
ഇടവപ്പകുതിയില്‍
അന്നാപ്പെരു മഴയില്‍
ഒരു കാറ്റിലെന്‍ വീടിന്‍
മേല്‍ക്കൂര പറന്നുപോയ്.
ഇന്നെന്‍ സുഹൃത്തിനെന്നോ-
ടുള്ളോരൂ പരിഭവം
തീരായ്കില്‍ വീണ്ടും വീണ്ടും
ഞാന്‍ നനഞ്ഞു പോയിടും.
സങ്കട മഴയുടെ
നേരത്തെന്‍ ഹൃദയത്തിന്‍
മേല്‍ക്കൂരയായിരുന്നു-
എന്‍പ്രിയ കൂട്ടുകാരന്‍.
ഗ്രീഷ്മം തിളച്ചീടുന്ന
ജീവിത സമയത്ത്
ആല്‍മരത്തണലായീ
എന്‍ പ്രിയകൂട്ടുകാരന്‍.
ഇപ്പോഴാ തണല്‍ മരം
മഴയില്‍ ഒലിച്ചു പോയ്.
മേല്‍ക്കൂരയാണെങ്കിലോ
കാറ്റിലും തകര്‍ന്നു പോയ്.
ചൊരിയും മഴയില്‍ ഞാന്‍
തണുത്തു കുളിരുന്നു.
തീവേനല്‍ നാവുകളെന്‍
ദിനങ്ങള്‍ നക്കീടുന്നു.
പുഞ്ചിരി തൂവീടുന്ന
ആ മുഖ വിതാനത്ത്
വെറുപ്പിന്‍ മുകിലുകള്‍
ഇരുളായ് പടരുന്നു.
വാത്സല്യം വിളമ്പുന്ന
വാക്കുകള്‍ എല്ലാമിപ്പോള്‍
പരിഹാസത്തിന്‍ കയ്പ്പില്‍
വല്ലാതെ ചൊരിയുന്നു.
ആ തിരു സൗഹൃദത്തിന്‍
ആകാശമില്ലെങ്കിലെന്‍
സ്വപ്നത്തിന്‍ നിറമെല്ലാം
രാവിന്റെ കറുപ്പാകും.
ആ മഹാ സൗഹൃദത്തിന്‍
തണലിലല്ലെങ്കിലോ
എന്‍ ആശാ മുകുളങ്ങള്‍
കരിഞ്ഞു പോകുമല്ലോ.
നിദ്രാവിഹീനം രാവ്
പകലോ ഏകാന്തവും.
കണ്ണീരും ഒരുപാട്
സങ്കട സ്മൃതികളും.
എന്തു ഞാന്‍ പറയണം
എന്നെനിക്കറിയില്ല.
എങ്കിലും നിനക്കെന്നെ
മറക്കാന്‍ കഴിയുമോ?
കടലിന്നാഴത്തോളം
സൗഹൃദം നെഞ്ചിലേറ്റി
സുഹൃത്തേ നിനക്കു ഞാന്‍
നേരുന്നൂ കണ്ണീര്‍പ്പൂക്കള്‍.