Tuesday, April 7, 2009

ഇവിടെ ഭൂമി കുലുങ്ങുന്നു...

പ്രില്‍ 6, തിങ്കളാഴ്ച. ഇപ്പോള്‍ സമയം രാത്രി പത്തു മണി. റോമിലെ ഒരു നാലുനില കെട്ടിടം. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ അവസാന മുറിയിലിരുന്ന് ഞാനിതെഴുതുമ്പോള്‍ ഇവിടെ നിന്നും തൊണ്ണൂറു കിലോമീറ്റര്‍ അകലെ അക്വീലാ എന്നൊരു നഗരത്തില്‍ നിന്നും വിലാപങ്ങള്‍ ഉയരുകയാണ്‌. ഇന്നു രവിലെ മൂന്നരയ്ക്ക്‌ ഇവിടെ ഭൂചലനമുണ്ടായി. വളരെ പുരാതനമായ കെട്ടിടങ്ങളായിരുന്നു ഏറെയും. അവയില്‍ പലതും തകര്‍ന്നുവീണു. ഇപ്പോള്‍ കേട്ട രാത്രി വാര്‍ത്തയില്‍ മരണ സംഖ്യ 160 കടന്നിരിക്കുന്നു. പരുക്കേറ്റ ആയിരങ്ങള്‍ ആശുപത്രിക്കിടക്കകള്‍ നിറയ്ക്കുന്നു.


ടെലിവിഷനില്‍ കണ്ടൂ, ചിന്നിത്തെറിച്ച കോണ്‍ക്രീറ്റു കഷണങ്ങള്‍ക്കിടയില്‍ ജീവനും മരണവും മാംസവും കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവര്‍ത്തകരുടെ യൂണീഫോമിന്റെ മഞ്ഞയും ചുമപ്പും ചേര്‍ന്ന ഉജ്ജ്വല വര്‍ണ്ണങ്ങള്‍ ക്യാമറയെ മറയ്ക്കുന്നു.ഇന്നലെ രാത്രിയില്‍ മമ്മിയും പപ്പയും ഉറങ്ങിയത്‌ ദേ ഈ മുറിയിലെന്നു ഒരു കുട്ടി രക്ഷാ പ്രവര്‍ത്തകരെ കാട്ടിക്കൊടുക്കുന്നു. പിന്നെ, പൂഴിയില്‍ പൂണ്ട അച്ഛനമ്മമാരുടെ മൃതദേഹങ്ങള്‍ക്കു പിന്നാലെ അവന്‍ നടന്നു പോകുന്നു. അവന്റെ വഴികള്‍ കോണ്‍ക്രീറ്റു പൊടികളില്‍ തീരെ തെളിച്ചമില്ലാതാവുന്നു! മൃതദേഹങ്ങള്‍ പരതിപ്പോയ നായ കല്‍ക്കൂമ്പാരങ്ങളില്‍ കുടുങ്ങിയ ഒരു കുടുംബ ഫോട്ടോയ്ക്ക്‌ മുമ്പില്‍ നിശ്ചലനായി നിന്നു. ദുരന്തത്തെ അതിജീവിച്ചവര്‍ ഗാഢമായ ആലിംഗനങ്ങളില്‍ മണിക്കൂറുകളോളം അമരുന്നു. രണ്ടു കണ്ണുനീര്‍തുള്ളികള്‍ കൂടി ചേരുമ്പോള്‍ അവയില്ലാതാവുന്നു എന്ന സ്നേഹ രാസമാറ്റത്തിന്റെ പരീക്ഷണ ശാലകളായി അവരുടെ കണ്ണുകള്‍ മാറുന്നു. ക്ലബ്‌ ഫുട്ബോളിന്റെ ഉന്മാദങ്ങള്‍ക്ക്‌ തീകൊളുത്തുന്ന ഇറ്റാലിയന്‍ ടെലിവിഷന്‍ സ്ക്രീനുകള്‍ മൗനമാകുന്നു, ദു:ഖസാന്ദ്രമാകുന്നു.
വാര്‍ത്തയ്ക്കിടയില്‍ ഇറ്റലിയില്‍ ഇതിനുമുന്‍പുണ്ടായിട്ടുള്ള ഭൂചലനങ്ങളുടെ ചരിത്രം... അവയില്‍ മരിച്ച പതിനായിരങ്ങളുടേയും ലക്ഷങ്ങളുടേയും എണ്ണം.... ചില പഴയ വീഡിയോകള്‍... ഒക്കെ ചേര്‍ന്ന് രാത്രിയോടൊപ്പം ഭയവും ചരിത്രത്തിന്റെ കുളമ്പടികള്‍ വിലയം കൊണ്ടിരിക്കുന്ന റോമിന്റെ ആകാശത്തെ പൊതിയുന്നു.വീഡിയോകളിലൊന്നില്‍ ഇതാ ഒരു പടുകൂറ്റന്‍ ദേവാലയം ഇടിഞ്ഞൂര്‍ന്നു വീഴുന്നു. നിലം പൊത്തിയ മണലിന്റേയും സിമന്റിന്റേയും കൂമ്പാരത്തില്‍ നിന്നും പൊടിപടലം ഒരു മഹാപര്‍വ്വതം കണക്കേ ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങുന്നു. ആ ധൂമ പ്രളയത്തില്‍ അനേകമാത്മാക്കള്‍ കൂടു വിട്ട്‌ പ്രകാശ വര്‍ഷങ്ങളുടെ കൈ പിടിക്കുന്നു. സീസ്മോഗ്രാഫിക്‌ സ്റ്റേഷനുകളിലെ നിറം പൊളിഞ്ഞ സ്പന്ദമാപിനികളുടേയും റിക്ടര്‍ സ്കെയില്‍ കുത്തി വരച്ചിട്ട ഗ്രാഫുകളുടേയും ചിത്രങ്ങള്‍ വല്ലാതെ ഭയപ്പെടുത്തുന്നു. രക്ഷാ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതിനോടൊപ്പം പുത്തന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി ബര്‍ല്ലിസ്കോണി. മരിച്ചവരുടെ സങ്കടങ്ങളില്‍ ഇറ്റാലിയന്‍ ജനതയോടൊപ്പം അദ്ദേഹവും പങ്കുചേരുന്നു. വാര്‍ത്തയിലെ അവസാന വാചകം എന്റെ നെഞ്ചിലിപ്പോള്‍ നടുക്കമായി നിലകൊള്ളുന്നു. അടുത്ത ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടേക്കാം . ജാഗ്രത പുലര്‍ത്തണം!

ഇന്നു രാവിലെ മൂന്നര. ഞാന്‍ ഒരു സ്വപ്നത്തിലായിരുന്നു. തെങ്ങോലയും ഇളം വെയിലുമൊക്കെയുള്ള ഒരു സ്വപ്നം. പതിവുപോലെ നാടു തന്നെ യായിരുന്നു പശ്ചാത്തലം. പെട്ടെന്ന് ഞാനൊരു ഊഞ്ഞാലില്‍ ആടുന്നതു പോലെ. ഇടതു വശത്തേയ്ക്ക്‌ എന്റെ കട്ടില്‍ ആയത്തില്‍ ഒന്നാഞ്ഞു പോയി.പിന്നെ പൊടുന്നനേ വലതു വശത്തേയ്ക്കും അതേ ആട്ടം. ഞെട്ടി കണ്ണ്‍ മിഴിച്ചു. ലൈറ്റിട്ടു. എഴുന്നേറ്റ്‌ കാല്‌ നിലത്തുറപ്പിച്ചപ്പോള്‍ തറയില്‍ നേരിയ കമ്പനം. ഉറക്കത്തിന്റേയും ഉണര്‍വിന്റേയും സ്നിഗ്ദ്ധമായ മുഹൂര്‍ത്തം. പച്ചവെള്ളം നിറച്ചു വച്ചിരിക്കുന്ന പ്ലാസ്റ്റിക്ക്‌ കുപ്പികള്‍ ചെറുതായി ഒന്നാടി അമര്‍ന്നിരിക്കുന്നു. ഉറക്കം വിട്ടെഴുന്നേറ്റ നാഡികളിപ്പോള്‍ ഭൂകമ്പമെന്ന തിരിച്ചറിവില്‍ പ്രവര്‍ത്തനസജ്ജമാകുന്നു.

ഒരു നിമിഷം! എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു. എന്റെ മുറി ഏറ്റവും അവസാനത്തേതാണ്‌. മുറിയുടെ മൂന്നു വശവും പൊതിഞ്ഞു നില്‍ക്കുന്ന തണുത്തു നരച്ച ആകാശം ജനാലയുടെ വിടവിലൂടെ കണ്ടു. അങ്ങു ദൂരെ കടലുകള്‍ക്കുമപ്പുറത്ത്‌, വില്ലേജ്‌ ആഫീസ്‌ പടിയ്ക്കല്‍ ബസിറങ്ങി, പുഴ കടന്ന് കാലി മേയുന്ന പുല്‍മേടും മണ്‍ റോഡും കടന്ന് റബ്ബര്‍ തോട്ടം മുറിച്ച്‌ മാഞ്ചോട്ടിലെത്തി നില്‍ക്കുന്ന ഒരു വഴി ഓര്‍മ്മയില്‍ തെളിയുന്നു. എന്റെ വീട്ടിലേയ്ക്കുള്ള വഴി! മാഞ്ചോട്ടില്‍ നിന്നുമിറക്കമിറങ്ങിയാല്‍ ഓണത്തിന്‌ ഊഞ്ഞാലു കെട്ടുന്ന കശുമാവും ശൈശവവും ബാല്യവും എന്റെ കൈകളാല്‍ പരിരക്ഷിക്കപ്പെട്ട ചെറു നാരകവും പിന്നിട്ട്‌ വഴി ഒരു ചെമ്പകച്ചോട്ടിലെത്തി നില്‍ക്കും. എന്റെ വീടിന്റെ മുറ്റം.ചെമ്പകത്തിന്റെ താഴത്തെ താണ കൊമ്പില്‍ പതുങ്ങി ഇരിക്കുന്ന ചെമ്പന്‍പൂച്ച ഏതോ ഒരിരയുടെ അനക്കം കണ്ട്‌ കുടമുല്ലകളിലേയ്ക്ക്‌ ചാടുന്നു. പൗര്‍ണ്ണമി പൂത്തു നില്‍ക്കുന്ന അടുക്കള മുറ്റത്ത്‌ അമ്മയുടെ നിഴല്‍. അകത്ത്‌ ചേട്ടന്മാരുടെ, ചേച്ചിയുടെ വര്‍ത്തമാനം പറച്ചില്‍. രൂപക്കൂടിനു മുന്‍പില്‍ തിരികത്തിക്കുന്ന ചാച്ചന്‍. തിരിയുടെ സൗമ്യവെളിച്ചത്തില്‍ ഓര്‍മ്മ വച്ച നാള്‍ മുതല്‍ പരാതിയും പരിഭവങ്ങളും കേട്ട്‌ കൂടെ കരഞ്ഞ, ചിരിച്ച തിരുഹൃദയം!

മുറിയുടെ വാതില്‍ തള്ളിത്തുറന്നു. എമര്‍ജന്‍സീ എക്സിറ്റ്‌ എന്റെ മുറിയുടെ തൊട്ടരുകിലാണ്‌. ഡോര്‍ വലിച്ചു തുറന്നു ഞാന്‍ പുറത്തേയ്ക്കിറങ്ങി. താഴേ നിന്നുള്ള സ്റ്റെയര്‍കേയ്സ്‌ ഇവിടെ അവസാനിക്കുന്നു. കൈവിരിയില്‍ പിടിച്ചു താഴേയ്ക്ക്‌ നോക്കി. രാത്രി വെളിച്ചത്തില്‍ അത്രയ്ക്ക്‌ വ്യക്തമായില്ലെങ്കിലും നാലു നിലകളുടെ ഉയരം മനസ്സിലായി. കൈ വിരിയില്‍ അമര്‍ത്തിപിടിച്ച്‌ കണ്ണടച്ചു. ഏതാനും നിമിഷങ്ങള്‍ മാത്രം നീണ്ട ചലനം അവസാനിച്ചു. ചുറ്റു വട്ടത്തില്‍ മറ്റുള്ള സുഹൃത്തുക്കളൊക്കെ വിറങ്ങലിച്ചു നില്‍പ്പാണ്‌. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമായി മുപ്പതു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒന്നിച്ചു താമസിക്കുന്ന സ്ഥലമാണിത്‌. എവിടെയാണെങ്കിലും മനുഷ്യന്റെ വികാരങ്ങള്‍ സമമാണെന്ന് എനിക്കപ്പോള്‍ മനസ്സിലായി. വെള്ള ക്യാന്‍ വാസില്‍ കൂര്‍ത്ത പെന്‍സില്‍ കൊണ്ടു വരച്ചു വച്ചതുപോലെയുള്ള ചൈനാക്കാരന്റെ കുഞ്ഞുകണ്ണുകളില്‍, ഉരുണ്ടുന്തിയ കറുത്ത നെറ്റിത്തടങ്ങള്‍ക്കു താഴെ ഒരു പുലിമടപോലെ കാണുന്ന റുവാണ്ടാക്കരന്റെ കണ്ണുകളില്‍, സാമ്പയും ഫുട്ബോളും ഒരുപോലെ വിടര്‍ത്തുന്ന ബ്രസീലുകാരന്റെ കണ്ണില്‍, സഖാവ്‌ ചെഗുവേരയുടെ നാട്ടുകാരന്‍ ബൊളീവിയാക്കാരന്റെ കണ്ണില്‍,അതികായനായൊരു യുണൈറ്റഡ്‌ സ്റ്റേറ്റുകാരന്റെ കണ്ണില്‍, അപരന്റെ കണ്ണില്‍ തത്ത്വമസിയുടെ ക്ഷേത്ര ദര്‍ശനം നടത്തുന്ന ഇന്ത്യാക്കാരന്റെ കണ്ണില്‍ അങ്ങനെ നൂറു കണ്ണുകളില്‍ ഇപ്പോള്‍ ഒരൊറ്റ ഭാവമേയുള്ളൂ. ഭീതി. മൂന്നരമണിയിലെ ഈ പുലര്‍ച്ചയില്‍ ഈ കെട്ടിടത്തെ പൊതിയുന്ന അന്തരീക്ഷം വല്ലാതെ തണുത്തിരിക്കുന്നു. ആരുടേയോ തീരെ തണുത്ത നിര്‍വ്വികാരമായ നീണ്ട വിരലുകള്‍ പോലെ അതെന്നെ തൊടുന്നു.

കൊച്ചു റേഡിയോകള്‍ ചിലച്ചു. ഈ രാത്രിയില്‍ ഇനിയെന്തുവെണമെന്ന ആലോചനയ്ക്കിടയില്‍ ആരോ പറഞ്ഞു. ഇവിടെ അടുത്ത്‌ അക്വീലയിലാണു ഭൂകമ്പത്തിന്റെ ഉത്ഭവം. അവിടെ കെട്ടിടങ്ങള്‍ താഴെ വീണു. എങ്കിലും ഇനിയിപ്പോള്‍ തുടര്‍ ചലനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലത്രേ. എവിടേയോ ഉണ്ടായ ഭൂചലനത്തിന്റെ തരംഗങ്ങള്‍ മാത്രമാണിത്‌. ഓരോരുത്തരായി മുറികളിലേയ്ക്ക്‌ മടങ്ങി. ഞാനും നേരിയ ആശ്വാസത്തോടെ തിരിച്ചു മുറിയില്‍ വന്നു കതകടച്ചു. ലൈറ്റ്‌ ഓഫാക്കി. പെട്ടെന്ന് പരന്ന ഇരുട്ട്‌ ഒരു വന്യ ജീവിയെ പോലെ എന്നെ ഭയപ്പെടുത്തി. വേഗം വീണ്ടും ലൈറ്റിട്ടു. കൈയിലും മനസ്സിലും ജപമാലയും പ്രാര്‍ത്ഥനയുമായി കട്ടിലില്‍ ഇരുന്നു. എപ്പോഴോ ഉറങ്ങി. തൊട്ടിലില്‍ കുഞ്ഞിനെ ഉറക്കി അവനറിയാതെ പതിഞ്ഞ കാല്‍ വയ്പ്പുകളോടെ പശുവിന്‌ പുല്ലരിയാന്‍ പുറത്തേയ്ക്ക്‌ പോകുന്ന അമ്മയെ പോലെ ജപമാലയേന്തിയ എന്റെ വലം കൈ ഞാനറിയാതെ എപ്പോഴോ ലൈറ്റണച്ചു.

പുലരുവോളം സ്വപ്നങ്ങളേ ഉണ്ടായിരുന്നില്ല. നാട്ടില്‍ വാര്‍ത്തയാവില്ലെന്നറിയാമെങ്കിലും രാവിലെതന്നെ വീട്ടില്‍ വിളിച്ചു. കഴിഞ്ഞയിടെ പ്രസവിച്ച രണ്ടു പൂച്ചകുട്ടികളില്‍ ഒന്നിന്റെ തിരോധാനമായിരുന്നു അമ്മയുടെ സംസാരത്തിലെ പ്രധാന വാര്‍ത്ത. ചേട്ടനെ കാര്യങ്ങളുടെ നിസ്സാരതയൊക്കെ പറഞ്ഞു മനസ്സിലാക്കി. പത്ര വാര്‍ത്തകളും ടി വി ന്യൂസുകളുമൊക്കെയായി പകല്‍ കഴിഞ്ഞു പോയി. മലയാളികള്‍ക്കിടയില്‍ പതിവ്‌ തമാശകള്‍ പരന്നു. കാശു കടം കൊടുത്തവന്‍ ഭൂമി കുലുങ്ങിയപ്പോള്‍ കടക്കാരുടെ മുറികളില്‍ തട്ടി വിളിക്കാന്‍ പോയത്രേ. ഇറ്റാലിയന്‍ ഉപ്പില്ലാ ഭഷണത്തില്‍ നിന്നും രക്ഷപെടാന്‍ അരിയും അച്ചാറുമൊക്കെ നാട്ടില്‍ നിന്നും വരുത്തിവച്ച ഒരാള്‍ അതുമായ്‌ ഓടുന്നത്‌ കണ്ടവരുണ്ട്‌. ഇനിയും രാത്രിയില്‍ ഒരു കുലുക്കവുമറിയാതെ ഉറങ്ങി പോയവര്‍ രാത്രിയില്‍ എന്താണ്‌ നടന്നതെന്ന് മറ്റുള്ളവരോട്‌ ഒതുക്കത്തില്‍ ചോദിക്കുന്നു.

ഇപ്പോള്‍ രാത്രി വാര്‍ത്തകള്‍ക്കുശേഷം മുറിയില്‍ വന്നിരുന്നിതെഴുതുമ്പോള്‍ നിരത്തിലൂടെ പായുന്ന ആംബുലന്‍സുകളുടെ സൈറണ്‍ കേള്‍ക്കാം. കാറ്റില്‍ ജനാല പാളികള്‍ ഇളകുന്ന ശബ്ദം പോലും വല്ലാതെ പരിഭ്രമിപ്പിക്കുന്നു. വാച്ചിലെ സെക്കന്‍ഡ്‌ സൂചിയുടെ ടിക്‌ ടിക്‌ സ്വരം പോലും ബിഗ്‌ ബാംഗിലെ മഹാ സ്ഫോടനസ്വരമായി രൂപാന്തരപ്പെട്ടേക്കാമെന്ന് തോന്നി പോകുന്നു. ഭൂതകാലം ഒരു തിരശ്ശീലയിലെന്നപോലെ മനസ്സില്‍ തെളിയുന്നു. തണുത്തു നരച്ച അന്തരീക്ഷത്തിനെതിരേ ഞാന്‍ കണ്ണുകളിറുക്കിയടയ്ക്കുന്നു.

ഇപ്പോള്‍ എനിക്കു കാണാം, വില്ലേജ്‌ ആഫീസ്‌ പടിക്കല്‍ നിന്നും പുഴയ്ക്കും പുല്‍മേടിനുമപ്പുറം എല്ലാ മുറിയിലും നിലാവു വീണ ഒരു വീടും, തെളിഞ്ഞു കത്തുന്ന ഒരു മെഴുതിരിയും അതിന്റെ വെട്ടത്തിലൊരു രൂപക്കൂടും. അവിടെ എനിക്കായ്‌ തുടിക്കുന്ന ഒരു തിരു ഹൃദയവും. ഇനി ഏറ്റവും ശാന്തിയോടെ ഞാന്‍ ഉറങ്ങട്ടെ. തെങ്ങോലയും ഇളവെയിലുമുള്ള സ്വപ്നങ്ങളിലേയ്ക്ക്‌....പുത്തന്‍ ഭൂകമ്പ തമാശുകളിലേയ്ക്ക്‌ ഞാന്‍ ഉണരട്ടെ.
ഗുഡ്‌ നൈറ്റ്‌...

13 comments:

  1. "ഇപ്പോള്‍ എനിക്കു കാണാം, വില്ലേജ്‌ ആഫീസ്‌ പടിക്കല്‍ നിന്നും പുഴയ്ക്കും പുല്‍മേടിനുമപ്പുറം എല്ലാ മുറിയിലും നിലാവു വീണ ഒരു വീടും, തെളിഞ്ഞു കത്തുന്ന ഒരു മെഴുതിരിയും അതിന്റെ വെട്ടത്തിലൊരു രൂപക്കൂടും. അവിടെ എനിക്കായ്‌ തുടിക്കുന്ന ഒരു തിരു ഹൃദയവും. ഇനി ഏറ്റവും ശാന്തിയോടെ ഞാന്‍ ഉറങ്ങട്ടെ. തെങ്ങോലയും ഇളവെയിലുമുള്ള സ്വപ്നങ്ങളിലേയ്ക്ക്‌...."

    ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.. വളരെ നന്നായി എഴുതിയിരുക്കുന്നു.. വല്ലാത്ത ഒരു നൊമ്പരം ബാക്കിയാക്കി...
    ഓഫ്: സുഹൃത്തേ അവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നു ..

    സ്നേഹപൂര്‍വ്വം

    ...പകല്‍കിനാവന്‍...daYdreamEr...

    ReplyDelete
  2. ഈശ്വരന്‍ തുണയക്ക്ട്ടെ.

    വായനയിലൂടെ ആ ദുരന്തം കൂടുതല്‍ അറിയുന്നു

    ReplyDelete
  3. സുഹൃത്തേ.....
    ഇന്നത്തെ ഹിന്ദു പത്രത്തില്‍ വാര്‍ത്തയും ചിത്രവും കണ്ടു..ഇറ്റലിയിലെ ഇടക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങളെ പ്പറ്റി പറയുന്നുണ്ട്‌.ലോകത്തില്‍ ഏതെല്ലാമോ കോണുകളില്‍ ഉണ്ടാകുന്ന ഇത്തരം ദുരന്തങ്ങള്‍ ഒരു പക്ഷേ ആദ്യവായനയിലെ നടുക്കത്തിലും വേദനയിലും അവസാനിക്കുകയാണ്‌ ചെയ്യുന്നത്‌.പക്ഷേ ഇത്‌ വല്ലാതെ വേദനിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു.തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കിടക്കുന്ന ജീവന്‍ അവശേഷിക്കുന്ന മനുഷ്യജീവികളുടെ അവസ്ഥ ഓര്‍ക്കാനേ ആകില്ല.
    വെറും 90 കിലോമീറ്റര്‍ മാത്രം അകലത്തില്‍ നടന്ന ഈ ദുരന്തം താങ്കളെ ഭീതിയുടെ കൊടുമുടിയില്‍ എത്തിച്ചില്ലങ്കിലേ അത്ഭുതമുള്ളൂ..ഒരു നിമിഷം താങ്കള്‍ നാടിനെ പ്പറ്റിയുള്ള ഓര്‍മ്മകളിലേക്ക്‌ പോയപ്പോള്‍ ഭീതിയുടെ ആഴം മനസ്സിലാക്കാം...എല്ലാവരുടേയും വേദനയില്‍ പങ്കുചേരുന്നു...ധൈര്യമായിരിക്കുക...

    ReplyDelete
  4. "ഇനിയും രാത്രിയില്‍ ഒരു കുലുക്കവുമറിയാതെ ഉറങ്ങി പോയവര്‍ രാത്രിയില്‍ എന്താണ്‌ നടന്നതെന്ന് മറ്റുള്ളവരോട്‌ ഒതുക്കത്തില്‍ ചോദിക്കുന്നു."
    എന്നെ പോലെ ഇതൊന്നുമറിയാതെ ഗാഢനിദ്രയിലമര്‍ന്നവര്‍ വേറെയുമുണ്ടായിരുന്നല്ലേ! എന്തായാലും ഞാനെഴുന്നേറ്റിരുന്നെങ്കില്‍ എന്തൊക്കെ തോന്നിയേനെ എന്ന് ബിനീഷിന്റെ വരികളില്‍ നിന്ന് മനസ്സിലായി...
    അനുഭവങ്ങള്‍ അതിന്റെ ചൂടോടെ പങ്കുവച്ചതിന്‌ നന്ദി.

    ReplyDelete
  5. hai...bineesh...wonderful.....
    good presentation................

    ReplyDelete
  6. നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍

    ReplyDelete
  7. പ്രിയ പകല്‍കിനാവന്‍, മണിയേട്ടാ,പ്രിയ,സഞ്ചാരീ, ബിനോജ്‌, പാറുക്കുട്ടീ, ബിനോയ്‌
    വായിച്ചതിനും സമഭാവനയോടെ പ്രതികരിച്ചതിനും ഒത്തിരി നന്ദി. ഇവിടെ ഇപ്പോള്‍ ഒക്കെ ശാന്തം. അക്വീലായിലും ഇവിടേയും തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടെങ്കിലും അത്‌ ഭൂചലനത്തിന്റെ മടങ്ങിപ്പോക്കായി കരുതുന്നു.

    ReplyDelete
  8. ഓരോ ഭൂചലനവും മനസ്സില്‍ ഉണ്ടാക്കുന്ന ആശങ്കയും ഭയവും പിന്നെ പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയുടെ ആശ്വാസവും വായിച്ചു.പ്രകൃതി മനുഷ്യനെ പലവിധത്തില്‍ പരീക്ഷിക്കുന്നു.നല്ലത് മാത്രം സംഭവിക്കട്ടെ

    ReplyDelete
  9. രണ്ടു കണ്ണുനീര്‍തുള്ളികള്‍ കൂടി ചേരുമ്പോള്‍ അവയില്ലാതാവുന്നു എന്ന സ്നേഹ രാസമാറ്റത്തിന്റെ പരീക്ഷണ ശാലകളായി അവരുടെ കണ്ണുകള്‍ മാറുന്നു.
    എത്ര മനോഹരമായ എഴുത്ത് രണ്ടു സമാന ദുഖങ്ങളുടെ മനശാത്രം ഇതിലും നന്നായി എഴുതാന്‍ കഴിയില്ല .

    ദുരന്ത മുഖത്തേക്കു കൂട്ടികൊണ്ടു കൊണ്ട് പോയി ഒക്കെ നേരില്‍ കാട്ടിയതു പോലെയായിരുന്നു .

    നല്ലത് മാത്രം വരുത്തണേന്നു പ്രാര്‍ത്ഥിക്കാം

    ReplyDelete
  10. you have presented it in a different way.........
    Congratulations............

    ReplyDelete
  11. ഹോ... ഇങ്ങനെയൊക്കെ സംഭവിച്ചു ഇവിടെ അല്ലേ...?

    ഭൂകമ്പമുണ്ടായി എന്ന് അറിഞ്ഞപ്പോഴും അതിന്റെ കാഠിന്യം ഇത്രയതികമെന്ന് ചിന്തിക്കാനേ കഴിഞ്ഞില്ല. ബിനീഷിന്റെ വരികളിലെ ഭീതിയുടെ ആഴം എന്നിലും കടുത്ത ഭീതി ജനിപ്പിക്കുന്നു. ഞാനിവിടെ ഇല്ലായിരുന്നെങ്കിലും, ഇപ്പോള്‍ എല്ലാം നേരില്‍ കണ്ടപോലെ..., അനുഭവിച്ചറിഞ്ഞപോലെ...!

    എഴുത്ത്‌ നന്നായിരിക്കുന്നു. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ത്തു. തെങ്ങോലയും, ഇളംവെയിലുമുള്ള സ്വപ്നങ്ങളിലേയ്ക്ക്‌ ഇനിയൊരിക്കലും 'പ്രകൃതിയുടെ ചാഞ്ചാട്ടങ്ങള്‍' വിരുന്ന് വരാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം...

    ഉയിര്‍പ്പ്‌ തിരുനാള്‍ ആശംസകള്‍.

    ReplyDelete
  12. വായനക്കാരനെ കൂടെ നടത്തുന്ന എഴുത്ത്..
    ഇനിയുമിനിയും എഴുതാന്‍ കഴിയട്ടെ...
    ആ ഭീതി പതിയെ എന്നിലേക്കും പടര്‍ന്നു കയറുന്നു വായിക്കുമ്പോള്‍...

    ആശംസകള്‍...

    ReplyDelete