Thursday, April 23, 2009

ഉച്ച കഴിഞ്ഞ്‌...

ള്ളിക്കൂടത്തിലെ എല്ലാ നേരവും സുന്ദരമാണ്‌. പുസ്തകക്കെട്ടും ചൂട്‌ ചോറ്റുപാത്രവും മഴക്കുടകളുമായി നാട്ടുവഴികളിലൂടെ വഴക്കിട്ടും കൂട്ടുകൂടാന്‍ വേണ്ടി മാത്രം പിണങ്ങിയും, പൂക്കളോടും പുഴയോടും പൂത്തുമ്പിയോടും കുശലം പറഞ്ഞുംകൊണ്ടുള്ള രാവിലത്തെ വരവ്‌. പീരിയഡുകള്‍ക്കിടയിലെ നീളം കുറഞ്ഞ ഇടവേളകള്‍. ചുവരെഴുത്തുകളുടെ അജന്താ ഗുഹകളായ മൂത്രപ്പുരയിലേയ്ക്കുള്ള തീര്‍ത്ഥാടനം. പിന്നെ, ഇനിയും ചൂടാറാത്ത പൊതിച്ചോറിന്റെ ഉന്മാദത്തിലേയ്ക്കൊരു ഉച്ചയൂണ്‌. അവസാനം, നാലാം മണിയും ജനഗണമനയും കഴിഞ്ഞ്‌ അമ്മേ വിശക്കുന്നേ എന്നും പറഞ്ഞ്‌ വീട്ടിലേയ്ക്കൊരോട്ടം.

ഇതിലേറ്റവും മനോഹരം ഉച്ചകഴിഞ്ഞുള്ള പള്ളിക്കൂടമാണെന്നെനിക്കു തോന്നുന്നു. അപൂര്‍വ്വ സുന്ദരമാണാ സമയം. നമ്മള്‍ക്കത്‌ അധികം ആസ്വദിക്കാന്‍ പറ്റിയിട്ടുണ്ടാവില്ല. കാരണം ഒരവയവം കണക്കേ നാമ്മളപ്പോള്‍ പള്ളിക്കൂടത്തിന്റെ ഒരു ഭാഗം തന്നെയായി ക്ലാസിലല്ലേ. ഉച്ചയൂണിന്റെ നിര്‍വൃതിയില്‍, ഓടിച്ചാടി നടന്നതിന്റെ സുഖതളര്‍ച്ചയില്‍, ഒരുച്ചമയക്കത്തിന്റെ ആറ്റുതൊട്ടിലില്‍ നമ്മളങ്ങനെ ഇരിക്കുകയായിരിക്കും അപ്പോള്‍. അവിടിരുന്ന് ജനാലയിലൂടെ പുറത്തേയ്ക്ക്‌ നോക്കിയാല്‍ കാണാം, സ്കൂള്‍ മുറ്റം.

വെയിലാറിത്തുടങ്ങുന്നു. തീക്ഷ്ണവെട്ടത്തിന്‌ മഞ്ഞ നിറമേറുന്നു. അന്തരീക്ഷത്തിന്‌ ആകപ്പാടെ പൊതിച്ചോറിന്റെ ഗന്ധമാണ്‌. വാടിയ ഇലയുടെ, വെന്ത ചോറിന്റെ പേരറിയാത്ത അനേകം കറികളുടെ കൂടിക്കുഴഞ്ഞ ലഹരിപിടിപ്പിക്കുന്ന ഗന്ധം. കുട്ടികളൊക്കെ ക്ലാസ്സിലാണ്‌. ഹോട്ടലില്‍നിന്ന് ചോറുണ്ട സംഗീതം മാഷ്‌ പിന്‍ വരാന്തയില്‍ പോയി നിന്ന് ഒരു സിഗരറ്റ്‌ വലിക്കുന്നു. കാര്യമായി ക്ലാസുകളില്ലാത്ത ഡ്രോയിംഗ്‌ മാഷ്‌ ആളൊഴിഞ്ഞ സ്റ്റാഫ്‌ റൂമിലെ ബഞ്ചില്‍ കാല്‌ നീട്ടി വച്ചുറങ്ങുന്നു. കുട്ടികളെ അടിക്കാന്‍ അവരെക്കൊണ്ടുതന്നെ വടികൊണ്ടുവരീക്കുന്ന വര്‍ക്കി മാഷിന്റെ ക്ലാസില്‍നിന്നും കുറെ കുട്ടികള്‍ വടി തേടി ഇറങ്ങുന്നു. ഉച്ച സമയത്ത്‌ പള്ളിപ്പറമ്പീന്ന് തേങ്ങ കട്ടു തിന്ന മുണ്ടുടുത്ത രണ്ട്‌ പത്താം ക്ലാസുകാര്‍ അടി വാങ്ങി ഹെഡ്‌ മാഷിന്റെ ഓഫീസില്‍ നിന്നും മടങ്ങുന്നു. വിശപ്പിനേക്കാള്‍ എത്രയോ നിസ്സാരമാണീ അടിയെന്ന് മണ്ടന്‍ മാഷിനറിയില്ലല്ലോ എന്നോര്‍ത്ത്‌ അവര്‍ ഉള്ളില്‍ പൊട്ടിച്ചിരിക്കുന്നു.


പള്ളിക്കൂടമിപ്പോള്‍ ഒരു തേനീച്ചക്കൂട്‌ പോലെ ഇരമ്പുകയാണ്‌. കുട്ടികളുടെ സ്വരം, അദ്ധ്യാപകരുടെ സ്വരം, അതിനും മേലെ പള്ളിക്കുടമുറ്റത്തെ പൊതിച്ചോറിന്റെ അവശിഷ്ടങ്ങള്‍ കൊത്തിപ്പെറുക്കുന്ന കാക്കകളുടെ കരച്ചില്‍. ആ ഇരമ്പത്തില്‍ കനകച്ചിലങ്ക കിലുങ്ങുന്നു. പാത്തുമ്മായുടെ ആട്‌ കരയുന്നു. അങ്കണത്തൈമാവുകള്‍ മാമ്പഴം പൊഴിക്കുന്നു. വോള്‍ട്ടയര്‍ ഗ്രന്ഥമെഴുതുന്നു. അത്‌ ഫ്രഞ്ച്‌ വിപ്ലവത്തിന്‌ തീക്കനലാകുന്നു. ടെന്‍സിംഗും ഹിലാരിയും എവറസ്റ്റിനു മേലേ നിന്ന് ചിരിക്കുന്നു. സബര്‍മതിയില്‍ നിന്നും രഘു പതി രാഘവ രാജാ റാം എന്നാരോ പാടുന്നു. മാഗല്ലന്‍ ഉലകം ചുറ്റാനിറങ്ങുന്നു. ഹിരോഷിമയില്‍ ആറ്റംബോംബ്‌ ചിരിക്കുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോ വൈറസുകള്‍ പ്രതിരോധക്കോട്ടകള്‍ തകര്‍ത്ത്‌ സാമ്രാജ്യങ്ങളെ ഇല്ലാതാക്കുന്നു. ഹൈഡ്രജനും ഓക്സിജനും ചേര്‍ന്ന് പച്ചവെള്ളമുണ്ടാകുന്നു. അതിനിടയില്‍ ഒരു പ്രവാചാകന്‍ and I have miles to go before I sleep... എന്ന് കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു. ഇപ്പോള്‍ പള്ളിക്കുടം ദൈവത്തേപ്പോലെ. എല്ലാമറിയുന്ന, അറിവ്‌ തന്നെയായ ദൈവത്തേപ്പോലെ.


ഉച്ചക്കെന്തൊരു അഴകാണ്‌! പ്രഭാതത്തിനാണെങ്കില്‍ പുതുപൂക്കളുടെ ഗന്ധമുണ്ട്‌. തൂമഞ്ഞിന്റെ സാന്ദ്രതയുണ്ട്‌. സായന്തനത്തിനാണെങ്കില്‍ കോടി വര്‍ണ്ണങ്ങളുണ്ട്‌. അസ്തമയത്തിന്റെ ആകാശ സൗന്ദര്യമുണ്ട്‌. പക്ഷേ ഉച്ചയ്ക്കെന്താണുള്ളത്‌? കനത്ത ചൂട്‌. കണ്ണഞ്ചിപ്പികുന്ന സൂര്യ വെളിച്ചം. തളര്‍ച്ച. ഇലകളും പൂക്കളും ജീവനുള്ളതൊക്കെയും വാടിത്തളര്‍ന്ന് നില്‍ക്കുന്നു. പാറപ്പുറത്ത്‌ വെയില്‍ കാഞ്ഞ്‌ കിടക്കുന്ന ഇഴ ജന്തുക്കള്‍.സൂര്യ താപമേറ്റ്‌ ചൂട്‌ പിടിക്കുന്ന പുഴ വെള്ളം. ജീവികളുടേയും സസ്യങ്ങളുടേയും നെറുകയിലെത്തുന്ന സൂര്യന്‍ നിഴലുകളെ ആകെ വര്‍ത്തുളമാക്കുന്നു. യാത്രികരൊക്കെ നടത്തം നിറുത്തി തണല്‍മരച്ചോടുകളില്‍ വിശ്രമിക്കുകയാണ്‌. വഴിയമ്പലങ്ങളോ തണലിടങ്ങളോ കണ്ടെത്താത്തവര്‍ കൊടുംചൂടില്‍ ഏന്തി വലിഞ്ഞ്‌ നടക്കുകയാണ്‌. പുഴയോരത്തെ പുല്‍പ്പരപ്പില്‍ മേഞ്ഞു നടന്ന കാലികള്‍ കനത്തചൂടില്‍ പുഴയിലേയ്ക്കിറങ്ങുന്നു. ചെളിക്കണ്ടത്തിലെ വെള്ളക്കുഴികളില്‍ മുക്കാലും മുങ്ങിക്കിടക്കുകയാണ്‌ കരിമ്പോത്തുകള്‍. വീട്ടിലെ പാണ്ടന്‍ നായ നാവ്‌ മുഴുവനും പുറത്തേയ്ക്കിട്ട്‌ നിറുത്താതെ അണയ്ക്കുകയാണ്‌. ചെമ്പന്‍ പൂച്ചയാവട്ടെ ചാണകം മെഴുകിയ തിണ്ണയുടെ തണുപ്പില്‍ പറ്റിച്ചേര്‍ന്ന് കിടന്നുറങ്ങുന്നു.

ആലസ്യമാര്‍ന്ന ഈ ഉച്ചയുടെ സൗന്ദര്യം കാണാന്‍ പഠിപ്പിച്ചത്‌ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലാണ്‌. ഖസാക്കില്‍ വന്നതിന്റെ അടുത്ത ദിവസം ഉച്ചയ്ക്ക്‌ രവി പുറത്തേയ്ക്കിറങ്ങി. പുഴയോളം നടന്നു. ഉച്ചവെയിലില്‍ സസ്യജാലങ്ങളൊക്കെ മയങ്ങി നില്‍പ്പാണ്‌. നാട്ടുവഴിയിലെ പുല്ലും കരിമ്പനകളും എല്ലാം. ഒരു ധ്യാനത്തിലെന്നോണം. ശരിയാണ്‌. ഉച്ചയുടെ ഈ മഹാ മൗനമുണ്ടല്ലോ. അത്‌ ഏറ്റവും ആഴമുള്ള ഒരു ധ്യാനമാണ്‌. ഈ സമയത്ത്‌ പ്രകൃതിയില്‍ നിറയുന്ന ഊര്‍ജ്ജം പവിത്രമാണ്‌.

ഉച്ച, മനുഷ്യജീവിതത്തിന്റെ മദ്ധ്യാഹ്നം പോലെ തോന്നും ചിലപ്പോള്‍. ബാല്യ കൗമാരങ്ങളൊക്കെ ഏറെ സുഗന്ധമുള്ള, ഫ്രെഷായ, സൗന്ദര്യപ്രധാനമായ പുലരി പോലെയാണ്‌. വാര്‍ദ്ധക്യമാവട്ടെ സന്ന്യാസത്തിന്റെ സമയമാണ്‌. മഹാനിര്‍വൃതിയുടെ കാലം. മോക്ഷപ്രാപ്തിയോട്‌ ചെര്‍ന്നു നില്‍ക്കുന്ന മുഹൂര്‍ത്തം. ശരീരം ഉപേക്ഷിക്കുകയേവേണ്ടൂ, ഈശ്വരനില്‍ ലയിക്കാന്‍. അത്രയ്ക്ക്‌ വിശുദ്ധിയും ശാലീനതയും ഉണ്ട്‌ സായന്തനത്തിന്‌. എന്നാല്‍ ജീവിതത്തിന്റെ മദ്ധ്യാഹ്നം നട്ടുച്ചപോലെ തീച്ചൂളയാണ്‌. തളര്‍ച്ച, അസംതൃപ്തി, കഠിനത, പാരുഷ്യം, മയക്കം. കാര്യമായ നിറമൊന്നുമില്ല. എന്നാലും മദ്ധ്യാഹ്നം ഏറെ സുന്ദരം തന്നെ. പക്വതയുടെ കാലമാണത്‌. എല്ലാറ്റിലും മേലെ മൗനത്തിന്റെ, ധ്യാനത്തിന്റെ അഴകുള്ള യോഗമുഹൂര്‍ത്തം. കാരണം, ഉച്ച സമയങ്ങളില്‍ വിജനമായ പള്ളിവാതിലുകള്‍തുറന്ന് ദൈവം പ്രകൃതിയിലേയ്ക്ക്‌ നടക്കാനിറങ്ങുന്നു.

19 comments:

  1. ഉച്ചക്കെന്തൊരു അഴകാണ്‌! പ്രഭാതത്തിനാണെങ്കില്‍ പുതുപൂക്കളുടെ ഗന്ധമുണ്ട്‌. തൂമഞ്ഞിന്റെ സാന്ദ്രതയുണ്ട്‌. സായന്തനത്തിനാണെങ്കില്‍ കോടി വര്‍ണ്ണങ്ങളുണ്ട്‌. അസ്തമയത്തിന്റെ ആകാശ സൗന്ദര്യമുണ്ട്‌. പക്ഷേ ഉച്ചയ്ക്കെന്താണുള്ളത്‌?

    ReplyDelete
  2. അതേ പള്ളിക്കൂടം ഓര്‍മ്മകള്‍ മനോഹരം തന്നെ

    ReplyDelete
  3. പള്ളിക്കൂടം ചിന്തകൾ വളരെ നന്നായി.
    കുഞ്ഞുടുപ്പുമിട്ട് പൂമ്പാറ്റയെ പോലെ നീഷ്ക്കളങ്കമായി ഓടിച്ചാടി നടന്നിരുന്ന കാലം...
    മനോഹരമായിരിക്കുന്നു...

    ReplyDelete
  4. ഉച്ചവെയിലിലെ പള്ളിക്കൂടം ഓര്‍മ്മകള്‍ സുന്ദരമായി എഴുതിയിരിക്കുന്നു..:)

    ReplyDelete
  5. അത്രേയേറെ മധുരമായയൊരു കാലം അത്രേയേറെ ഓര്‍ക്കാന്‍ കഴിയുന്ന ഒരു കാലം ഒരു പക്ഷെ ജീവിതത്തില്‍ വേറെ ഉണ്ടാവില്ല.
    ഉച്ചയുടെ തളര്‍ച്ച. വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളിലെ കലാപരിപാടികള്‍ ഒരു ഉത്സ്സാഹമായിരുന്നു.കുളിരുകള്‍ മാറാത്ത ഓര്‍മ്മകള്‍. മറക്കാത്ത നൂറുനൂറ് കഥകള്‍, കുരുത്തക്കേടുകള്‍ ,കുസൃതികള്‍

    ReplyDelete
  6. എത്ര മനോഹരമായ എഴുത്ത് ! സ്കൂളിലെ കുട്ടിക്കാലം ഓര്‍മ്മിപ്പിച്ചതിനു നന്ദി. നഷ്ടപ്പെട്ടുപോയതൊക്കെ ഓര്‍ക്കുമ്പോ ചങ്കിനകത്തൊരു കഴപ്പ്.
    വളരെ നല്ല ശൈലി. നല്ല ഭാഷ. ഗംഭീരം.
    അഭിനന്ദനങ്ങള്‍ ..

    ReplyDelete
  7. നട്ടുച്ചക്ക് ഒരു നല്ല മഴ പെയ്തു തകര്‍ത്ത പോലെ... ഒരു നല്ല പോസ്റ്റ്...
    :)

    ReplyDelete
  8. പോസ്റ്റ് മനോഹരമായി. ഒരുപാട് ഓർമ്മകളിലേയ്ക്ക് കൈപിടിച്ചു കൊണ്ടുപോയി. നന്ദി...

    ReplyDelete
  9. എന്താടാ.. ഇന്നലെ ഞാന്‍ നിനക്ക്‌ പെന്‍സില്‍ തന്നു... രമണിടീച്ചറുടെ പരീക്ഷയ്ക്കു കോപ്പിയടിക്കാന്‍ സഹായിച്ചു... ഇന്ന് ഞാനൊരു മഷിതണ്ട്‌ ചോദിച്ചപ്പോള്‍ നിനക്ക്‌ തരാന്‍ പറ്റില്ല... അല്ലേ... നാളെ നിനക്ക്‌ ഞാന്‍ കടല മിഠായി കൊണ്ടു വരില്ല...

    ReplyDelete
  10. ഉച്ചവെയിലും നിലാവായതു പോലെ..ഗുഡ്

    ReplyDelete
  11. ചേതോഹാരിയായ ഭാഷ.ഏതെല്ലാമോ പഴയ ലോകങ്ങളുടെ വെയിൽ‌ക്കൂട്ടിലേക്ക് അറിയാതെ നടന്നുപോയി.
    നന്നായി.

    ReplyDelete
  12. അരങ്ങ്‌ ..
    .വിശപ്പിനേക്കാള്‍ എത്രയോ നിസ്സാരമാണ്‌ അടി...ഒരിക്കല്‍ ഒരു മാഷ്‌ എന്നോട്‌ ഒരു ചിത്രം കാണിച്ചു പറഞ്ഞു..നോക്കൂ..എത്യൊപ്പിയയില്‍ ഭക്ഷണത്തിനുവേണ്ടി തിരക്കുകൂട്ടുന്നവരാണ്‌ ഈ ചിത്രത്തില്‍..ഇവരോട്‌ സംസ്കാരത്തെപ്പറ്റി പറയുന്നതിനെന്ത്‌ അര്‍ഥം..എല്ലാസംസ്കാരവും മര്യാദകളും നീതിയും ധര്‍മ്മവും നിറഞ്ഞവയറിന്റെ നിയമങ്ങളാണ്‌.പട്ടിണിക്കാരന്റെ നിയമപുസ്തകത്തില്‍ ഭക്ഷണത്തിനുള്ള ഏതുമാര്‍ഗ്ഗവും നിയമവും നീതിയുമാണ്‌.ശരിയാണെന്നെനിക്കും തോന്നി..
    ഉച്ചയും നന്നായി..ഒരു ക്യ ന്‍ വാസില്‍ വരച്ച ചിത്രം പോലെ തോന്നി..നല്ല ഭാഷ..കൂടുതല്‍ മേഖലകളിലേക്ക്‌ ഈ തൂലിക കടന്നുചെല്ലണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു..

    ReplyDelete
  13. വല്ലാത്ത നഷ്ട ബോധമുണത്തുന്നു...
    കുട്ടിക്കാലത്തെക്കുറിച്ച് ...
    വരികള്‍ കൂടെ നടത്തുന്നു...

    ReplyDelete
  14. ഇലവാട്ടി കെട്ടുന്ന പൊതിച്ചോറിന്റെ മണം..
    സ്ക്കൂള്‍ മുറ്റത്ത്‌ പോയി നിന്ന മനസിനെ
    എത്ര വേഗമാണ് ഖസാക്കിന്‍റെ നാട്ടു വഴിയില്‍ എത്തിച്ചത്..
    നന്നായിട്ടുണ്ട്....

    ReplyDelete
  15. പ്രിയ അരീക്കോടന്‍, വീ.കെ, റെയര്‍ റോസ്‌, പാവപ്പെട്ടവന്‍,ഇസാദ്‌, പകല്‍ കിനാവന്‍, ബിന്ദു.പി.കെ, അല്‍ജോ, കെ.കെ എസ്‌, സഞ്ചാരീ, ശിരോമണീ, മണിയേട്ടാ, ഹന്‍ലല്ലാത്ത്‌, സെറീനാ...,

    നട്ടുച്ചയില്‍ നാട്ടു വഴികളിലൂടെ എനിക്കൊപ്പം നടന്ന എന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക്‌ നന്ദി. ഞാനെഴുതിയത്‌ നന്നായെന്ന് നിങ്ങള്‍ പറഞ്ഞെങ്കില്‍ അതിന്റെ കാരണം നിങ്ങളുടെ ബാല്യം അത്രയ്ക്കു സുന്ദരമായിരുന്നു, സുഭഗമായിരുന്നു എന്നതുകൊണ്ടാണ്‌. ആ ഓര്‍മ്മകളിലേയ്ക്കുള്ള ഒരു ജാലകമായി എന്റെ പോസ്റ്റ്‌ അത്രമാത്രം

    ReplyDelete
  16. എഴുത്തു നന്നായി. തന്ന പ്രൊത്സാഹനത്തിനും നന്ദി.

    ReplyDelete
  17. വെയിലാറിത്തുടങ്ങുന്നു. തീക്ഷ്ണവെട്ടത്തിന്‌ മഞ്ഞ നിറമേറുന്നു. അന്തരീക്ഷത്തിന്‌ ആകപ്പാടെ പൊതിച്ചോറിന്റെ ഗന്ധമാണ്‌. വാടിയ ഇലയുടെ, വെന്ത ചോറിന്റെ പേരറിയാത്ത അനേകം കറികളുടെ കൂടിക്കുഴഞ്ഞ ലഹരിപിടിപ്പിക്കുന്ന ഗന്ധം. ----------ഓര്‍മ്മകളുടെ മത്ത് പിടിപ്പിക്കുന്ന മനോഹരിതയിലേക്ക് കൂട്ടി കൊണ്ട് പോയതിനൂ നന്ദി

    ReplyDelete
  18. വായനയിലൂടെ പരിചയം ആയ പ്രിയ കൂട്ടുകാരാ ഓരോ തലമുറകളുടെയും അനുഭവങ്ങളിൽ വളരെ അധികം സാമ്യത ഉണ്ടാകും പ്രത്യേകിച്ച് പള്ളികൂടഓർമ്മകളിൽ... മനോഹരമായ അവതരണം... നല്ല ഒരു വായന സമ്മാനിച്ചതിന് നന്ദി...

    ReplyDelete