ഇന്നലെ രാത്രിയിലെന്നമ്മയെ കണ്ടു ഞാന്‍
കറുത്തരാവിന്‍ പുതപ്പിനുള്ളില്‍ കടത്തിണ്ണയില്‍
നിറമറ്റ നിഴലറ്റ നിരത്തിന്‍ വക്കിലായ്.
മാലിന്യമല കുത്തിതുരക്കുന്ന പെരുച്ചാഴികളെ
ആട്ടിയകറ്റുന്നൂ മെല്ലിച്ച വിരലുകള്‍,
അതില്‍ കൂര്‍ത്ത നഖങ്ങളും.
കത്തുന്ന മോഹഗന്ധമേറ്റമ്മയെന്നെ തിരിച്ചറിഞ്ഞതും
മുമ്പല്ലടര്‍ന്ന് തേറ്റകള്‍ പൂത്തൊരാ
കടവാ തുറന്നമ്മ ചിരിച്ചതും
ഭൂമി മണക്കുന്ന പഴഞ്ചേലയില്‍ മുഖം പൂണ്ടപ്പോള്‍
കണ്ണു പെയ്തതും കാറ്റു വന്നതും
കുളിരായതും പിന്നെ തീതേടിയലഞ്ഞതും.
മഞ്ഞുപെയ്തെന്റെ മാസം മരച്ചപ്പോള്‍ മജ്ജ പുളഞ്ഞപ്പോള്‍
ചേര്‍ത്തണച്ചൂ കൈ പിടിച്ചൂ അമ്മ നടന്നൂ, ഞാനും.
എങ്ങോടേയ്ക്കീ സങ്കട യാത്രയെന്നോതെന്റമ്മേ
കരഞ്ഞു പറഞ്ഞു ഞാന്‍.
തീച്ചൂള വില്‍ക്കുന്ന കടതേടിയാണു കുഞ്ഞേ.
കടപൂട്ടി താക്കോല്‍ തലയിണക്കീഴില്‍ സ്വപ്നം കാണുമീ
നഗരം നിശബ്ദം, വിജനം.
തിരിച്ചു പോവാമെന്നു പറഞ്ഞു തീര്‍ത്തില്ല ,
വാ പൊത്തിയമര്‍ത്തിയെന്നമ്മ.
അഴുക്കിന്റെയോടകള്‍ നീന്തി കടന്നു,
തുരുമ്പിന്റെ വേലികള്‍ ചാടികടന്നു.
ഈച്ചകള്‍ വിലയം കൊള്ളുന്നൊരു
തലയോടില്‍ കാല്‍ വഴുതുന്നൂ,
അമ്മ താങ്ങുന്നു, അമ്മ നടത്തുന്നൂ
അമ്മയ്ക്കു പിന്നാലെ ഞാനും നടക്കുന്നു.
ഗൂഢ സ്മിതം കൊണ്ടമ്മ കാതില്‍ പറഞ്ഞൂ
കരുതണം കുട്ടാ ഇറച്ചിക്കടയിതെന്ന്.
വാതിലില്‍ തട്ടി കാത്തിരുന്നൂ,
തീക്കനല്‍ വന്നു വാതില്‍ തുറന്നു
കനല്‍ക്കയ്യിലേയ്ക്കെന്നെ കൊടുത്തപ്പോള്‍
അമ്മയ്ക്കു നിര്‍വൃതിയായപോലെ.
ദേഹവും ദേഹിയും തീപ്പടര്‍പ്പാകുന്നു,
എരിതീയില്‍ ശുദ്ധിയാകുന്നുവെന്‍ ശൈത്യ ഹൃദയം.
തീക്കടല്‍ കടഞ്ഞമൃതം ചുരത്തുന്നു,
ആകാശമുരുമുന്ന മോഹപര്‍വ്വതം.
കടത്തിണ്ണയില്‍ മരണശൈത്യത്തില്‍ അമ്മ കാത്തിരിക്കുന്നു.
വിദ്യാലയം വിട്ടു വീട് പൂക്കും
ഉണ്ണിയെ കാക്കുന്ന അമ്മക്കണ്ണുകള്‍.
കനല്‍ക്കൊണ്ട കൈയാല്‍ അമ്മയെ പൊതിഞ്ഞു ഞാന്‍.
മഞ്ഞു പെയ്തിട്ടും മഴ വന്നിട്ടും
പ്രളയപ്പെരുങ്കടല്‍ ആര്‍ത്തലച്ചിട്ടും
തണുത്തില്ല, മരച്ചില്ല, മരിച്ചില്ല ഞങ്ങള്‍...