Thursday, February 19, 2009

ചോക്ക്‌


ന്നാംക്ലാസ്സിലെ കണക്ക്‌ പാഠം,
അക്കപ്പെരുക്കങ്ങള്‍ ഓരോന്നായിപറഞ്ഞു തന്നതാരായിരുന്നു?
നെറ്റിയില്‍ ആലിലപ്പൊട്ടുവച്ച മഹാലക്ഷ്മി ടീച്ചറോ?
അല്ല, നീയായിരുന്നു, ചോക്ക്‌.
നേരെ നിവര്‍ന്നുനിന്നപ്പോള്‍ നീ ഏകം.
നടുവിലൊടിഞ്ഞുമാറിയപ്പോള്‍ ദ്വയം.
അതിലൊരെണ്ണം കണ്ണുപൊത്തികളിച്ചപ്പോള്‍
പിന്നേയുമേകമോ അതോ അദ്വൈതമോ?
സങ്കലന വ്യവകലന ഹരണ അരങ്ങുകളില്
പലേവേഷങ്ങളില്‍ നീ നിറഞ്ഞാടി.
കാറ്റും മണ്‍സൂണ്‍ മഴയും എന്നെ വലം വച്ചു.
ഭൗതികശാസ്ത്രത്തിന്റെ തട്ടില്‍ നിനക്കു പുത്തന്‍ വേഷം.
ഭൂഗുരുത്വ നിയമം തെളിയിക്കാന്
‍അന്തോനിമാഷിന്റെ വിരല്‍ കൊമ്പില്‍ നിന്നും
താഴേയ്ക്കു ചാടി ആത്മഹത്യക്ക്‌ ശ്രമിച്ച
നിന്നെ മറക്കാന്‍ ഏതു കുട്ടിയ്ക്കാണു കഴിയുക?
ഗന്ധകം മണക്കും രാസ പരീക്ഷണശാലയില്
കാത്സ്യമായി കാര്‍ബണായ്‌ വെറും കുമ്മായമായ്‌
നഗ്നനും വിഭജിതനുമായി നിന്നില്ലേ നീ.
അതിഭൗതികതയുടെ ദര്‍ശനങ്ങളില്‍നീ
കേവല സത്തയുടെ നിദര്‍ശനം.
ബുദ്ധ വിഹാരങ്ങളില്‍ നീ മോഹകാരണമായി.
അദ്വൈത പാഠങ്ങളില്‍ നീ മായയായി...
ആരായിരുന്നു നിന്റെ സുഹൃത്ത്‌, അറിയില്ലെനിക്കിന്നും
ചുംബന ശരങ്ങളാല്‍ നീ ചെറുനോവുനല്‍കുന്ന
കറുപ്പുപൊളിഞ്ഞ കറുത്തബോര്‍ഡോ?
ചന്ദന നിറമുള്ള കൈകളാല്‍ നിന്നെ വാരിയെടുത്ത്‌
ചൂണ്ടു വിരലാല്‍ തലോടുന്ന ഇന്ദു മിസ്സോ?
അതോ കുറുപ്പുമാഷിന്റെ ആയുധമായി നീ
പറന്നു ചെന്നടര്‍ത്തിയെടുക്കുന്ന
ഉറക്കംതൂങ്ങിപ്പെണ്ണിന്‍താരുണ്യമൊട്ടിന്റെ കിനാവോ?
ബോര്‍ഡു മായ്ക്കാനവള്‍ വരുമ്പോള്
ആ പാവാട ഞൊറികളില്
‍പൊടിയായ്‌ നീ മറഞ്ഞിരുന്നതെന്തേ?
കണികാസിദ്ധാന്തം പഠിപ്പിക്കാനോ?
അറിയില്ലെങ്കിലും അറിയാമെനിക്കൊന്നുമാത്രം,
ആ തൂവെള്ള കണികകളെ പലരും പ്രണയിച്ചിരുന്നു,
അതു തുടയ്ക്കുന്ന കരിവള കൈകളെ എന്നപോലെ.

14 comments:

  1. ഒരുപാട്‌ പ്രണയാക്ഷരങ്ങള്‍ ചോക്ക്‌ കുത്തിക്കുറിച്ചത്‌ കണ്ടിട്ടുണ്ട്‌. പക്ഷെ, ആദ്യമായിട്ടാണ്‌ അവനെ പ്രണയിച്ചവനെ കണ്ടത്‌, അവസാനം കരിവള എന്ന് പറഞ്ഞത്‌ ഒരു ഡബിള്‍ ക്ലൈമാക്സിനുള്ള സാധ്യതയാണാ? ചുമ്മാ ചോക്കിന്‌ ആശ കൊടുത്ത്‌ പറ്റിക്കല്ലാശാനെ...

    ReplyDelete
  2. പ്രിയ ശിഹാബ്‌, കണ്ണ്‍, കാപ്പിലാന്‍, മാര്‍ഗ്ഗം, പാറുക്കുട്ടീ, വന്നതിനും വായിച്ചു വര്‍ത്തമാനം പറഞ്ഞു പോയതിനും നന്ദി.
    പ്രിയപ്പെട്ട സഞ്ചാരീ...., ഡബിള്‍ ക്ലൈമാക്സില്ല. ഒന്നുമാത്രം. ഏതുവേണമെന്നിനിയും നിശ്ചയമായില്ല. അത്രതന്നെ. ഈ വഴിയമ്പലത്തില്‍ വന്നുപോയതിന്‌ നന്ദി കെട്ടോ...

    ReplyDelete
  3. നന്നായിരിക്കുന്നു.

    ഇനിയും എഴുതു

    ആശംസകൾ

    ReplyDelete
  4. ഇങ്ങനെ ചോക്കിനെ കാണുന്നതാദ്യം..

    ReplyDelete
  5. ആരും കാണാതെ മോഷ്ടിച്ച്‌ ട്രസറിന്റെ പോക്കറ്റിലിട്ടതും വീടിന്റെ ഭിത്തിയില്‍ കോറി അച്ചന്റെ തല്ലുവാങ്ങിതന്നതും ഇവനാണ്‌...സുന്ദരമായിരിക്കുന്നു.അഭിനന്ദനങ്ങള്‍

    ReplyDelete
  6. ആശയം വളരെ നന്നായിരിക്കുന്നു..
    അവതരണം എനിക്കത്ര ഹൃദ്യമായി തോന്നിയില്ല..
    വലിച്ചു നീട്ടാതെ എഴുതുക...

    ആശംസകള്‍..

    ReplyDelete
  7. അറിയില്ലെങ്കിലും അറിയാമെനിക്കൊന്നുമാത്രം,
    ആ തൂവെള്ള കണികകളെ പലരും പ്രണയിച്ചിരുന്നു,
    അതു തുടയ്ക്കുന്ന കരിവള കൈകളെ എന്നപോലെ.
    വളരെ മനോഹരമായിരിക്കുന്നു

    ReplyDelete
  8. ഹായി... ഒരു ചോക്കിനു ഇത്രയും അനന്ത സാധ്യതകള്‍ ഉണ്ടല്ലോ... നമ്മള്‍ ആരും ഓര്‍ക്കാതെ പോയ സത്യം... അല്ലെ? ഇത് കവിത എഴുതുന്നവരുടെ ഇത് കുഴപ്പമാ. നമ്മള്‍ ആരും ശ്രദ്ധിക്കാത്ത പല സൂക്ഷ്മ വസ്തുക്കളും അവര്‍ നന്നായി വിശകലനം ചെയ്യും.

    ഇപ്പൊ എനിക്കൊരു ഐഡിയ. ഒരു മഴത്തുള്ളിയുടെ ജീവിതം ആയാലോ? എന്നോ, എവിടെയോ ഒരു ഓടയില്‍ ഒഴുകി നടന്നു. പിന്നെ സൂര്യന്‍ അങ്ങ് വിളിച്ചു. ആയിരം മൈലുകള്‍ മിന്നലായി ഇടിയായി ഒഴുകി. പിന്നെ ഒരുനാള്‍ ആരും കാണാതെ കൂട്ടത്തില്‍ ഒന്നായി മഴയായി താഴേക്കു വീണു. പിന്നെയും ഓടയില്‍, തോട്ടില്‍, പുഴയില്‍, നദിയില്‍, കടലില്‍... അങ്ങനെ ജീവിച്ചു പാവം...

    ഹേയ്, ഞാന്‍ കവിത എഴുത്തുകാരനല്ല. കേട്ടോ...

    ReplyDelete