഴിച്ച കണ്ണുകള്‍ തിരുമ്മിയടച്ചു. നിസ്സംഗതയോടെ ഞങ്ങളോട്‌ അനില്‍ പറഞ്ഞു.
"അതേയ്‌ ജോസേട്ടന്‍ മരിച്ചു. ഉച്ചക്ക്‌ ഭഷണം കഴിച്ചയാളാ" അനില്‍ ജോസേട്ടന്റെ ശരീരം നിവര്‍ത്തികിടത്തി. "ഞാന്‍ സിസ്റ്റേഴ്സിനോട്‌ വിവരം പറയട്ടെ".
അനില്‍ ഇറങ്ങി നടന്നു. ഞങ്ങള്‍ തരിച്ചു നിന്നു പോയി. ഒരു ചെറുപ്പക്കാരന്‍ മരിച്ചിരിക്കുന്നു. ആരും കരയുന്നില്ല. അലമുറകളില്ല. കഠിനമായ നിശബ്ദതയാണെങ്ങും. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ്‌ ജോസേട്ടന്‍ മരിക്കുന്നത്‌. അപ്പോള്‍ ഞങ്ങള്‍ ഇവിടെയുള്ളപ്പോഴായിരുന്നു അവന്‍ വന്നതും ജോസേട്ടനെക്കൂട്ടി പോയതും!
ഞങ്ങള്‍ തിരിച്ചു പോകാറായപ്പോഴേയ്ക്കും സിസ്റ്റേഴ്സ്‌ മൃതദേഹം ലളിതമായി ഒരുക്കി. മെഴുകുതിരികളും ചന്ദനത്തിരിയും കത്തിച്ചു വച്ചു. ആരുടേയും മുഖത്ത്‌ പ്രത്യേക വികാരങ്ങളില്ല. ഒരു സാധാരണ സായാഹ്നം അത്രതന്നെ. ഒരു കൊച്ചു തേങ്ങല്‍ മാത്രം അതിനിടയില്‍ കേട്ടു. നമ്മുടെ ലിറ്റിയാണ്‌. ഒരു സിസ്റ്റര്‍ ലിറ്റിയെ മടിയിലിരുത്തി പറഞ്ഞുകൊടുക്കുന്നു.
"എന്തിനാ മോളേ നീ കരയുന്നത്‌? ആറുമാസം മുന്‍പല്ലേ നിന്റെയമ്മ ഈശോയുടെ അടുത്തേയ്ക്കു പോയത്‌. കഴിഞ്ഞയാഴ്ച നിന്റെ ചേട്ടന്‍ പോയി. ഇപ്പോള്‍ നിന്റെ പപ്പായും. ഉടനേ തന്നെ നിനക്കും അവരുടെ അടുത്തേയ്ക്കു പോകാലോ? "
ലിറ്റി കണ്ണുനീര്‍ തുടച്ചു. ചിരിച്ചു. സിസ്റ്ററിന്റെ മടിയില്‍ നിന്നും വഴുതിയിറങ്ങി.

എയ്ഡ്സ്‌ ഹോമിനു ചുറ്റും ഇരുട്ടു പരക്കുന്നു. ഇരുട്ടില്‍ തെളിയുന്ന വിളക്കുകള്‍. ഞങ്ങള്‍ക്കു പോകുവാനുള്ള സമയമായി.യാത്ര പറഞ്ഞു ഞങ്ങളിറങ്ങി.

അപ്പോഴേയ്ക്കും സിറ്റൗട്ടില്‍ ലിറ്റിയിട്ട പൂക്കളം വെയിലേറ്റു വല്ലാതെ വാടിയിരുന്നു.

Thursday, May 14, 2009

മേല്‍ക്കൂരയില്ലാത്ത വീട്‌

('വേദനിക്കിലും വേദനിപ്പിക്കിലും വേണമീ സ്നേഹ ബന്ധങ്ങളൂഴിയില്‍' ഏറെ സത്യമെന്നു കരുതി നെഞ്ചേറ്റിയ കവി വാക്യങ്ങളായിരുന്നൂ, ഇവ. പക്ഷേ ഒരു സ്നേഹ ബന്ധത്തിന്റെ കണ്ണിയറ്റപ്പോഴല്ലേ ഇപ്പറഞ്ഞ വേദന മനസ്സിലാവുന്നത്‌. എന്തിന്റെയൊക്കെയോ പേരില്‍ ഒരു സൗഹൃദം ഇല്ലാതാവുകയെന്നത്‌ മരണകരമാണ്‌. അത്തരം ഒരനുഭവത്തിന്റെ കഴിഞ്ഞ രാത്രിയില്‍ കുറിച്ചതാണീ വരികള്‍. എന്നെയേറ്റവും കരയിപ്പിച്ചിട്ടുള്ളത്‌ മാമ്പഴം എന്ന കവിതയാണ്‌. അതുകൊണ്ടീ കവിതയും അതിന്റെ ഈണത്തിലാവട്ടെ.)

ഇടവപ്പകുതിയില്‍
‍അന്നാപ്പെരു മഴയില്‍
‍ഒരു കാറ്റിലെന്‍ വീടിന്‍
‍മേല്‍ക്കൂര പറന്നുപോയ്‌.

ഇന്നെന്‍ സുഹൃത്തിനെന്നോ-
ടുള്ളോരൂ പരിഭവം
തീരായ്കില്‍ വീണ്ടും വീണ്ടും
ഞാന്‍ നനഞ്ഞു പോയിടും.

സങ്കട മഴയുടെ
നേരത്തെന്‍ ഹൃദയത്തിന്‍
‍മേല്‍ക്കൂരയായിരുന്നു-
എന്‍പ്രിയ കൂട്ടുകാരന്‍.

ഗ്രീഷ്മം തിളച്ചീടുന്ന
ജീവിത സമയത്ത്‌
ആല്‍മരത്തണലായീ
എന്‍ പ്രിയകൂട്ടുകാരന്‍.

ഇപ്പോഴാ തണല്‍ മരം
മഴയില്‍ ഒലിച്ചു പോയ്‌.
മേല്‍ക്കൂരയാണെങ്കിലോ
കാറ്റിലും തകര്‍ന്നു പോയ്‌.

ചൊരിയും മഴയില്‍ ഞാന്‍
തണുത്തു കുളിരുന്നു.
തീവേനല്‍ നാവുകളെന്‍
ദിനങ്ങള്‍ നക്കീടുന്നു.

പുഞ്ചിരി തൂവീടുന്ന
ആ മുഖ വിതാനത്ത്‌
വെറുപ്പിന്‍ മുകിലുകള്‍
‍ഇരുളായ്‌ പടരുന്നു.

വാത്സല്യം വിളമ്പുന്ന
വാക്കുകള്‍ എല്ലാമിപ്പോള്‍
‍പരിഹാസത്തിന്‍ കയ്പ്പില്‍
‍വല്ലാതെ ചൊരിയുന്നു.

ആ തിരു സൗഹൃദത്തിന്‍
‍ആകാശമില്ലെങ്കിലെന്‍
‍സ്വപ്നത്തിന്‍ നിറമെല്ലാം
രാവിന്റെ കറുപ്പാകും.

ആ മഹാ സൗഹൃദത്തിന്‍
‍തണലിലല്ലെങ്കിലോ
എന്‍ ആശാ മുകുളങ്ങള്‍
‍കരിഞ്ഞു പോകുമല്ലോ.

നിദ്രാവിഹീനം രാവ്‌
പകലോ ഏകാന്തവും.
കണ്ണീരും ഒരുപാട്‌
സങ്കട സ്മൃതികളും.

എന്തു ഞാന്‍ പറയണം
എന്നെനിക്കറിയില്ല.
എങ്കിലും നിനക്കെന്നെ
മറക്കാന്‍ കഴിയുമോ?

കടലിന്നാഴത്തോളം
സൗഹൃദം നെഞ്ചിലേറ്റി
സുഹൃത്തേ നിനക്കു ഞാന്‍
‍നേരുന്നൂ കണ്ണീര്‍പ്പൂക്കള്‍.

Wednesday, May 6, 2009

പ്രണയത്തിന്റെ ഭൂപടത്തിലില്ലാത്തത്‌...

പ്രണയത്തിന്റെ ഭൂപടത്തിലൊരു കടലുണ്ട്‌,
കണ്ണുനീരിന്റെ .
പ്രണയത്തിന്റെ ഭൂപടത്തിലൊരു കൊടുമുടിയുണ്ട്‌,
മോഹങ്ങളുടെ .
പ്രണയത്തിന്റെ ഭൂപടത്തിലൊരു ആകാശമുണ്ട്‌,
സ്വപ്നങ്ങളുടെ .
പ്രണയത്തിന്റെ ഭൂപടത്തിലൊരു അഗ്നിപര്‍വ്വതമുണ്ട്‌,
കാമനകളുടെ .
പ്രണയത്തിന്റെ ഭൂപടത്തിലൊരു മരുഭൂമിയുണ്ട്‌,
മൗനത്തിന്റെ .
പ്രണയത്തിന്റെ ഭൂപടത്തിലൊരിക്കലുമില്ലാത്തത്‌,
നെടുകേയും കുറുകേയും വരച്ച
ജീവിതത്തിന്റേയും , മരണത്തിന്റേയും
അക്ഷാംശ രേഖാംശങ്ങള്‍.

Thursday, April 23, 2009

ഉച്ച കഴിഞ്ഞ്‌...

ള്ളിക്കൂടത്തിലെ എല്ലാ നേരവും സുന്ദരമാണ്‌. പുസ്തകക്കെട്ടും ചൂട്‌ ചോറ്റുപാത്രവും മഴക്കുടകളുമായി നാട്ടുവഴികളിലൂടെ വഴക്കിട്ടും കൂട്ടുകൂടാന്‍ വേണ്ടി മാത്രം പിണങ്ങിയും, പൂക്കളോടും പുഴയോടും പൂത്തുമ്പിയോടും കുശലം പറഞ്ഞുംകൊണ്ടുള്ള രാവിലത്തെ വരവ്‌. പീരിയഡുകള്‍ക്കിടയിലെ നീളം കുറഞ്ഞ ഇടവേളകള്‍. ചുവരെഴുത്തുകളുടെ അജന്താ ഗുഹകളായ മൂത്രപ്പുരയിലേയ്ക്കുള്ള തീര്‍ത്ഥാടനം. പിന്നെ, ഇനിയും ചൂടാറാത്ത പൊതിച്ചോറിന്റെ ഉന്മാദത്തിലേയ്ക്കൊരു ഉച്ചയൂണ്‌. അവസാനം, നാലാം മണിയും ജനഗണമനയും കഴിഞ്ഞ്‌ അമ്മേ വിശക്കുന്നേ എന്നും പറഞ്ഞ്‌ വീട്ടിലേയ്ക്കൊരോട്ടം.

ഇതിലേറ്റവും മനോഹരം ഉച്ചകഴിഞ്ഞുള്ള പള്ളിക്കൂടമാണെന്നെനിക്കു തോന്നുന്നു. അപൂര്‍വ്വ സുന്ദരമാണാ സമയം. നമ്മള്‍ക്കത്‌ അധികം ആസ്വദിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല. കാരണം ഒരവയവം കണക്കേ നാമ്മളപ്പോള്‍ പള്ളിക്കൂടത്തിന്റെ ഒരു ഭാഗം തന്നെയായി ക്ലാസിലല്ലേ. ഉച്ചയൂണിന്റെ നിര്‍വൃതിയില്‍, ഓടിച്ചാടി നടന്നതിന്റെ സുഖതളര്‍ച്ചയില്‍, ഒരുച്ചമയക്കത്തിന്റെ ആറ്റുതൊട്ടിലില്‍ നമ്മളങ്ങനെ ഇരിക്കുകയായിരിക്കും അപ്പോള്‍. അവിടിരുന്ന് ജനാലയിലൂടെ പുറത്തേയ്ക്ക്‌ നോക്കിയാല്‍ കാണാം, സ്കൂള്‍ മുറ്റം.

വെയിലാറിത്തുടങ്ങുന്നു. തീക്ഷ്ണവെട്ടത്തിന്‌ മഞ്ഞ നിറമേറുന്നു. അന്തരീക്ഷത്തിന്‌ ആകപ്പാടെ പൊതിച്ചോറിന്റെ ഗന്ധമാണ്‌. വാടിയ ഇലയുടെ, വെന്ത ചോറിന്റെ പേരറിയാത്ത അനേകം കറികളുടെ കൂടിക്കുഴഞ്ഞ ലഹരിപിടിപ്പിക്കുന്ന ഗന്ധം. കുട്ടികളൊക്കെ ക്ലാസ്സിലാണ്‌. ഹോട്ടലില്‍നിന്ന് ചോറുണ്ട സംഗീതം മാഷ്‌ പിന്‍ വരാന്തയില്‍ പോയി നിന്ന് ഒരു സിഗരറ്റ്‌ വലിക്കുന്നു. കാര്യമായി ക്ലാസുകളില്ലാത്ത ഡ്രോയിംഗ്‌ മാഷ്‌ ആളൊഴിഞ്ഞ സ്റ്റാഫ്‌ റൂമിലെ ബഞ്ചില്‍ കാല്‌ നീട്ടി വച്ചുറങ്ങുന്നു. കുട്ടികളെ അടിക്കാന്‍ അവരെക്കൊണ്ടുതന്നെ വടികൊണ്ടുവരീക്കുന്ന വര്‍ക്കി മാഷിന്റെ ക്ലാസില്‍നിന്നും കുറെ കുട്ടികള്‍ വടി തേടി ഇറങ്ങുന്നു. ഉച്ച സമയത്ത്‌ പള്ളിപ്പറമ്പീന്ന് തേങ്ങ കട്ടു തിന്ന മുണ്ടുടുത്ത രണ്ട്‌ പത്താം ക്ലാസുകാര്‍ അടി വാങ്ങി ഹെഡ്‌ മാഷിന്റെ ഓഫീസില്‍ നിന്നും മടങ്ങുന്നു. വിശപ്പിനേക്കാള്‍ എത്രയോ നിസ്സാരമാണീ അടിയെന്ന് മണ്ടന്‍ മാഷിനറിയില്ലല്ലോ എന്നോര്‍ത്ത്‌ അവര്‍ ഉള്ളില്‍ പൊട്ടിച്ചിരിക്കുന്നു.


പള്ളിക്കൂടമിപ്പോള്‍ ഒരു തേനീച്ചക്കൂട്‌ പോലെ ഇരമ്പുകയാണ്‌. കുട്ടികളുടെ സ്വരം, അദ്ധ്യാപകരുടെ സ്വരം, അതിനും മേലെ പള്ളിക്കുടമുറ്റത്തെ പൊതിച്ചോറിന്റെ അവശിഷ്ടങ്ങള്‍ കൊത്തിപ്പെറുക്കുന്ന കാക്കകളുടെ കരച്ചില്‍. ആ ഇരമ്പത്തില്‍ കനകച്ചിലങ്ക കിലുങ്ങുന്നു. പാത്തുമ്മായുടെ ആട്‌ കരയുന്നു. അങ്കണത്തൈമാവുകള്‍ മാമ്പഴം പൊഴിക്കുന്നു. വോള്‍ട്ടയര്‍ ഗ്രന്ഥമെഴുതുന്നു. അത്‌ ഫ്രഞ്ച്‌ വിപ്ലവത്തിന്‌ തീക്കനലാകുന്നു. ടെന്‍സിംഗും ഹിലാരിയും എവറസ്റ്റിനു മേലേ നിന്ന് ചിരിക്കുന്നു. സബര്‍മതിയില്‍ നിന്നും രഘു പതി രാഘവ രാജാ റാം എന്നാരോ പാടുന്നു. മാഗല്ലന്‍ ഉലകം ചുറ്റാനിറങ്ങുന്നു. ഹിരോഷിമയില്‍ ആറ്റംബോംബ്‌ ചിരിക്കുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസുകള്‍ പ്രതിരോധക്കോട്ടകള്‍ തകര്‍ത്ത്‌ സാമ്രാജ്യങ്ങളെ ഇല്ലാതാക്കുന്നു. ഹൈഡ്രജനും ഓക്സിജനും ചേര്‍ന്ന് പച്ചവെള്ളമുണ്ടാകുന്നു. അതിനിടയില്‍ ഒരു പ്രവാചാകന്‍ and I have miles to go before I sleep... എന്ന് കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോള്‍ പള്ളിക്കുടം ദൈവത്തേപ്പോലെ. എല്ലാമറിയുന്ന, അറിവ്‌ തന്നെയായ ദൈവത്തേപ്പോലെ.


ഉച്ചക്കെന്തൊരു അഴകാണ്‌! പ്രഭാതത്തിനാണെങ്കില്‍ പുതുപൂക്കളുടെ ഗന്ധമുണ്ട്‌. തൂമഞ്ഞിന്റെ സാന്ദ്രതയുണ്ട്‌. സായന്തനത്തിനാണെങ്കില്‍ കോടി വര്‍ണ്ണങ്ങളുണ്ട്‌. അസ്തമയത്തിന്റെ ആകാശ സൗന്ദര്യമുണ്ട്‌. പക്ഷേ ഉച്ചയ്ക്കെന്താണുള്ളത്‌? കനത്ത ചൂട്‌. കണ്ണഞ്ചിപ്പികുന്ന സൂര്യ വെളിച്ചം. തളര്‍ച്ച. ഇലകളും പൂക്കളും ജീവനുള്ളതൊക്കെയും വാടിത്തളര്‍ന്ന് നില്‍ക്കുന്നു. പാറപ്പുറത്ത്‌ വെയില്‍ കാഞ്ഞ്‌ കിടക്കുന്ന ഇഴ ജന്തുക്കള്‍.സൂര്യ താപമേറ്റ്‌ ചൂട്‌ പിടിക്കുന്ന പുഴ വെള്ളം. ജീവികളുടേയും സസ്യങ്ങളുടേയും നെറുകയിലെത്തുന്ന സൂര്യന്‍ നിഴലുകളെ ആകെ വര്‍ത്തുളമാക്കുന്നു. യാത്രികരൊക്കെ നടത്തം നിറുത്തി തണല്‍മരച്ചോടുകളില്‍ വിശ്രമിക്കുകയാണ്‌. വഴിയമ്പലങ്ങളോ തണലിടങ്ങളോ കണ്ടെത്താത്തവര്‍ കൊടുംചൂടില്‍ ഏന്തി വലിഞ്ഞ്‌ നടക്കുകയാണ്‌. പുഴയോരത്തെ പുല്‍പ്പരപ്പില്‍ മേഞ്ഞു നടന്ന കാലികള്‍ കനത്തചൂടില്‍ പുഴയിലേയ്ക്കിറങ്ങുന്നു. ചെളിക്കണ്ടത്തിലെ വെള്ളക്കുഴികളില്‍ മുക്കാലും മുങ്ങിക്കിടക്കുകയാണ്‌ കരിമ്പോത്തുകള്‍. വീട്ടിലെ പാണ്ടന്‍ നായ നാവ്‌ മുഴുവനും പുറത്തേയ്ക്കിട്ട്‌ നിറുത്താതെ അണയ്ക്കുകയാണ്‌. ചെമ്പന്‍ പൂച്ചയാവട്ടെ ചാണകം മെഴുകിയ തിണ്ണയുടെ തണുപ്പില്‍ പറ്റിച്ചേര്‍ന്ന് കിടന്നുറങ്ങുന്നു.

ആലസ്യമാര്‍ന്ന ഈ ഉച്ചയുടെ സൗന്ദര്യം കാണാന്‍ പഠിപ്പിച്ചത്‌ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലാണ്‌. ഖസാക്കില്‍ വന്നതിന്റെ അടുത്ത ദിവസം ഉച്ചയ്ക്ക്‌ രവി പുറത്തേയ്ക്കിറങ്ങി. പുഴയോളം നടന്നു. ഉച്ചവെയിലില്‍ സസ്യജാലങ്ങളൊക്കെ മയങ്ങി നില്‍പ്പാണ്‌. നാട്ടുവഴിയിലെ പുല്ലും കരിമ്പനകളും എല്ലാം. ഒരു ധ്യാനത്തിലെന്നോണം. ശരിയാണ്‌. ഉച്ചയുടെ ഈ മഹാ മൗനമുണ്ടല്ലോ. അത്‌ ഏറ്റവും ആഴമുള്ള ഒരു ധ്യാനമാണ്‌. ഈ സമയത്ത്‌ പ്രകൃതിയില്‍ നിറയുന്ന ഊര്‍ജ്ജം പവിത്രമാണ്‌.

ഉച്ച, മനുഷ്യജീവിതത്തിന്റെ മദ്ധ്യാഹ്നം പോലെ തോന്നും ചിലപ്പോള്‍. ബാല്യ കൗമാരങ്ങളൊക്കെ ഏറെ സുഗന്ധമുള്ള, ഫ്രെഷായ, സൗന്ദര്യപ്രധാനമായ പുലരി പോലെയാണ്‌. വാര്‍ദ്ധക്യമാവട്ടെ സന്ന്യാസത്തിന്റെ സമയമാണ്‌. മഹാനിര്‍വൃതിയുടെ കാലം. മോക്ഷപ്രാപ്തിയോട്‌ ചെര്‍ന്നു നില്‍ക്കുന്ന മുഹൂര്‍ത്തം. ശരീരം ഉപേക്ഷിക്കുകയേവേണ്ടൂ, ഈശ്വരനില്‍ ലയിക്കാന്‍. അത്രയ്ക്ക്‌ വിശുദ്ധിയും ശാലീനതയും ഉണ്ട്‌ സായന്തനത്തിന്‌. എന്നാല്‍ ജീവിതത്തിന്റെ മദ്ധ്യാഹ്നം നട്ടുച്ചപോലെ തീച്ചൂളയാണ്‌. തളര്‍ച്ച, അസംതൃപ്തി, കഠിനത, പാരുഷ്യം, മയക്കം. കാര്യമായ നിറമൊന്നുമില്ല. എന്നാലും മദ്ധ്യാഹ്നം ഏറെ സുന്ദരം തന്നെ. പക്വതയുടെ കാലമാണത്‌. എല്ലാറ്റിലും മേലെ മൗനത്തിന്റെ, ധ്യാനത്തിന്റെ അഴകുള്ള യോഗമുഹൂര്‍ത്തം. കാരണം, ഉച്ച സമയങ്ങളില്‍ വിജനമായ പള്ളിവാതിലുകള്‍തുറന്ന് ദൈവം പ്രകൃതിയിലേയ്ക്ക്‌ നടക്കാനിറങ്ങുന്നു.

Tuesday, April 7, 2009

ഇവിടെ ഭൂമി കുലുങ്ങുന്നു...

പ്രില്‍ 6, തിങ്കളാഴ്ച. ഇപ്പോള്‍ സമയം രാത്രി പത്തു മണി. റോമിലെ ഒരു നാലുനില കെട്ടിടം. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ അവസാന മുറിയിലിരുന്ന് ഞാനിതെഴുതുമ്പോള്‍ ഇവിടെ നിന്നും തൊണ്ണൂറു കിലോമീറ്റര്‍ അകലെ അക്വീലാ എന്നൊരു നഗരത്തില്‍ നിന്നും വിലാപങ്ങള്‍ ഉയരുകയാണ്‌. ഇന്നു രവിലെ മൂന്നരയ്ക്ക്‌ ഇവിടെ ഭൂചലനമുണ്ടായി. വളരെ പുരാതനമായ കെട്ടിടങ്ങളായിരുന്നു ഏറെയും. അവയില്‍ പലതും തകര്‍ന്നുവീണു. ഇപ്പോള്‍ കേട്ട രാത്രി വാര്‍ത്തയില്‍ മരണ സംഖ്യ 160 കടന്നിരിക്കുന്നു. പരുക്കേറ്റ ആയിരങ്ങള്‍ ആശുപത്രിക്കിടക്കകള്‍ നിറയ്ക്കുന്നു.


ടെലിവിഷനില്‍ കണ്ടൂ, ചിന്നിത്തെറിച്ച കോണ്‍ക്രീറ്റു കഷണങ്ങള്‍ക്കിടയില്‍ ജീവനും മരണവും മാംസവും കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തകരുടെ യൂണീഫോമിന്റെ മഞ്ഞയും ചുമപ്പും ചേര്‍ന്ന ഉജ്ജ്വല വര്‍ണ്ണങ്ങള്‍ ക്യാമറയെ മറയ്ക്കുന്നു.ഇന്നലെ രാത്രിയില്‍ മമ്മിയും പപ്പയും ഉറങ്ങിയത്‌ ദേ ഈ മുറിയിലെന്നു ഒരു കുട്ടി രക്ഷാ പ്രവര്‍ത്തകരെ കാട്ടിക്കൊടുക്കുന്നു. പിന്നെ, പൂഴിയില്‍ പൂണ്ട അച്ഛനമ്മമാരുടെ മൃതദേഹങ്ങള്‍ക്കു പിന്നാലെ അവന്‍ നടന്നു പോകുന്നു. അവന്റെ വഴികള്‍ കോണ്‍ക്രീറ്റു പൊടികളില്‍ തീരെ തെളിച്ചമില്ലാതാവുന്നു! മൃതദേഹങ്ങള്‍ പരതിപ്പോയ നായ കല്‍ക്കൂമ്പാരങ്ങളില്‍ കുടുങ്ങിയ ഒരു കുടുംബ ഫോട്ടോയ്ക്ക്‌ മുമ്പില്‍ നിശ്ചലനായി നിന്നു. ദുരന്തത്തെ അതിജീവിച്ചവര്‍ ഗാഢമായ ആലിംഗനങ്ങളില്‍ മണിക്കൂറുകളോളം അമരുന്നു. രണ്ടു കണ്ണുനീര്‍തുള്ളികള്‍ കൂടി ചേരുമ്പോള്‍ അവയില്ലാതാവുന്നു എന്ന സ്നേഹ രാസമാറ്റത്തിന്റെ പരീക്ഷണ ശാലകളായി അവരുടെ കണ്ണുകള്‍ മാറുന്നു. ക്ലബ്‌ ഫുട്ബോളിന്റെ ഉന്മാദങ്ങള്‍ക്ക്‌ തീകൊളുത്തുന്ന ഇറ്റാലിയന്‍ ടെലിവിഷന്‍ സ്ക്രീനുകള്‍ മൗനമാകുന്നു, ദു:ഖസാന്ദ്രമാകുന്നു.
വാര്‍ത്തയ്ക്കിടയില്‍ ഇറ്റലിയില്‍ ഇതിനുമുന്‍പുണ്ടായിട്ടുള്ള ഭൂചലനങ്ങളുടെ ചരിത്രം... അവയില്‍ മരിച്ച പതിനായിരങ്ങളുടേയും ലക്ഷങ്ങളുടേയും എണ്ണം.... ചില പഴയ വീഡിയോകള്‍... ഒക്കെ ചേര്‍ന്ന് രാത്രിയോടൊപ്പം ഭയവും ചരിത്രത്തിന്റെ കുളമ്പടികള്‍ വിലയം കൊണ്ടിരിക്കുന്ന റോമിന്റെ ആകാശത്തെ പൊതിയുന്നു.വീഡിയോകളിലൊന്നില്‍ ഇതാ ഒരു പടുകൂറ്റന്‍ ദേവാലയം ഇടിഞ്ഞൂര്‍ന്നു വീഴുന്നു. നിലം പൊത്തിയ മണലിന്റേയും സിമന്റിന്റേയും കൂമ്പാരത്തില്‍ നിന്നും പൊടിപടലം ഒരു മഹാപര്‍വ്വതം കണക്കേ ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങുന്നു. ആ ധൂമ പ്രളയത്തില്‍ അനേകമാത്മാക്കള്‍ കൂടു വിട്ട്‌ പ്രകാശ വര്‍ഷങ്ങളുടെ കൈ പിടിക്കുന്നു. സീസ്മോഗ്രാഫിക്‌ സ്റ്റേഷനുകളിലെ നിറം പൊളിഞ്ഞ സ്പന്ദമാപിനികളുടേയും റിക്ടര്‍ സ്കെയില്‍ കുത്തി വരച്ചിട്ട ഗ്രാഫുകളുടേയും ചിത്രങ്ങള്‍ വല്ലാതെ ഭയപ്പെടുത്തുന്നു. രക്ഷാ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനോടൊപ്പം പുത്തന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി ബര്‍ല്ലിസ്കോണി. മരിച്ചവരുടെ സങ്കടങ്ങളില്‍ ഇറ്റാലിയന്‍ ജനതയോടൊപ്പം അദ്ദേഹവും പങ്കുചേരുന്നു. വാര്‍ത്തയിലെ അവസാന വാചകം എന്റെ നെഞ്ചിലിപ്പോള്‍ നടുക്കമായി നിലകൊള്ളുന്നു. അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടേക്കാം . ജാഗ്രത പുലര്‍ത്തണം!

ഇന്നു രാവിലെ മൂന്നര. ഞാന്‍ ഒരു സ്വപ്നത്തിലായിരുന്നു. തെങ്ങോലയും ഇളം വെയിലുമൊക്കെയുള്ള ഒരു സ്വപ്നം. പതിവുപോലെ നാടു തന്നെ യായിരുന്നു പശ്ചാത്തലം. പെട്ടെന്ന് ഞാനൊരു ഊഞ്ഞാലില്‍ ആടുന്നതു പോലെ. ഇടതു വശത്തേയ്ക്ക്‌ എന്റെ കട്ടില്‍ ആയത്തില്‍ ഒന്നാഞ്ഞു പോയി.പിന്നെ പൊടുന്നനേ വലതു വശത്തേയ്ക്കും അതേ ആട്ടം. ഞെട്ടി കണ്ണ്‍ മിഴിച്ചു. ലൈറ്റിട്ടു. എഴുന്നേറ്റ്‌ കാല്‌ നിലത്തുറപ്പിച്ചപ്പോള്‍ തറയില്‍ നേരിയ കമ്പനം. ഉറക്കത്തിന്റേയും ഉണര്‍വിന്റേയും സ്നിഗ്ദ്ധമായ മുഹൂര്‍ത്തം. പച്ചവെള്ളം നിറച്ചു വച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്‌ കുപ്പികള്‍ ചെറുതായി ഒന്നാടി അമര്‍ന്നിരിക്കുന്നു. ഉറക്കം വിട്ടെഴുന്നേറ്റ നാഡികളിപ്പോള്‍ ഭൂകമ്പമെന്ന തിരിച്ചറിവില്‍ പ്രവര്‍ത്തനസജ്ജമാകുന്നു.

ഒരു നിമിഷം! എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു. എന്റെ മുറി ഏറ്റവും അവസാനത്തേതാണ്‌. മുറിയുടെ മൂന്നു വശവും പൊതിഞ്ഞു നില്‍ക്കുന്ന തണുത്തു നരച്ച ആകാശം ജനാലയുടെ വിടവിലൂടെ കണ്ടു. അങ്ങു ദൂരെ കടലുകള്‍ക്കുമപ്പുറത്ത്‌, വില്ലേജ്‌ ആഫീസ്‌ പടിയ്ക്കല്‍ ബസിറങ്ങി, പുഴ കടന്ന് കാലി മേയുന്ന പുല്‍മേടും മണ്‍ റോഡും കടന്ന് റബ്ബര്‍ തോട്ടം മുറിച്ച്‌ മാഞ്ചോട്ടിലെത്തി നില്‍ക്കുന്ന ഒരു വഴി ഓര്‍മ്മയില്‍ തെളിയുന്നു. എന്റെ വീട്ടിലേയ്ക്കുള്ള വഴി! മാഞ്ചോട്ടില്‍ നിന്നുമിറക്കമിറങ്ങിയാല്‍ ഓണത്തിന്‌ ഊഞ്ഞാലു കെട്ടുന്ന കശുമാവും ശൈശവവും ബാല്യവും എന്റെ കൈകളാല്‍ പരിരക്ഷിക്കപ്പെട്ട ചെറു നാരകവും പിന്നിട്ട്‌ വഴി ഒരു ചെമ്പകച്ചോട്ടിലെത്തി നില്‍ക്കും. എന്റെ വീടിന്റെ മുറ്റം.ചെമ്പകത്തിന്റെ താഴത്തെ താണ കൊമ്പില്‍ പതുങ്ങി ഇരിക്കുന്ന ചെമ്പന്‍പൂച്ച ഏതോ ഒരിരയുടെ അനക്കം കണ്ട്‌ കുടമുല്ലകളിലേയ്ക്ക്‌ ചാടുന്നു. പൗര്‍ണ്ണമി പൂത്തു നില്‍ക്കുന്ന അടുക്കള മുറ്റത്ത്‌ അമ്മയുടെ നിഴല്‍. അകത്ത്‌ ചേട്ടന്മാരുടെ, ചേച്ചിയുടെ വര്‍ത്തമാനം പറച്ചില്‍. രൂപക്കൂടിനു മുന്‍പില്‍ തിരികത്തിക്കുന്ന ചാച്ചന്‍. തിരിയുടെ സൗമ്യവെളിച്ചത്തില്‍ ഓര്‍മ്മ വച്ച നാള്‍ മുതല്‍ പരാതിയും പരിഭവങ്ങളും കേട്ട്‌ കൂടെ കരഞ്ഞ, ചിരിച്ച തിരുഹൃദയം!

മുറിയുടെ വാതില്‍ തള്ളിത്തുറന്നു. എമര്‍ജന്‍സീ എക്സിറ്റ്‌ എന്റെ മുറിയുടെ തൊട്ടരുകിലാണ്‌. ഡോര്‍ വലിച്ചു തുറന്നു ഞാന്‍ പുറത്തേയ്ക്കിറങ്ങി. താഴേ നിന്നുള്ള സ്റ്റെയര്‍കേയ്സ്‌ ഇവിടെ അവസാനിക്കുന്നു. കൈവിരിയില്‍ പിടിച്ചു താഴേയ്ക്ക്‌ നോക്കി. രാത്രി വെളിച്ചത്തില്‍ അത്രയ്ക്ക്‌ വ്യക്തമായില്ലെങ്കിലും നാലു നിലകളുടെ ഉയരം മനസ്സിലായി. കൈ വിരിയില്‍ അമര്‍ത്തിപിടിച്ച്‌ കണ്ണടച്ചു. ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ട ചലനം അവസാനിച്ചു. ചുറ്റു വട്ടത്തില്‍ മറ്റുള്ള സുഹൃത്തുക്കളൊക്കെ വിറങ്ങലിച്ചു നില്‍പ്പാണ്‌. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി മുപ്പതു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒന്നിച്ചു താമസിക്കുന്ന സ്ഥലമാണിത്‌. എവിടെയാണെങ്കിലും മനുഷ്യന്റെ വികാരങ്ങള്‍ സമമാണെന്ന് എനിക്കപ്പോള്‍ മനസ്സിലായി. വെള്ള ക്യാന്‍ വാസില്‍ കൂര്‍ത്ത പെന്‍സില്‍ കൊണ്ടു വരച്ചു വച്ചതുപോലെയുള്ള ചൈനാക്കാരന്റെ കുഞ്ഞുകണ്ണുകളില്‍, ഉരുണ്ടുന്തിയ കറുത്ത നെറ്റിത്തടങ്ങള്‍ക്കു താഴെ ഒരു പുലിമടപോലെ കാണുന്ന റുവാണ്ടാക്കരന്റെ കണ്ണുകളില്‍, സാമ്പയും ഫുട്ബോളും ഒരുപോലെ വിടര്‍ത്തുന്ന ബ്രസീലുകാരന്റെ കണ്ണില്‍, സഖാവ്‌ ചെഗുവേരയുടെ നാട്ടുകാരന്‍ ബൊളീവിയാക്കാരന്റെ കണ്ണില്‍,അതികായനായൊരു യുണൈറ്റഡ്‌ സ്റ്റേറ്റുകാരന്റെ കണ്ണില്‍, അപരന്റെ കണ്ണില്‍ തത്ത്വമസിയുടെ ക്ഷേത്ര ദര്‍ശനം നടത്തുന്ന ഇന്ത്യാക്കാരന്റെ കണ്ണില്‍ അങ്ങനെ നൂറു കണ്ണുകളില്‍ ഇപ്പോള്‍ ഒരൊറ്റ ഭാവമേയുള്ളൂ. ഭീതി. മൂന്നരമണിയിലെ ഈ പുലര്‍ച്ചയില്‍ ഈ കെട്ടിടത്തെ പൊതിയുന്ന അന്തരീക്ഷം വല്ലാതെ തണുത്തിരിക്കുന്നു. ആരുടേയോ തീരെ തണുത്ത നിര്‍വ്വികാരമായ നീണ്ട വിരലുകള്‍ പോലെ അതെന്നെ തൊടുന്നു.

കൊച്ചു റേഡിയോകള്‍ ചിലച്ചു. ഈ രാത്രിയില്‍ ഇനിയെന്തുവെണമെന്ന ആലോചനയ്ക്കിടയില്‍ ആരോ പറഞ്ഞു. ഇവിടെ അടുത്ത്‌ അക്വീലയിലാണു ഭൂകമ്പത്തിന്റെ ഉത്ഭവം. അവിടെ കെട്ടിടങ്ങള്‍ താഴെ വീണു. എങ്കിലും ഇനിയിപ്പോള്‍ തുടര്‍ ചലനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലത്രേ. എവിടേയോ ഉണ്ടായ ഭൂചലനത്തിന്റെ തരംഗങ്ങള്‍ മാത്രമാണിത്‌. ഓരോരുത്തരായി മുറികളിലേയ്ക്ക്‌ മടങ്ങി. ഞാനും നേരിയ ആശ്വാസത്തോടെ തിരിച്ചു മുറിയില്‍ വന്നു കതകടച്ചു. ലൈറ്റ്‌ ഓഫാക്കി. പെട്ടെന്ന് പരന്ന ഇരുട്ട്‌ ഒരു വന്യ ജീവിയെ പോലെ എന്നെ ഭയപ്പെടുത്തി. വേഗം വീണ്ടും ലൈറ്റിട്ടു. കൈയിലും മനസ്സിലും ജപമാലയും പ്രാര്‍ത്ഥനയുമായി കട്ടിലില്‍ ഇരുന്നു. എപ്പോഴോ ഉറങ്ങി. തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കി അവനറിയാതെ പതിഞ്ഞ കാല്‍ വയ്പ്പുകളോടെ പശുവിന്‌ പുല്ലരിയാന്‍ പുറത്തേയ്ക്ക്‌ പോകുന്ന അമ്മയെ പോലെ ജപമാലയേന്തിയ എന്റെ വലം കൈ ഞാനറിയാതെ എപ്പോഴോ ലൈറ്റണച്ചു.

പുലരുവോളം സ്വപ്നങ്ങളേ ഉണ്ടായിരുന്നില്ല. നാട്ടില്‍ വാര്‍ത്തയാവില്ലെന്നറിയാമെങ്കിലും രാവിലെതന്നെ വീട്ടില്‍ വിളിച്ചു. കഴിഞ്ഞയിടെ പ്രസവിച്ച രണ്ടു പൂച്ചകുട്ടികളില്‍ ഒന്നിന്റെ തിരോധാനമായിരുന്നു അമ്മയുടെ സംസാരത്തിലെ പ്രധാന വാര്‍ത്ത. ചേട്ടനെ കാര്യങ്ങളുടെ നിസ്സാരതയൊക്കെ പറഞ്ഞു മനസ്സിലാക്കി. പത്ര വാര്‍ത്തകളും ടി വി ന്യൂസുകളുമൊക്കെയായി പകല്‍ കഴിഞ്ഞു പോയി. മലയാളികള്‍ക്കിടയില്‍ പതിവ്‌ തമാശകള്‍ പരന്നു. കാശു കടം കൊടുത്തവന്‍ ഭൂമി കുലുങ്ങിയപ്പോള്‍ കടക്കാരുടെ മുറികളില്‍ തട്ടി വിളിക്കാന്‍ പോയത്രേ. ഇറ്റാലിയന്‍ ഉപ്പില്ലാ ഭഷണത്തില്‍ നിന്നും രക്ഷപെടാന്‍ അരിയും അച്ചാറുമൊക്കെ നാട്ടില്‍ നിന്നും വരുത്തിവച്ച ഒരാള്‍ അതുമായ്‌ ഓടുന്നത്‌ കണ്ടവരുണ്ട്‌. ഇനിയും രാത്രിയില്‍ ഒരു കുലുക്കവുമറിയാതെ ഉറങ്ങി പോയവര്‍ രാത്രിയില്‍ എന്താണ്‌ നടന്നതെന്ന് മറ്റുള്ളവരോട്‌ ഒതുക്കത്തില്‍ ചോദിക്കുന്നു.

ഇപ്പോള്‍ രാത്രി വാര്‍ത്തകള്‍ക്കുശേഷം മുറിയില്‍ വന്നിരുന്നിതെഴുതുമ്പോള്‍ നിരത്തിലൂടെ പായുന്ന ആംബുലന്‍സുകളുടെ സൈറണ്‍ കേള്‍ക്കാം. കാറ്റില്‍ ജനാല പാളികള്‍ ഇളകുന്ന ശബ്ദം പോലും വല്ലാതെ പരിഭ്രമിപ്പിക്കുന്നു. വാച്ചിലെ സെക്കന്‍ഡ്‌ സൂചിയുടെ ടിക്‌ ടിക്‌ സ്വരം പോലും ബിഗ്‌ ബാംഗിലെ മഹാ സ്ഫോടനസ്വരമായി രൂപാന്തരപ്പെട്ടേക്കാമെന്ന് തോന്നി പോകുന്നു. ഭൂതകാലം ഒരു തിരശ്ശീലയിലെന്നപോലെ മനസ്സില്‍ തെളിയുന്നു. തണുത്തു നരച്ച അന്തരീക്ഷത്തിനെതിരേ ഞാന്‍ കണ്ണുകളിറുക്കിയടയ്ക്കുന്നു.

ഇപ്പോള്‍ എനിക്കു കാണാം, വില്ലേജ്‌ ആഫീസ്‌ പടിക്കല്‍ നിന്നും പുഴയ്ക്കും പുല്‍മേടിനുമപ്പുറം എല്ലാ മുറിയിലും നിലാവു വീണ ഒരു വീടും, തെളിഞ്ഞു കത്തുന്ന ഒരു മെഴുതിരിയും അതിന്റെ വെട്ടത്തിലൊരു രൂപക്കൂടും. അവിടെ എനിക്കായ്‌ തുടിക്കുന്ന ഒരു തിരു ഹൃദയവും. ഇനി ഏറ്റവും ശാന്തിയോടെ ഞാന്‍ ഉറങ്ങട്ടെ. തെങ്ങോലയും ഇളവെയിലുമുള്ള സ്വപ്നങ്ങളിലേയ്ക്ക്‌....പുത്തന്‍ ഭൂകമ്പ തമാശുകളിലേയ്ക്ക്‌ ഞാന്‍ ഉണരട്ടെ.
ഗുഡ്‌ നൈറ്റ്‌...

Monday, March 16, 2009

തീക്കനല്‍


ന്നലെ രാത്രിയിലെന്നമ്മയെ കണ്ടു ഞാന്‍
കറുത്തരാവിന്‍ പുതപ്പിനുള്ളില്‍ കടത്തിണ്ണയില്‍
നിറമറ്റ നിഴലറ്റ നിരത്തിന്‍ വക്കിലായ്‌.
മാലിന്യമല കുത്തിതുരക്കുന്ന പെരുച്ചാഴികളെ
ആട്ടിയകറ്റുന്നൂ മെല്ലിച്ച വിരലുകള്‍,
അതില്‍ കൂര്‍ത്ത നഖങ്ങളും.

കത്തുന്ന മോഹഗന്ധമേറ്റമ്മയെന്നെ തിരിച്ചറിഞ്ഞതും
മുമ്പല്ലടര്‍ന്ന് തേറ്റകള്‍ പൂത്തൊരാ
കടവാ തുറന്നമ്മ ചിരിച്ചതും
ഭൂമി മണക്കുന്ന പഴഞ്ചേലയില്‍ മുഖം പൂണ്ടപ്പോള്‍
കണ്ണു പെയ്തതും കാറ്റു വന്നതും
കുളിരായതും പിന്നെ തീതേടിയലഞ്ഞതും.

മഞ്ഞുപെയ്തെന്റെ മാസം മരച്ചപ്പോള്‍ മജ്ജ പുളഞ്ഞപ്പോള്‍
‍ചേര്‍ത്തണച്ചൂ കൈ പിടിച്ചൂ അമ്മ നടന്നൂ, ഞാനും.
എങ്ങോടേയ്ക്കീ സങ്കട യാത്രയെന്നോതെന്റമ്മേ
കരഞ്ഞു പറഞ്ഞു ഞാന്‍.
തീച്ചൂള വില്‍ക്കുന്ന കടതേടിയാണു കുഞ്ഞേ.

കടപൂട്ടി താക്കോല്‍ തലയിണക്കീഴില്‍ സ്വപ്നം കാണുമീ
നഗരം നിശബ്ദം, വിജനം.
തിരിച്ചു പോവാമെന്നു പറഞ്ഞു തീര്‍ത്തില്ല ,
വാ പൊത്തിയമര്‍ത്തിയെന്നമ്മ.

അഴുക്കിന്റെയോടകള്‍ നീന്തി കടന്നു,
തുരുമ്പിന്റെ വേലികള്‍ ചാടികടന്നു.
ഈച്ചകള്‍ വിലയം കൊള്ളുന്നൊരു
തലയോടില്‍ കാല്‍ വഴുതുന്നൂ,
അമ്മ താങ്ങുന്നു, അമ്മ നടത്തുന്നൂ
അമ്മയ്ക്കു പിന്നാലെ ഞാനും നടക്കുന്നു.

ഗൂഢ സ്മിതം കൊണ്ടമ്മ കാതില്‍ പറഞ്ഞൂ
കരുതണം കുട്ടാ ഇറച്ചിക്കടയിതെന്ന്.

വാതിലില്‍ തട്ടി കാത്തിരുന്നൂ,
തീക്കനല്‍ വന്നു വാതില്‍ തുറന്നു
കനല്‍ക്കയ്യിലേയ്ക്കെന്നെ കൊടുത്തപ്പോള്‍
അമ്മയ്ക്കു നിര്‍വൃതിയായപോലെ.

ദേഹവും ദേഹിയും തീപ്പടര്‍പ്പാകുന്നു,
എരിതീയില്‍ ശുദ്ധിയാകുന്നുവെന്‍ ശൈത്യ ഹൃദയം.
തീക്കടല്‍ കടഞ്ഞമൃതം ചുരത്തുന്നു,
ആകാശമുരുമുന്ന മോഹപര്‍വ്വതം.

കടത്തിണ്ണയില്‍ മരണശൈത്യത്തില്‍ അമ്മ കാത്തിരിക്കുന്നു.
വിദ്യാലയം വിട്ടു വീട്‌ പൂക്കും
ഉണ്ണിയെ കാക്കുന്ന അമ്മക്കണ്ണുകള്‍.

കനല്‍ക്കൊണ്ട കൈയാല്‍ അമ്മയെ പൊതിഞ്ഞു ഞാന്‍.
മഞ്ഞു പെയ്തിട്ടും മഴ വന്നിട്ടും
പ്രളയപ്പെരുങ്കടല്‍ ആര്‍ത്തലച്ചിട്ടും
തണുത്തില്ല, മരച്ചില്ല, മരിച്ചില്ല ഞങ്ങള്‍...

Thursday, February 19, 2009

ചോക്ക്‌


ന്നാംക്ലാസ്സിലെ കണക്ക്‌ പാഠം,
അക്കപ്പെരുക്കങ്ങള്‍ ഓരോന്നായിപറഞ്ഞു തന്നതാരായിരുന്നു?
നെറ്റിയില്‍ ആലിലപ്പൊട്ടുവച്ച മഹാലക്ഷ്മി ടീച്ചറോ?
അല്ല, നീയായിരുന്നു, ചോക്ക്‌.
നേരെ നിവര്‍ന്നുനിന്നപ്പോള്‍ നീ ഏകം.
നടുവിലൊടിഞ്ഞുമാറിയപ്പോള്‍ ദ്വയം.
അതിലൊരെണ്ണം കണ്ണുപൊത്തികളിച്ചപ്പോള്‍
പിന്നേയുമേകമോ അതോ അദ്വൈതമോ?
സങ്കലന വ്യവകലന ഹരണ അരങ്ങുകളില്
പലേവേഷങ്ങളില്‍ നീ നിറഞ്ഞാടി.
കാറ്റും മണ്‍സൂണ്‍ മഴയും എന്നെ വലം വച്ചു.
ഭൗതികശാസ്ത്രത്തിന്റെ തട്ടില്‍ നിനക്കു പുത്തന്‍ വേഷം.
ഭൂഗുരുത്വ നിയമം തെളിയിക്കാന്
‍അന്തോനിമാഷിന്റെ വിരല്‍ കൊമ്പില്‍ നിന്നും
താഴേയ്ക്കു ചാടി ആത്മഹത്യക്ക്‌ ശ്രമിച്ച
നിന്നെ മറക്കാന്‍ ഏതു കുട്ടിയ്ക്കാണു കഴിയുക?
ഗന്ധകം മണക്കും രാസ പരീക്ഷണശാലയില്
കാത്സ്യമായി കാര്‍ബണായ്‌ വെറും കുമ്മായമായ്‌
നഗ്നനും വിഭജിതനുമായി നിന്നില്ലേ നീ.
അതിഭൗതികതയുടെ ദര്‍ശനങ്ങളില്‍നീ
കേവല സത്തയുടെ നിദര്‍ശനം.
ബുദ്ധ വിഹാരങ്ങളില്‍ നീ മോഹകാരണമായി.
അദ്വൈത പാഠങ്ങളില്‍ നീ മായയായി...
ആരായിരുന്നു നിന്റെ സുഹൃത്ത്‌, അറിയില്ലെനിക്കിന്നും
ചുംബന ശരങ്ങളാല്‍ നീ ചെറുനോവുനല്‍കുന്ന
കറുപ്പുപൊളിഞ്ഞ കറുത്തബോര്‍ഡോ?
ചന്ദന നിറമുള്ള കൈകളാല്‍ നിന്നെ വാരിയെടുത്ത്‌
ചൂണ്ടു വിരലാല്‍ തലോടുന്ന ഇന്ദു മിസ്സോ?
അതോ കുറുപ്പുമാഷിന്റെ ആയുധമായി നീ
പറന്നു ചെന്നടര്‍ത്തിയെടുക്കുന്ന
ഉറക്കംതൂങ്ങിപ്പെണ്ണിന്‍താരുണ്യമൊട്ടിന്റെ കിനാവോ?
ബോര്‍ഡു മായ്ക്കാനവള്‍ വരുമ്പോള്
ആ പാവാട ഞൊറികളില്
‍പൊടിയായ്‌ നീ മറഞ്ഞിരുന്നതെന്തേ?
കണികാസിദ്ധാന്തം പഠിപ്പിക്കാനോ?
അറിയില്ലെങ്കിലും അറിയാമെനിക്കൊന്നുമാത്രം,
ആ തൂവെള്ള കണികകളെ പലരും പ്രണയിച്ചിരുന്നു,
അതു തുടയ്ക്കുന്ന കരിവള കൈകളെ എന്നപോലെ.

Monday, January 19, 2009

മലയാളപാഠാവലിയില്‍ കണ്ണുനീര്‍ വീഴുന്നു


നിക്കുമ്പോള്‍ എല്ലാ കുഞ്ഞുങ്ങളും ഒരു പോലെ.
ചോരയില്‍ നനഞ്ഞ്‌, കുഞ്ഞുവായില്‍ വലുതായ്‌ കരഞ്ഞ്‌.
മോണകാട്ടി ചിരിക്കും പിന്നെ പൂവിതള്‍ വിരലാല്‍മുഖം തൊടും,
ഉറക്കം നടിച്ചമ്മയെ കളിപ്പിക്കും.
താരാട്ടു പാടുമ്പോള്‍ ഏതൊരമ്മയും ഗായികയാവുന്നു
അതുകേട്ട കുഞ്ഞ്‌ പൗര്‍ണ്ണമി സ്വപ്നം കണ്ടുറങ്ങുന്നു.

എല്ലാ അമ്മയും കുഞ്ഞിനേറ്റവും നല്ലത്‌ മാത്രം നല്‍കുന്നു.
സ്നേഹസാഗരം കടഞ്ഞമൃതും മേലിന്റെ ചൂരും
സമയവും സ്വപ്നവും ജീവനും പിന്നെയൊരായിരം മുത്തങ്ങളും
പിഞ്ചിയ സാരിയുടുത്തിട്ടമ്മ കുഞ്ഞിന്‌ പുത്തനുടുപ്പു നല്‍കുന്നു.
മഴനനഞ്ഞമ്മയവനെ കുട ചൂടിക്കുന്നു, ഹൃദയമെരിച്ച്‌ ചൂടും
കുഞ്ഞു കഴിക്കുമ്പോള്‍ അമ്മയുടെ വിശപ്പുമാറുന്നു
അവന്‍ ബാക്കിവച്ച ചോറമ്മയ്ക്ക്‌ കണ്ണന്റെ പശിയടക്കിയ വറ്റും

കുട്ടിക്കൊഞ്ചലില്‍ ആദ്യമായ്‌ അമ്മേയെന്നവന്‍ വിളിച്ചു
അതുകേട്ട നിര്‍വൃതിയില്‍ അമ്മയെന്ന പെണ്ണിന്‍ ജന്മം നിറഞ്ഞു
അവന്റെ തീരാ മോഹങ്ങള്‍കൊന്നും അവധി വച്ചില്ലല്ലോ അമ്മ.
കൗമാരത്തിന്റെ പൂന്തോട്ടത്തിലവനാശിച്ചത്‌ ഒറ്റയ്ക്കിരിപ്പാണ്‌.
അതറിഞ്ഞമ്മ വാതില്‍ മറവില്‍ ഒളിഞ്ഞിരുന്നുണ്ണിയെ കണ്ടു.

ഏതൊ ഒരു രാത്രിയില്‍ വൈകിയെത്തിയ ഉണ്ണിക്കായ്‌
വാതില്‍ തുറന്നു കോടുത്തമ്മ ഒതുങ്ങി നിന്നു.
അന്നാദ്യമായി അമ്മ വച്ച കറിക്കവന്‌ സ്വാദില്ലാതെ തോന്നുന്നു.
കറിച്ചട്ടിയും കഞ്ഞിക്കലവും നടക്കല്ലില്‍ വീണുടയുന്നു.
പിന്നെ ടെലിവിഷന്‍, അലമാരിയിലെ ശില്‍പ്പങ്ങള്‍
കണ്ണാടി,പെട്ടിയിലെ പഴയ കളിപ്പാട്ടങ്ങള്‍, കൂട്ടിക്കൂറാ പൗഡര്‍,
അവന്റെ വളര്‍ച്ചയുടെ ഗ്രാഫുകള്‍ എഴുതിയ ഉടുപ്പുകള്‍
പുതു മഴ നനഞ്ഞമ്മ വാങ്ങിക്കൊണ്ടു വന്ന പുസ്തകങ്ങള്‍
മലയാള പാഠാവലി, മാമ്പഴം,രാത്രിമഴ എല്ലാം ഓരോന്നായി.
അന്ത്യത്തില്‍ കറുത്ത രാവിലേയ്ക്കവന്‍ ഒറ്റയ്ക്കു നടന്നകലുന്നു...

മരിക്കുന്നത്‌ ഓരോ കുഞ്ഞും വ്യത്യസ്തരായാണ്‌
ചിലര്‍ ലോകത്തു നിന്നും, ചിലര്‍ ഹൃദയങ്ങളില്‍ നിന്നും.

Friday, January 16, 2009

ബ്രഹ്മചാരികളും അവിവാഹിതനും...


സൗപര്‍ണ്ണികയുടെ തീരത്ത്‌ ബ്രഹ്മചാരികളുടെ വിശ്വസംഗമമായിരുന്നു. അറിഞ്ഞോ അറിയാതെയോ അവരില്‍ ഒരു അവിവാഹിതനും പെട്ടുപോയി. വേഷത്തിലും ചമയങ്ങളിലും അയാള്‍ ഒരു ബ്രഹ്മചാരിയെപ്പോലെ തോന്നിച്ചു. ആദ്യകാഴ്ചയില്‍ കണ്ടവരില്‍ പലരും അദ്ദേഹത്തെ ബ്രഹ്മചാരീ എന്നുവിളിച്ച്‌ അഭിസംബോധനചെയ്യുക കൂടി ചെയ്തു.


ദേവീസ്തുതികള്‍ക്കുശേഷം ബ്രഹ്മചാരികള്‍ തങ്ങളുടെ ശരീരത്തെ തീരത്തുപേക്ഷിച്ച്‌ ആത്മാവിനെ പരബ്രഹ്മത്തിന്റെ സ്നേഹമണ്ഡലത്തില്‍ അലയാന്‍ വിട്ടു. അപ്പോഴും അവിവാഹിതന്‍ മഞ്ഞവെട്ടം ഓളം തല്ലുന്ന കായലില്‍ നോക്കി മറൈന്‍ ഡ്രൈവിലെ ചാരുബെഞ്ചില്‍ ഇരിക്കുകയായിരുന്നു.

Monday, January 12, 2009

വളപ്പൊട്ടുകള്‍ പോയ്ക്കൊള്ളട്ടെ, പക്ഷേ ആ സ്വപ്നം.....


ഷ്ടങ്ങള്‍ എത്ര ചെറുതാണെങ്കിലും വേദനയാണ്‌. കരുതിവച്ചിരുന്നതെന്തോ കൈവിട്ടു പോകുന്നു. ആ സംഗതിയോടുള്ള ഇഷ്ടംകൊണ്ടല്ലേ ഞാനത്‌ സ്വന്തമാക്കിയത്‌. എന്നിട്ടിപ്പോള്‍ അതെന്റേതല്ലാതാകുന്നു. കുഞ്ഞും നാളില്‍ പുസ്തകക്കെട്ടുകള്‍ക്കൊപ്പം ഒളിപ്പിച്ചുവച്ചിരുന്ന ലൊട്ടുലൊടുക്ക്‌ സാമാനങ്ങള്‍, ഒരു പക്ഷിത്തൂവല്‍, മഴവില്ലിന്റെ വളപ്പൊട്ട്‌, മായാവി നെയിം സ്ലിപ്പ്‌ എവിടെയോ കളഞ്ഞു പോകുന്നു. എനിക്കുചുറ്റുമുള്ള ലോകം തന്നെ ഇല്ലാതാകുന്നതുപോലെ. എന്നിട്ടും ഒരു സത്യമുണ്ട്‌. വേഗം, ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വേഗം ഞാനവയൊക്കെ മറന്നുപോയി. ഇത്തിരി നൊമ്പരത്തിന്റെ ഓര്‍മ്മ പോലും പാടെ ഇല്ലാതായി.

പക്ഷേ ഇപ്പോള്‍ ഞാനൊരു നഷ്ടത്തിലാണ്‌. സമയത്തിനു മായ്ക്കാന്‍ വയ്യാത്ത ഒരു നഷ്ടം. ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണെനിക്ക്‌ നഷ്ടമായിരിക്കുന്നത്‌. ഒരു സ്വപ്നം! ഏറെ മധുരതരവും, സുഖകരവുമായ ഒരു സ്വപ്നം. എത്ര സങ്കടനേരത്തും കണ്ണീരിലും ആ സ്വപ്നത്തിന്റെ നനുത്തവിരലുകള്‍ എന്റെ കണ്ണുനീരൊപ്പിയിരുന്നു. നിലാവില്ലാത്ത രാത്രിയില്‍ കടലില്‍ ആകാശത്തിനും വെള്ളത്തിനുമിടയില്‍ ഒഴുകിയലഞ്ഞിരുന്ന എനിക്കുമുന്‍പില്‍ അങ്ങുദൂരെയെങ്കിലും തെളിഞ്ഞു കത്തിയിരുന്ന ഒരിത്തിരി വെട്ടമായിരുന്നു ആ സ്വപ്നം. അതിന്ന് കെട്ടുപോയിരിക്കുന്നു.

ഞാനെത്രയോ തവണ കണ്ണടച്ചും തുറന്നും നോക്കി. ഇല്ല... ഒരു കണികപോലും അവശേഷിച്ചിട്ടില്ല. തികച്ചും അനന്തതയിലെക്കുള്ള ഒരൊളിച്ചോട്ടം. ഒരു യാത്രപോലും പറായാതെ.... പകരം വയ്ക്കാനാവില്ല. തിരിച്ചു കിട്ടാനും പോണില്ല. ഹോ കാലമേ, വസന്ത ശിശിരങ്ങളെ തേരിലേറ്റി നീ എന്റെ തലയ്ക്കു മീതെ പാഞ്ഞു പോകുമ്പോള്‍ ഞാനറിയാതെ മോഹിക്കുന്നു. ഏതോ ഒരു നിലാ പൗര്‍ണ്ണമിയില്‍ നീ എടുത്തുകൊണ്ടുപോയ ആ സ്വപ്നം ഒരു നിമിഷത്തേയ്ക്കെങ്കിലും ഒന്നു തിരിച്ചുതരില്ലേ?

നിറവും വിലയുമുള്ള വസ്ത്രങ്ങള്‍ ഇനി എനിക്കെന്തിനാണ്‌? എന്റെ പ്രിയ സ്വപ്നമില്ലാത്ത ഞാന്‍ വെറും ദരിദ്രനാണ്‌. ഓട്ടക്കാലണ പോലും സ്വന്തമായില്ലാത്ത പരമദരിദ്രന്‍. ഒരുഹാരിപോട്ടര്‍ ചിത്രം പോലെ സമയത്തെ പിന്നിലേയ്ക്കു നടത്താനും വീണ്ടും ആ സ്വപ്നം കാണാനും പിന്നെ തിരിച്ച്‌ വര്‍ത്തമാനത്തിലേയ്ക്കു നടന്നു കയറാനും ആവില്ലല്ലോ എനിക്ക്‌. എങ്കിലും ഇങ്ങനെ ഹൃദയത്തിനുമേലെ നിത്യവും പുതുതാക്കപ്പെടുന്ന ഒരു മുറിവുമായി ജീവിച്ചുകൊള്ളാം ഞാന്‍. ആ മുറിവ്‌ ഒരു പനിനീര്‍പ്പൂവിന്റെ തണ്ട്‌ തട്ടി ഉണ്ടായതാണല്ലോ എന്നോര്‍ത്ത്‌ ആശ്വസിക്കാമല്ലോ.....

Friday, January 9, 2009

LIFE INSPIRES…

The wet wind from the west puts out
The last flame from my dreams’ funeral pyre.
And the half boiled, partly saved soul groans
Out of hunger, hope, and greed to die.

Sky turns into dark like the wings of vulture
And the thunderstorm makes the young oaks insane.
Their dark green hands scatter the ashes in the sky
Wind roars , rain wails and birds lose homes.

A trembling white dove finds her shelter
Close to the smoldering dreams in fire.
When dreams’ heart gets fire she feels more warm.
And the dove at ease starts the interrogation with dreams.

First and the last question is,
What’s the inspiration of dying?
Last and the only answer from dreams,
Life is the inspiration for dying.

Monday, January 5, 2009

ശിവരാത്രി ഇന്നലെയായിരുന്നു...
നീര്‍മിഴികളുടെ സൗപര്‍ണ്ണികയില്‍
ആചാരക്രിയകള്‍ക്ക്‌ സ്വപ്നങ്ങളെത്തുന്നു.
മോഹങ്ങളുടെ മണ്‍കുടത്തിനുചുറ്റും അസ്തമയം.
ഇനിയും കാണുന്നുണ്ടാവണം, ആ കുടത്തിലെ ചാരം,
കാശിയിലെ ശിവഗംഗയെ കിനാക്കളില്‍.

ഈ സ്വപ്നങ്ങളൊക്കെയുടെയും ജനി
കഴിഞ്ഞ ശിവരാത്രിയിലായിരുന്നു.
സ്മൃതിയിലിപ്പോള്‍ നിറയുകയാണാകറുത്തരാവ്‌
ഇരുട്ടിന്റെ ശിഖിരത്തില്‍ കൂടുകെട്ടിയ കരിങ്കാക്കകള്‍
തൂശനില കൊത്തിക്കീറിയതും പിന്നെ
എള്ളും പൂവും മണലില്‍ തെറിച്ചതും
പുലരുവോളും പെയ്ത പെരുമഴയില്‍
മണ്‍കുടം പുഴ തട്ടിപ്പറിച്ചതും...

കാത്തിരിപ്പുകള്‍ക്കന്ത്യത്തിലിപ്പോള്‍
അറിഞ്ഞതാണീ വാര്‍ത്ത;
ശൂദ്രരുടെ ശിവരാത്രി ഇന്നലെയായിരുന്നുവത്രേ!
നല്ലെണ്ണയില്‍ കുളിച്ച നന്ദികേശന്‍ മൂരിനിവര്‍ത്തുന്നു.
ഗന്ധമറ്റ ജമന്തികളാല്‍മൂടിയ ശിവശിലയില്‍
ഒരു കരിവണ്ട്‌ ചത്തിരിക്കുന്നു.
ബലിച്ചോറുണ്ട കാക്കകള്‍ കൊടും പനിയേറ്റ്‌
മഴ നനഞ്ഞ കൂടുകളിലും...

ഇന്ന് ആരുടെ രാത്രിയാണ്‌?
മഴ പെയ്യാത്ത നിലാവുദിച്ച ഈ രാത്രിയെ
ശാന്തമെന്നാര്‍ക്കു വിളിക്കാനാവും?
മണലോരത്ത്‌ വീശുന്ന കര്‍ക്കിടകകാറ്റില്‍
മീനച്ചൂട്‌ കലരുമ്പോള്‍
ആരുടെ ശ്രാദ്ധമാണിന്ന് ഞാനാചരിക്കുക?

Saturday, January 3, 2009

അരങ്ങ്‌

'അടുത്ത ഒരു ബെല്ലോടുകൂടി നാടകം തുടങ്ങുന്നു...' അരങ്ങിലേയ്ക്ക്‌ വെളിച്ചം വീശുന്ന അവസാന വിളക്കും അണഞ്ഞു. ചുവന്ന കൂറ്റന്‍ തിരശ്ശീലയില്‍ ഒരു കുഞ്ഞു കാറ്റ്‌ തൊട്ടു. ചെരാതിലെ ചെന്തീനാളം പോലെ തിരശ്ശീല ഒന്നിളകി. പിന്നെ നിശ്ചലം. ഫുട്ട്‌ ലൈറ്റിന്റെ സാന്ദ്രത കുറയുന്നു...അവസാനബെല്ലും മുഴങ്ങി. നാടകം തുടങ്ങുകയാണ്‌. സ്മരണകളിരമ്പുന്ന രണസ്മാരകങ്ങളില്‍നിന്നും കാളിദാസനും ഷേക്‌ സ്പിയറും പിന്നെ തോപ്പില്‍ഭാസിയും വയലാറും ഉയര്‍ത്തെണീക്കുന്നു. നിലാവും പുതുമഴയും അസ്തമയവും വസന്തവുമെല്ലാം രംഗപടങ്ങളില്‍ മാറിമാറി വന്നു. കണ്ണീരും ചിരിയും പ്രണയവും മരണവും ഉന്മാദവും വേഷപ്പകര്‍ച്ചകളില്‍ നിറഞ്ഞാടി. ദുരന്തഹാസ്യങ്ങളുടെ അവ്യക്തമായ പരിണാമ സന്ധിയില്‍ തിരശ്ശീല വീഴുന്നു. ഒരു നാടകം കൂടി കഴിയുകയാണ്‌. കാണികള്‍ കരഞ്ഞും പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും ചൂട്ടു കറ്റകള്‍ വീശി ഗ്രാമ വഴികളിലൂടെ വീടുകളിലേയ്ക്ക്‌ നടന്നകലുന്നു. ഉത്സവത്തിന്‌ വര്‍ണ്ണബലൂണുകള്‍ വില്‍ക്കാന്‍ വന്ന ചെക്കന്‍ കടത്തിണ്ണയില്‍ മഹാരാജ്യങ്ങള്‍ സ്വപ്നംകണ്ടുറങ്ങുന്നു. മൈതാനത്തിലെ വിളക്കുകളൊക്കെ ഓരോന്നായി കണ്ണടച്ചു. നിലാവെളിച്ചത്തില്‍ മഹാസമുദ്രത്തിലെ ഏകാകിയായ പായ്ക്കപ്പല്‍ പോലെ ഒരു നാടകവണ്ടി ആളൊഴിഞ്ഞ ഉത്സവപ്പറമ്പിലൂടെ ഒഴുകി പോകുന്നു.കാലമെത്ര കഴിഞ്ഞാലും ശാസ്ത്രം വളര്‍ന്നങ്ങ്‌ എന്തിനും പോന്നോരു സൂപ്പര്‍മാനായാലും അരങ്ങുകള്‍ ഉണര്‍ത്തുന്ന വികാരത്തിനു ഒരിക്കലും മാറ്റമില്ല. വീട്ടുമുറികളെ ഐനോക്സ്‌ തീയറ്ററുകളാക്കുന്ന ഹോംസിസ്റ്റങ്ങളും പിന്നെ ഡിജിറ്റലുകള്‍ക്കൊണ്ട്‌ പ്രകമ്പനങ്ങള്‍ ഉണ്ടാക്കുന്ന പുത്തന്‍ സാങ്കേതികവിദ്യകളും ചേര്‍ന്നിവിടെ ആസ്വാദനത്തിന്റെ അത്ഭുതലോകം സൃഷ്ടിച്ചേക്കാം. എങ്കിലും കല്ലായിപ്പുഴയോരത്തൊരുക്കിയ നാടകസ്റ്റേജിനു മുന്‍പില്‍ ഒരാള്‍ക്കൂട്ടമുണ്ടാകാന്‍ ഇന്നും അധിക സമയം വേണ്ട. തിരക്കേറിയ ബസ്‌ സ്റ്റാന്‍ഡില്‍ സന്ധ്യയ്ക്ക്‌ കാസറ്റ്‌ വില്‍ക്കുന്നവന്‍ ലജ്ജാവതികള്‍ക്കു പകരം കെ പി എസ്‌ സി യുടെ നാടകഗാനങ്ങള്‍ ഉച്ചത്തില്‍ ഇടുന്നതിനു കാരണം എന്താണ്‌? മട്ടാംഞ്ചേരിയിലെ ആര്‍ട്ട്ഗാലറിയോടു ചേര്‍ന്ന കഥകളി പ്രദര്‍ശനത്തിന്‌ ടിക്കറ്റ്‌ മുന്‍ക്കൂട്ടി ബുക്ക്‌ ചെയ്യണമെന്നുള്ളത്‌ സത്യമാണ്‌. നിളാതീരത്തെ നാട്യസ്വര്‍ഗ്ഗം കലാമണ്ഡലത്തില്‍ പുത്തന്‍ അഡ്മിഷന്‌ പത്രപ്പരസ്യം ആവശ്യമില്ല. കാരണം അരങ്ങുകളോടുള്ള ആവേശം അനശ്വരമാണ്‌.തിരശ്ശീലയ്ക്കപ്പുറം ഒരുവന്‍ കാണുന്നത്‌ ഏതോ മായികലോകത്തെ ഫാന്റസികളല്ല. പകരം തന്റേതന്നെ ജീവിതത്തിന്റെ പരിഛേദമാണ്‌. ഒഥല്ലോ എന്ന കാപ്പിരി യോദ്ധാവിന്റെ ഭാര്യാസംശയവും ജൂലിയസ്സ്‌ സീസറിന്റെ കൊലപാതകവും ഹെഡ്ഡാ ഗാബ്ലറും, കാലവും കടലും കടന്നു അനന്തതയിലേയ്ക്ക്‌ സഞ്ചരിക്കുന്നതിനു കാരണവും മറ്റൊന്നല്ല.


ദേശീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരാനും പ്രത്യയശാസ്ത്രങ്ങളുടെ തീപ്പന്തമാകാനും അരങ്ങുകള്‍ക്കു കഴിഞ്ഞു. അധപതനത്തിന്റെയും അപചയത്തിന്റെയും പൂഴിമണ്ണില്‍ വീണുപോയെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ സ്നേഹിക്കാനിന്നും എന്നെ പ്രേരിപ്പിക്കുന്നത്‌ രണ്ട്‌ നാടകങ്ങളാണ്‌. പാട്ടബാക്കിയും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും. പിന്നെ നെയ്ത്തുകാരന്‍, ലാല്‍സലാം തുടങ്ങിയ സിനിമകളും. കമ്മ്യുണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തെ കേരളത്തിന്റെ മണ്ണില്‍ നട്ടുപിടിപ്പിച്ചത്‌ രക്തസാക്ഷികളുടെ ചോരമാത്രമല്ല. മറിച്ച്‌ വയാലാറിലെ ഏതോ ഒരഗ്രഹാരത്തിലിരുന്ന് കവിതയും പാട്ടുമെഴുതിയ ഒരു രാമവര്‍മ്മ തിരുമുല്പ്പാടിന്റെ തൂലികകൂടിയാണ്‌. തൂലികയുടെ ആ സമരവീര്യം അദ്ദേഹം മുതല്‍ ഇപ്പോള്‍ അനില്‍ പനച്ചൂരാന്‍ വരെ എത്തി നില്‍ക്കുന്നു.


ഉത്സവത്തോടും പൂരങ്ങളോടുമൊക്കെയുള്ള പ്രണയം മലയാളിമനസ്സിന്റെ പ്രത്യേകതയാണ്‌. ഒപ്പം അരങ്ങുകളോടും. നാടകത്തിന്റെയൊക്കെ കാലം കഴിഞ്ഞുപോയി എന്നു ആരു പറഞ്ഞാലും എഴുതിയാലും അതില്‍ കഴമ്പില്ലെന്നെനിക്കു തോന്നുന്നു.. കാരണം ഉത്സവത്തിന്റെ നോട്ടീസ്‌ കയ്യില്‍ കിട്ടിയാല്‍ ആറാട്ടിനും ആനയൂട്ടിനും മുന്‍പ്‌ നമ്മുടെ കണ്ണുകള്‍ പായുന്നതു അവസാന കോളത്തിലെ നാടക ബാലെ അറിയിപ്പിലേയ്ക്കാണ്‌. മലയാളി ഏതു നാട്ടിലാണെങ്കിലും ഉണ്ട്‌ ഈ കലാ പ്രേമം. സ്റ്റേജ്‌ ഷോകളായും നൃത്തോത്സവങ്ങളായും ഈ ദാഹം ഒട്ടൊക്കെ നമ്മള്‍ ശമിപ്പിക്കുന്നു.


ഇനിയും അരങ്ങിനുമപ്പുറത്തൊരു ലോകമുണ്ട്‌. കണ്ണീരിന്റെയും വിശപ്പിന്റെയും നഷ്ട സ്വപ്നങ്ങളുടേതുമായ ലോകം. അവിടെ രംഗ വെളിച്ചമില്ല. പശ്ചാത്തല സംഗീതമില്ല. ചമയങ്ങളില്ല. പച്ചയായ ജീവിതം മാത്രം. അരങ്ങത്ത്‌ ശ്രീകൃഷ്ണനായിരുന്നവന്‌ ജീവിതാരങ്ങില്‍ കുചേലനെപ്പോലെ ഭിക്ഷാംദേഹിയുടെ വേഷമാണ്‌. റോമിയോയുടെ പ്രിയ കാമുകി ജൂലിയറ്റിനിപ്പോള്‍ വേഷം ചതിയ്ക്കപ്പെട്ട ഒരു ഭാര്യയുടെ അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരമ്മയുടേതാവാം. എന്നിട്ടും മൂന്നാമത്തെ ബെല്ലിനുശേഷം അവര്‍ എല്ലാം മറക്കുന്നു. ചങ്കില്‍ ഒരു കടല്‍ ഒളിച്ചുവച്ചും അവര്‍ നമ്മളെ ചിരിപ്പിക്കുന്നു, ഭ്രമിപ്പിക്കുന്നു, മോഹിപ്പിക്കുന്നു.യുവജനോത്സവനാളുകളില്‍ പള്ളിക്കൂടമുറ്റത്തുയര്‍ത്തിയ സ്റ്റേജുകള്‍ ഒര്‍മ്മയില്‍ തെളിയുന്നു. പിന്നെ തണുപ്പടിച്ചും ഉറക്കിളച്ചും നാടക സ്റ്റേജിനു മുന്നിലും നൃത്ത സ്റ്റേജിനു മുന്നിലും മാറിമാറി നടന്നു നേരംവെളുപ്പിച്ച രാവുകളും. ഇന്നും ഒരരങ്ങിന്റെ സ്മരണ മറ്റ്ടെന്തിനേക്കാളും ഗൃഹാതുരമാണ്‌. ഓരോതവണ തിരശ്ശീല ഉയര്‍ന്നു താഴുമ്പോഴും കൂടുതല്‍ സ്നേഹിക്കന്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു.