വിശേഷാവസരങ്ങള്‍ ഓരോന്നായി കടന്നു പോയി. ഓണം, സ്വാതന്ത്ര്യദിനം, കേരളപ്പിറവി. ഇതാ ഇപ്പോള്‍ തണുത്ത ഡിസംബറിലെ ആദ്യ ദിവസത്തിന്റെ പുലരിയില്‍ റോമിലെ ഏഴുമലകള്‍ക്കപ്പുറം സൂര്യന്‍ ഉദിക്കാന്‍ പോകുന്നു. റോമിലിപ്പോള്‍ തണുപ്പുകാലമാണ്. മേപ്പിള്‍ മരങ്ങള്‍ ഇലകള്‍ കൊഴിക്കുന്നു.ഫിറെന്‍സിലെ സൂര്യകാന്തി പാടങ്ങള്‍ക്കു മേലെ മഞ്ഞണിഞ്ഞ ആകാശത്തിലൂടെ കാട്ടുകൊക്കുകള്‍ ചൈനയിലേയും ഇന്ത്യയിലേയും ഹരിതവനങ്ങളിലേയ്ക്കു പറക്കുന്നു. ഇപ്പോള്‍ ഇതാ എന്റെ ജനാലയിലൂടെ ആകാശത്തുനിന്നും പറന്നിറങ്ങി വരുന്നതെന്താണ്? തുമ്പ് കെട്ടിയ ഒരു ചുവന്ന റിബണ്‍. എന്റെ ഓര്‍മ്മകളുടെ മഹാ ശൈത്യത്ത്യത്തിനു കുറുകെ ആ റിബണ്‍ വന്നു വീഴുന്നു. ഇന്ന് ലോക എയ്ഡ്സ് ദിനം. ഓര്‍മ്മകളിലിപ്പോള്‍ നിറയുന്നത് ആറു വര്‍ഷം മുന്‍പൊരിക്കല്‍ കേരളത്തിലെ ഒരു എയ്ഡ്സ് ഹോം സന്ദര്‍ശിക്കാന്‍ പോയതാണ്.
പ്രത്യേക അനുമതിയോടെയായിരുന്നു സന്ദര്‍ശനം. പോകാന്‍ തീരുമാനിച്ച അന്നു മുതല്‍ ആശങ്കകളായിരുന്നു മനസ്സില്‍. എയ്ഡ്സ് രോഗവും രോഗിയും ഒരു പോലെ പേടിപ്പിക്കുന്നു.സദാചാര പ്രസംഗങ്ങള്‍ മനസ്സില്‍ കുത്തി നിറച്ച ചിന്തയുണ്ടായിരുന്നു, പാപം ചെയ്തവര്‍ക്കുള്ള ശിക്ഷയാണത്രേ ഈ മഹാരോഗം.ബോധവത്ക്കരണ ക്ലാസ്സുകളും സെമിനാറുകളുമൊക്കെ കൂടിയിട്ടുണ്ടെങ്കിലും രോഗി താമസിക്കുന്ന ഗ്രാമത്തേപ്പോലും ഭയമായിരുന്നു. പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബോംബേയില്‍ തൊഴില്‍ തേടി പോയി തിരിച്ചു വന്നവര്‍ക്കു മേലെ സംശയത്തിന്റെ കാര്‍മേഘങ്ങള്‍ എന്നും ഉരുണ്ടുകൂടിയിരുന്നു. എയ്ഡ്സ് രോഗം വന്നു മരിച്ചുവെന്നു സംശയിക്കുന്ന ഒരു സ്ത്രിയെ പള്ളി സിമിത്തേരിയില്‍ അടക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ ഓര്‍മ്മയില്‍ തെളിഞ്ഞു. വീട്ടില്‍ പനിയോ ജലദോഷമോ വന്നാല്‍ തുളസിയിലയിട്ട് വെള്ളം കുടിക്കാറുണ്ടല്ലോ. വീട്ടില്‍ ഇലച്ചാര്‍ത്തുള്ള തുളസികളില്ല. അതുകൊണ്ട് അടുത്ത വീട്ടിലെ തൊടിയിലാണ് തുളസിയിലയ്ക്ക് പോകാറ്. കോലായിലെ ഭിത്തികള്‍ മുഴുവന്‍ ദൈവങ്ങളെക്കൊണ്ടലങ്കരിച്ച ഒരു ഹിന്ദു വീട്. പലപ്പോഴും ആ മരിച്ചു പോയ സ്ത്രിയുടെ കുട്ടികള്‍ എന്നോടൊപ്പം അവിടെ വരാറുണ്ടായിരുന്നു. ചിലപ്പോള്‍ തുളസിയിലകള്‍ പറിക്കുകയും ചെയ്തിരുന്നു. എയ്ഡ്സിന്റെ നിഴലില്‍ ആ സ്ത്രി മരിച്ചതില്‍ പിന്നെ അവരുടെ കുട്ടികള്‍ ഇല നുള്ളിയിരുന്ന തുളസിച്ചെടികളില്‍ നിന്നും ഇല പറിക്കാന്‍ ഞാന്‍ പോയിട്ടില്ല. ഈശ്വരാ, എല്ലാറ്റിനേയും സുഖപ്പെടുത്തുന്ന കൃഷ്ണ തുളസ്സിയേപ്പോലും ഞാന്‍! മാപ്പ്.
മുന്‍പു പോയിട്ടുള്ള സുഹൃത്തുക്കള്‍ നിര്‍ദ്ദേശങ്ങളൊക്കെ തന്നു. കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളെയെന്നപോലെ അവരെ കാണാന്‍ പോകരുത്. സഹതാപത്തിന്റേയോ പരിഹാസത്തിന്റേയോ, ഭയത്തിന്റേയോ കണ്ണുകള്‍ക്കൊണ്ടവരെ നോക്കരുത്. അകല്‍ച്ച കാണിക്കരുത്. ഭൂതകാലത്തേപ്പറ്റി ചോദ്യങ്ങള്‍ ചോദിച്ച് മുറിപ്പെടുത്തരുത്. അതായത് ചോര വാര്‍ക്കുന്ന പച്ച മുറിവുകള്‍ക്കും കണ്ണീരിനും മേലെ ക്യാമറ ഫോക്കസ് ചെയ്യുന്ന മഞ്ഞ പത്രക്കാരന്റെ മലിനമായ മനസ്സ് ഉണ്ടായിരിക്കരുത് എന്നര്‍ത്ഥം.
ഞങ്ങള്‍ കണ്ടുമുട്ടുവാന്‍ പോകുന്ന സഹോദരര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു.
ഉച്ച കഴിഞ്ഞ സമയം. ഓണക്കാലമായിരുന്നൂവത്. ചിങ്ങ മാസത്തിലെ മഞ്ഞ വെയില്‍. നഗരത്തിലെ ഓണ വിപണികളിലേയ്ക്ക് തിരക്കേറിയ വൈകുന്നേരം വന്നു നിറയുന്നു. നഗര പ്രാന്തത്തിലെ ആത്മീയാന്തരീക്ഷമുള്ള കോമ്പൗണ്ടില്‍ ഞങ്ങളെത്തി. രണ്ടാള്‍ ഉയരമുള്ള ഇരുമ്പു ഗെയിറ്റ്, എയ്ഡ്സ് രോഗികളോടുള്ള സമൂഹത്തിന്റെ മനസ്സാക്ഷിപോലെ. പഴക്കം ചെന്ന് തുരുമ്പെടുത്ത ആ ഗെയിറ്റു കണ്ടപ്പോള്‍ അപരിഷ്കൃതവും ഭയാനകവുമായ ഒരു ഭ്രാന്താലയമാണോര്‍മ്മയില്‍ വന്നത്. ഇല്ല, അടുത്ത ഒരു കാഴ്ചയില്‍ ആ ഗയിറ്റിനെന്തോ പ്രത്യേകതയുള്ളപോലെ. അഭൗമമായ ഒരു മഹാ കവാടം പോലെ ആ ഗയിറ്റ് ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍ തൂങ്ങീ നില്‍ക്കുന്നു. ജാഗ്രതയിലായിരുന്ന സെക്യൂരിറ്റി പ്രവേശനാനുമതി വാങ്ങി ഗയിറ്റ് തുറന്നു തന്നു. രണ്ടു പാളികള്‍ അകത്തേയ്ക്കു തുറക്കുന്നു. സ്വര്‍ഗ്ഗ വാതിലുകള്‍ പോലെ.
മനോഹരമായ ഒരു ബഹുനില കെട്ടിടം. ഒരു ദൈവാലയം പോലെ സൗന്ദര്യമുള്ള , വെടിപ്പും ശുദ്ധിയുമുള്ള ഒരു വീട്. മുറ്റത്ത് വെട്ടിയൊരുക്കിയ പച്ച പുല്‍ത്തകിടി. പൂത്ത ബൊഗേണ്‍ വില്ലകള്‍. വലിയ ഒരു മരത്തിന്റെ വേരുകൊണ്ടു നിര്‍മ്മിച്ച ഒരു സുന്ദരശില്‍പ്പം പുല്‍ത്തകിടിയ്ക്കു നടുവില്‍. അരികില്‍ ഒരു ഉഞ്ഞാല്‍. ചെടിച്ചട്ടികളില്‍ നിറഞ്ഞു പൂത്ത പൂക്കള്‍. പതിവ് പുനരിധിവാസ കേന്ദ്രങ്ങളുടെ അസ്വസ്ഥമായ അന്തരീക്ഷമവിടെയില്ല. അപൂര്‍വ്വ ശാന്തത. സ്വര്‍ഗ്ഗീയത. പുല്‍ത്തകിടിയിലെ ഇളംത്തലപ്പുകള്‍ തഴുകി, കടലാസു റോസാപ്പൂക്കളെ സൗമ്യമായി ഇളക്കി ഒരു തണുത്ത കാറ്റു വീശി. ഈശ്വരാ, കാറ്റിനു അഗര്‍ബത്തിയുടെ ഗന്ധം. ഒരു ഞെട്ടലോടെ ഞാനോര്‍ത്തു. ഈ അന്തരീക്ഷത്തില്‍ മരണം ഘനീഭവിച്ചിരിക്കുന്നു. അസമയങ്ങളില്‍ ആരെയൊക്കെയോ കൂട്ടിക്കൊണ്ടു പോകുവാന്‍ മരണം പതിഞ്ഞ കാല്‍ വയ്പ്പുകളുമായി നടക്കാനിറങ്ങുന്ന ഇടനാഴികള്‍. അവന്റെ തണുത്ത വിരല്‍സ്പര്‍ശനത്തിനായി അസ്വസ്ഥതയോടെ കാത്തിരിക്കുന്ന കുറേ മനുഷ്യര്‍. ഒരു മോര്‍ച്ചറിക്കുള്ളിലെ ശൈത്യവും ഫ്രീസറിന്റെ മുരളല്‍ ശബ്ദവും എനിക്കു ചുറ്റും നിറയുന്നതു പോലെ.
ഭവനത്തിലെ ശുശ്രൂഷകരായ സഹോദരിമാര്‍ ഞങ്ങളെ സ്വീകരിച്ചു. സിറ്റൗട്ടില്‍ നിന്നും അകത്തേയ്ക്കു കടക്കാനൊരുങ്ങുമ്പോള്‍ ഒരു കൊച്ചു പെണ്‍കുട്ടിയുടെ സ്വരം.
"അയ്യോ അങ്കിള്‍ പൂക്കളത്തില്‍ ചവിട്ടല്ലേ."
കുഞ്ഞുടുപ്പും പോണി ടെയ്‌ലുമുള്ള ഒരു മിടുക്കി. സിറ്റൗട്ടിലെ പൂക്കളം ചെറുതാണ്. പൂക്കളുടെ ഒരു കൂട്ടം, അത്രയേ ഉള്ളൂ. നടുക്കൊരു ചുവന്ന ഡാലിയ. ചുറ്റും ഓറഞ്ചു നിറമുള്ള ജമന്തികള്‍. ഇടയ്ക്കു കുറേ ഇലയും കായുമൊക്കെ. അവള്‍ ഇട്ട പൂക്കളമായിരിക്കുമത്. ചുവപ്പിന്റെ ആധിക്യം കൊണ്ടാവാം, ഹൃദയം നടുവേ മുറിച്ചു വച്ചിരിക്കുന്നതു പോലെ തോന്നി. കാലു തട്ടി സ്ഥാനം മാറിയ പൂക്കള്‍ അവള്‍ ഒതുക്കി വച്ചു. എന്തു പേരാണവളെ ഞാനിപ്പോള്‍ വിളിക്കുക. ലിറ്റില്‍ ഫ്ലവര്‍ എന്നു വിളിക്കാം അല്ലേ? ചെറുപുഷ്പം. ലിറ്റി എന്റെ കൈ പിടിച്ചകത്തു കയറി. കുപ്പി വളയിട്ട കുഞ്ഞു കൈത്തണ്ട വല്ലാതെ തണുത്തിരിക്കുന്നു. അവള്‍ക്കു പിന്നാലെ കുറേ കുട്ടി സംഘങ്ങള്‍ പാഞ്ഞു വന്നു. വന്നവര്‍ വന്നവര്‍ ഞങ്ങളുടെ ദേഹത്തേയ്ക്കു വലിഞ്ഞു കയറി. ഞങ്ങളുടെ പരിഭ്രമവും ചമ്മലുമെല്ലാം കണ്ട് സിസ്റ്റേഴ് ചിരിച്ചു. പിന്നെ അവരില്‍ കുഞ്ഞുങ്ങളെ ഞങ്ങളില്‍ നിന്നും വാരിയെടുത്തു അവരെ ചുംബിച്ചു. എല്ലാ സെമിനാറുകളേക്കാളും വലിയ ബോധവത്ക്കരണമായിരുന്നു ആ ദൃശ്യം.
പന്ത്രണ്ടു വയസ്സിനു താഴെയുള്ളവാരാണ് കുട്ടികളിലേറെയും. രോഗാണുവുമായി പിറക്കുന്ന കുഞ്ഞുങ്ങള്‍ എട്ടിനും പതിനഞ്ചിനും പ്രായങ്ങള്‍ക്കിടയില്‍ മടങ്ങി പോകും. മാലാഖമാരോടൊപ്പം കളിക്കുന്നതിനിടയില്‍ അവരോട് കൂട്ടുവെട്ടി നമ്മളോട് കൂട്ടുകൂടുവാന്‍ ചിറകുകള്‍ ഉപേക്ഷിച്ചു വന്ന മാലാഖമാരാണവര്‍. കുറച്ചു നാള്‍ നമ്മള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ഒടി നടന്നിട്ട് പെട്ടെന്ന് ഒരു ദിവസം അവരങ്ങ് പോകും, തങ്ങളുടെ കാണാച്ചിറകുകള്‍ വീശി.ലിറ്റിയുടെ കിലുകിലാ സംസാരം എല്ലവരേക്കാളും മേലെയായിരുന്നു. അവളുടെ അമ്മ താരാട്ട് പാതിയില്‍ നിറുത്തി അവളെ തനിച്ചാക്കി പോയത് ആറുമാസം മുന്‍പാണ്. അവളുടെ സഹോദരന്‍ തൊട്ടു തലേ ആഴ്ചയിലും. ലിറ്റി കളിച്ചു തിമിര്‍ക്കുകയാണ്.
"ദേ ഇവള്‍ വലിയ മോണോ ആക്ടുകാരിയാണു കെട്ടൊ".ഒരു സിസ്റ്റര്‍ പറഞ്ഞു.
തൊണ്ട ശരിയാക്കി അവള്‍ മോണോ ആക്ടിനൊരുങ്ങി. ഭാര്യയെ തല്ലുന്ന കള്ളുകുടിയനായി അവള്‍ ആടിയാടി വന്നു. ലിറ്റി ഞങ്ങളെയെല്ലാം ചിരിപ്പിക്കുകയാണ്. അവളുടെ പാദസരം മാത്രം ആര്‍ദ്രമായി തേങ്ങി. പിന്നെ അവള്‍ ഭരത് ചന്ദ്രന്‍ ഐ. പി എസായി നെഞ്ചു വിരിച്ചു നിന്നു. രണ്‍ജി പണിക്കരുടെ വെടിമരുന്നിട്ട ഡയലോഗുകള്‍ അവള്‍ കൊഞ്ചി കൊഞ്ചി പറയുന്നു. ദൈവമേ കെട്ടുന്ന ഈ വേഷങ്ങളില്‍ ഇവളുടെ യഥാര്‍ത്ഥ വേഷം ഏതാണ്. ആ വേഷമഴിച്ചുവച്ചിട്ടവള്‍ ഈ അരങ്ങില്‍ നിന്നും ഒരിക്കലും ഇറങ്ങി പോകരുതേ എന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു. ലിറ്റിയുടെ മോണൊ ആക്ട് കഴിയാനൊന്നും ഉണ്ണി നിന്നില്ല. അവന്‍ ഡാന്‍സാരംഭിച്ചു. ഒരു ആറു വയസ്സുകാരന്‍. ഓരോ ചുവടിലും നെറ്റിയിലേയ്ക്കു വീഴുന്ന സ്വര്‍ണ്ണമുടി. എന്തു സുന്ദരനാണവന്‍. അവന്റെ മുഖത്തെ കറുത്ത പൊട്ടുകള്‍ റോസാദളങ്ങളിലെ പുഴുക്കുത്തുകള്‍ പോലെ. ഡാന്‍സൊരു സംഘമായി. പിന്നെയതൊരു ആക്ഷന്‍ സോങ്ങായി.
നാലു നിലകളില്‍ തൊണ്ണൂറോളം അന്തേ വാസികളുണ്ട്. ചിലര്‍ കുടുംബമായാണവിടെ. എങ്കിലും ഭാര്യയും ഭര്‍ത്താവും വ്യത്യസ്തമായ ഓരോരോ മുറികളിലാണ് താമസം. രോഗ ഗ്രസ്തമായ പുതിയ ജന്മങ്ങള്‍ പിറക്കാതിരിക്കാന്‍ അവര്‍ ബ്രഹ്മചാരികളാകുന്നു. എന്നിട്ടും മരണത്തിന്റെ തീ തടാകങ്ങളില്‍ അവര്‍ പ്രണയത്തിന്റെ നൗക തുഴഞ്ഞു പോകുന്നു. കാമനകളുടെ കനലുകള്‍ക്കു മേലെ പ്രണയം പുതുമഴയായി പെയ്യുന്നു. മധ്യ വയസ്സിനപ്പുറം പ്രായമെത്താത്തവരാണേറെയും. സ്ത്രീകളുടെ മുഖത്തെ സന്തോഷവും ആശ്വാസവും ഞങ്ങളെ അതിശയിപ്പിച്ചു. അവര്‍ വീട്ടിലെന്നതു പോലെ ഓടി നടക്കുന്നു. ഒന്നിച്ചൊരു മുറിയില്‍ കൂടിയിരുന്നവര്‍ നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞു. പരസ്പരം കളിയാക്കി. അലക്കിത്തീര്‍ക്കേണ്ട തുണികളേക്കുറിച്ചും കൊച്ചു വീട്ടു ജോലികളേക്കുറിച്ചും അവര്‍ സാധാരണ സ്ത്രീകളേപ്പോലെ ആകുലപ്പെട്ടു.
പലപ്പോഴും എച്ച് ഐ വി പോസിറ്റീവായവരെ അലട്ടുന്നത് മരണ ഭയത്തേക്കാളും കുറ്റബോധമാവാറുണ്ട്. താന്‍ കാരണം മറ്റുള്ളവര്‍ക്കു കൂടി ഇതു വന്നല്ലോ എന്ന ചിന്ത. സ്ത്രീകളെ പലപ്പോഴും അത്തരം കുറ്റബോധമലട്ടിയിരുന്നില്ലായെന്നതാണവരുടെ സമചിത്തതയ്ക്കു കാരണം. അവര്‍ പലരും വിവാഹ ശേഷം ഒരു കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടായിരിക്കാം രോഗബാധയേപ്പറ്റിയറിഞ്ഞത്. ജീവനും പ്രണയത്തിനുമൊപ്പം ഭര്‍ത്താവില്‍ നിന്നും പകര്‍ന്നു കിട്ടിയ മറുപങ്ക്. ഒന്നിച്ചു കൂടിയിരുന്ന സ്ത്രീകള്‍ ഓരോ മുറികളിലേയ്ക്കു മടങ്ങി.
ഏകാന്തതകളില്‍ അവര്‍ അശക്തരായി കാണപ്പെട്ടു. തുറന്ന ജനാലയിലൂടെ കടന്നെത്തിയ അന്തിവെട്ടം പഴയ ഓണക്കാലങ്ങളിലേയ്ക്കവരെ കൂട്ടിക്കൊണ്ടു പോയി. കൊച്ചു പെണ്ണായി പൂക്കളമിട്ടും ഊഞ്ഞാലാടിയും വീട്ടില്‍ ഓടി നടന്നത്. സ്വപ്നങ്ങള്‍ നെയ്ത കൗമാരം. ഓണത്തിനു സദ്യയൊരുക്കിയതും ഇളയകുട്ടികള്‍ക്ക് ഏട്ടത്തിയായി നടന്നതും. പിന്നെ മോഹങ്ങളെല്ലാം കൊരുത്തൊരു താലിച്ചരട്. കുറേ നല്ല നാളുകള്‍. പിന്നെ എല്ല്ലാമവസാനിപ്പിച്ചുകൊണ്ടു വന്ന ഒരു മാറാപ്പനി. കുറ്റപ്പെടുത്തല്‍, തിരസ്ക്കരണം, നിരാശ, വീടു വിട്ടുപോകല്‍, ആത്മഹത്യാ ശ്രമം. അവസാനം ദൈവം സാന്ത്വനമായെത്തിയത് ഈ ഭവനത്തിലൂടെ. ജനാലയ്ക്കപ്പുറം അവര്‍ കണ്ണും നട്ടിരിക്കുന്നു. അവിടെ ഇപ്പോള്‍ അസ്തമയമാണ്. അവര്‍ അതു കാണുന്നുണ്ടാവുമോ ആവോ!
ആ ഭവനം അങ്ങേയറ്റം വെടിപ്പാണ്. വെള്ളപൂശിയ ചുവരുകള്‍. ധാരാളം വെളിച്ചവും കാറ്റും പ്രവേശിക്കുന്ന വാതിലും ജനലുകളും. ചന്ദന നിറമുള്ള മാര്‍ബിള്‍ പാകിയ നിലം. ചുവരുകളില്‍ മനോഹരമായ ചിത്രങ്ങള്‍. പൂക്കളുടേയും നീലാകശത്തിന്റേയും വര്‍ണ്ണത്തൂവലുകളുള്ള പക്ഷികളുടേയും പ്രത്യാശാഭരിതമായ ചിത്രങ്ങള്‍. അന്തരീക്ഷത്തെ അത്മീയ സാന്ദ്രമാക്കുന്ന സംഗീതം. താമസിക്കുന്ന മുറികളില്‍ രോഗാണുക്കള്‍ക്കു പ്രവേശിക്കാനാവത്തത്ര ശുചിത്വം. കട്ടിലിലും നിലത്തുമൊക്കെ ഇട്ടിരിക്കുന്ന ആര്യവേപ്പിന്റെ കൊമ്പുകള്‍, തുളസിത്തളിരുകള്‍. അന്തേ വാസികളില്‍നിന്നും പണമൊന്നും വാങ്ങിയിട്ടല്ല അവരെ ഇവിടെ താമസിപ്പിക്കുന്നതും ചികിത്സിക്കുന്നതുമെല്ലാം. രോഗികള്‍ക്കു മരുന്നു വേണം, പോഷകാംശം ഏറെയുള്ള ഭഷണം വേണം. അതെന്നും ഇവിടെയുണ്ട്, ഒട്ടും കുറവില്ല്ലതെ. ആരും സ്പോണ്‍സര്‍ ചെയ്തിട്ടല്ല. വയലുകളിലെ ലില്ലികളെ അലങ്കരിക്കുകയും ആകാശപ്പറവകളെ പോറ്റുകയും ചെയ്യുന്ന ദൈവം ഇവരേയും പോറ്റുന്നു.
താഴത്തേ നിലയിലുള്ള പുരുഷന്മാരുടെ അടുത്തേയ്ക്കാണു പിന്നെ ഞങ്ങള്‍ പോയത്. സ്ത്രീകളേപ്പൊലെ അവര്‍ ഒന്നിച്ചുകൂടി സംസാരിക്കാറില്ല. ചിരിക്കാറില്ല്ല. പുതപ്പുകള്‍ക്കൊണ്ട് പരമാവധി മൂടിപ്പുതച്ച് കട്ടിലുകളില്‍ അവര്‍ ചുരുണ്ടുകൂടുന്നു. ഇടെയ്ക്കെപ്പോഴോ ചിലര്‍ പുറത്തെ ഊഞ്ഞാലില്‍ പോയിരിക്കുന്നു. കാറ്റുവന്നവരെ ഊഞ്ഞാലാട്ടുന്നു. ഓരോരുത്തരെയായി പരിചയപ്പെട്ടു. ചിലര്‍ക്ക് ഇത്തരം ഔപചാരിക സന്ദര്‍ശകരെ വെറുപ്പാണ്. എങ്കിലും ഈ ഭവനത്തിന്റെ ഗെയിറ്റില്‍ വച്ചു തന്നെ ഔപചാരികതകളൊക്കെ കളഞ്ഞു പോയ ഞങ്ങളുടെ സൗഹൃദം അവര്‍ സ്വീകരിച്ചു. എഴുന്നേറ്റിരുന്നു വര്‍ത്തമാനം പറഞ്ഞു. ഇടയ്ക്കെപ്പോഴോ സങ്കടവും നിരാശയുമൊക്കെ വഴിമാറിനിന്നു. പകരം നാടും വീടും, പുഴയും യാത്രകളും രാഷ്ട്രീയവുമൊക്കെ കടന്നു വന്നു. പിന്നേയും നിശബ്ദതകളില്‍ സങ്കടങ്ങള്‍ തിരിച്ചു വന്നു. ഒരു കാലത്ത് കുടുംബ പ്രാരാബ്ധങ്ങളുമായി മഹാ നഗരങ്ങളിലേയ്ക്കു തൊഴില്‍ തേടി പോയവരാണേറെയും. വീട്ടിലെ കടം വീട്ടി. പെങ്ങന്മാരെ കെട്ടിച്ചയച്ചു. അനിയന്മാരെ ഗള്‍ഫില്‍ വിട്ടു. വീടു പണിതു. അവസാനം സ്വന്തം ജീവിതം ജീവിക്കാന്‍ മറന്നു പോയി. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ആര്‍ക്കും വലിയ പരിഗണനയൊന്നുമില്ല. പിന്നെ വഴികള്‍ തെറ്റി. ജീവിതത്തില്‍ ചില പിഴവുകള്‍. ഒരൊറ്റ നിമിഷത്തെ വീഴ്ചയാവാം ചിലരെ ഇവിടെയെത്തിച്ചത്. ഇഞ്ചക്ഷന്‍ സുചിയിലൂടേയും, രക്തമാറ്റത്തിലൂടെയും അസുഖം ബാധിച്ചവരുമുണ്ട്. രോഗം ബാധിച്ചതറിയാതെ വിവാഹം, ഭാര്യ, കുഞ്ഞ്. ഒരിക്കല്‍ അതറിഞ്ഞു. എങ്ങിനെയോ ഇവിടം വരെയെത്തി.
എയ്ഡ്സെന്നു മാത്രമല്ല ഒരു രോഗവും ചെയ്ത തെറ്റിനുള്ള ശിക്ഷയല്ലയെന്നെനിക്കു തോന്നുന്നു. ഇവര്‍ ചെയ്തതിനേക്കാള്‍ കഠിനമായ തെറ്റുകള്‍ (അല്ല, യഥാര്‍ത്ഥത്തില്‍ ഇവര്‍ എന്തു തെറ്റാണു ചെയ്തത്? ആരോടാണത് ചെയ്തത്? കുറ്റം വിധിക്കാന്‍ നമ്മളാര്?) ചെയ്തവര്‍ സമൂഹത്തില്‍ പനപോലെ വളരുന്നുണ്ടല്ലോ.വേണ്ട, നമ്മളുടെ ചിന്തകളും രഹസ്യത്തില്‍ നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളും ഒരു രഹസ്യ ക്യാമറയില്‍ പകര്‍ത്തി സമൂഹത്തെ കാണിക്കുന്നുവെന്നു കരുതുക? നമ്മളില്‍ എത്ര പേര്‍ മാന്യന്മാരാകും? അതുകൊണ്ട് എയ്ഡ്സ് രോഗികള്‍ എല്ലാവരേക്കാളും പാപികളല്ല. അവര്‍ എല്ലാവരെയും പോലെ തന്നെ. ചിലപ്പോള്‍ നമ്മളേക്കാളൊക്കെ വളരെ നല്ലവര്‍.
നീണ്ട വരാന്തയ്ക്കൊടുവില്‍ അടച്ചിട്ടിരിക്കുന്ന ഒരു മുറി. കൂടെ നടന്ന ചെറുപ്പക്കാരനെ അനില്‍ എന്നു ഞാന്‍ വിളിക്കട്ടെ.
"ഇത് അവസാന ഘട്ടമെത്തിയവരുടെ മുറിയാണ്. രോഗം ഏറ്റവും മൂര്‍ച്ഛിച്ചവര്‍ ഇതിനുള്ളിലാണ്. വേണമെങ്കില്‍ കയറിക്കോളൂ." അനില്‍ പറഞ്ഞു.
ചെരുപ്പൊക്കെ നന്നായി ധരിച്ച് അനിലിന്റെയൊപ്പം ഞങ്ങള്‍ മുറിയില്‍ കയറി. അരണ്ട മഞ്ഞ വെട്ടം. നാലു ഇരുമ്പു കട്ടിലുകള്‍. മരുന്നിന്റേയോ ഏതൊക്കെയോ സ്രവങ്ങളുടേയോ രൂക്ഷ ഗന്ധം.ഒരു കട്ടില്‍ കാലിയാണ്. മൂന്നു കട്ടിലുകളില്‍ രോഗികള്‍ ഉണ്ട്. പെട്ടെന്നു തന്നെ ആ മുറിയില്‍ ഞങ്ങളേക്കൂടാതെ ഒരപരിചിതന്റെ സാന്നിദ്ധ്യമുള്ളതുപോലെ. രോഗികളുടെ കിടക്കയ്ക്കരുകില്‍ അസ്വസ്ഥതയോടെ തല ചൊറിഞ്ഞിരിക്കുന്ന ആ തണുത്ത അദൃശ്യത ഇവിടെ വല്ലാത്ത ഒരന്തരീക്ഷം സൃഷ്ടിക്കുന്നു. ഭിത്തിയോടു ചേര്‍ത്തിട്ടിരിക്കുന്ന രണ്ടു കട്ടിലുകള്‍. രോഗിയടക്കം കട്ടില്‍ വെള്ളത്തുണികൊണ്ട് മൂടിയിരിക്കുന്നു.
"ഇവര്‍ സംസാരിക്കില്ല. ഭഷണംകഴിക്കില്ല. അനങ്ങില്ല. ജീവനുണ്ടെന്നു മാത്രം."ഇതു പറഞ്ഞുകൊണ്ട് അനില്‍ ആ തുണി മാറ്റി.
നടുങ്ങിപ്പോയി! ചെറുതായിളകുന്ന ഒരസ്ഥികൂടം. ഉണങ്ങിയ ഒരു വിറകുകമ്പുപോലെ. അസ്ഥികള്‍ക്കുമേലെ സുതാര്യമായ ഒരാവരണം പോലെ മാത്രം ത്വക്ക്. ഒരു കണ്ണാടിയിലൂടെ എന്ന പോലെ ആ നേര്‍ത്ത തൊലിക്കപ്പുറം അസ്ഥികളും ആന്തരാവയവങ്ങളും ദൃശ്യമാണ്. ജീവിതത്തില്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ഭയങ്കരമായ കാഴ്ച. രോഗം മുര്‍ച്ഛിച്ചാല്‍ നമ്മുടെ മോട്ടോര്‍ ഒര്‍ഗന്‍സിന്റെ പ്രവര്‍ത്തനം നിലയ്ക്കും. പിന്നെ കൈ ഉയര്‍ത്താനോ കാലു മടക്കാനോ വാതുറക്കാനോ ഭഷണം ചവച്ചിറക്കാനോ പറ്റില്ലത്രേ. മുഖത്തൊരു കൊതുകു വന്നിരിന്നാല്‍ ആട്ടാന്‍ പോലും പറ്റില്ല. ഒപ്പം ശരീരത്തിലെ ദ്വാരങ്ങളില്‍കൂടി അത്യന്തം സാംക്രമികമായ സ്രവങ്ങള്‍ പ്രവഹിക്കും. അതുകൊണ്ടാണിങ്ങനെ മൂടിയിട്ടിരിക്കുന്നത്.ദൈവമേ എന്തൊരവസ്ഥ! ഇവരും മനുഷ്യരാണ്. എന്നേപ്പോലെ, എന്റെ മാതാപിതാക്കളേപ്പോലെ, സഹോദരങ്ങളേപ്പോലെ... ഇപ്പോഴും ചിന്തിക്കുന്നവര്‍. ഇവര്‍ സ്വപനം കാണുന്നുണ്ടാവുമോ? ഉണ്ടെങ്കില്‍ അതില്‍ എന്താവും?
അനില്‍ പറഞ്ഞു,"ഇവര്‍ ഇപ്പോള്‍ നമ്മളെ കാണുന്നുണ്ട്. പക്ഷേ ഒന്നും പ്രതികരിക്കാനാവില്ല."
തലയോടിലെ ഗര്‍ത്തത്തില്‍ കിടന്ന ഗോളങ്ങള്‍ ചെറുതായുരുണ്ടു. എന്താണാ കണ്ണുകള്‍ തിരഞ്ഞത്? ജീവിതമോ? അതോ മരണമോ?ഞങ്ങള്‍ മൂന്നാമത്തെ കട്ടിലിലേയ്ക്കു നടന്നു. ഉറങ്ങി കിടക്കുന്ന ഒരു മധ്യവയസ്ക്കന്‍. ശരീരമൊന്നും അത്രയ്ക്കു ക്ഷീണിച്ചിട്ടില്ല. വൈരൂപ്യവുമില്ല.
"കഴിഞ്ഞ ദിവസം പെട്ടെന്ന് പനിയും ഛര്‍ദ്ദിയും വന്നതുകൊണ്ടാണ് ജോസേട്ടനെ ഇങ്ങോട്ടു മാറ്റിയത്. വേറെ കുഴപ്പമൊന്നുമില്ല. ഞാന്‍ വിളിക്കാം"
അനില്‍ ജോസേട്ടനെ വിളിച്ചു.
"ജോസേട്ടാ ഇതാരാ വന്നതെന്നു നോക്കിയേ. ഇവരോടു വര്‍ത്തമാനം പറഞ്ഞേ ജോസേട്ടാ".
ജോസേട്ടന്‍ ഉറക്കം തന്നെ. അനില്‍ കുലുക്കി വിളിച്ചു. നെഞ്ചില്‍ വച്ചിരുന്ന കൈകള്‍ ഒഴുകി കട്ടിലിലേയ്ക്കു വീണു. അനില്‍ ജോസേട്ടന്റെ കൈയിലെ നാഡി അമര്‍ത്തി നോക്കി. പിന്നെ അയാളുടെ മിഴിച്ച കണ്ണുകള്‍ തിരുമ്മിയടച്ചു. നിസ്സംഗതയോടെ ഞങ്ങളോട് അനില്‍ പറഞ്ഞു.
"അതേയ് ജോസേട്ടന്‍ മരിച്ചു. ഉച്ചക്ക് ഭഷണം കഴിച്ചയാളാ" അനില്‍ ജോസേട്ടന്റെ ശരീരം നിവര്‍ത്തികിടത്തി. "ഞാന്‍ സിസ്റ്റേഴ്സിനോട് വിവരം പറയട്ടെ".
അനില്‍ ഇറങ്ങി നടന്നു. ഞങ്ങള്‍ തരിച്ചു നിന്നു പോയി. ഒരു ചെറുപ്പക്കാരന്‍ മരിച്ചിരിക്കുന്നു. ആരും കരയുന്നില്ല. അലമുറകളില്ല. കഠിനമായ നിശബ്ദതയാണെങ്ങും. കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ജോസേട്ടന്‍ മരിക്കുന്നത്. അപ്പോള്‍ ഞങ്ങള്‍ ഇവിടെയുള്ളപ്പോഴായിരുന്നു അവന്‍ വന്നതും ജോസേട്ടനെക്കൂട്ടി പോയതും!
ഞങ്ങള്‍ തിരിച്ചു പോകാറായപ്പോഴേയ്ക്കും സിസ്റ്റേഴ്സ് മൃതദേഹം ലളിതമായി ഒരുക്കി. മെഴുകുതിരികളും ചന്ദനത്തിരിയും കത്തിച്ചു വച്ചു. ആരുടേയും മുഖത്ത് പ്രത്യേക വികാരങ്ങളില്ല. ഒരു സാധാരണ സായാഹ്നം അത്രതന്നെ. ഒരു കൊച്ചു തേങ്ങല്‍ മാത്രം അതിനിടയില്‍ കേട്ടു. നമ്മുടെ ലിറ്റിയാണ്. ഒരു സിസ്റ്റര്‍ ലിറ്റിയെ മടിയിലിരുത്തി പറഞ്ഞുകൊടുക്കുന്നു.
"എന്തിനാ മോളേ നീ കരയുന്നത്? ആറുമാസം മുന്‍പല്ലേ നിന്റെയമ്മ ഈശോയുടെ അടുത്തേയ്ക്കു പോയത്. കഴിഞ്ഞയാഴ്ച നിന്റെ ചേട്ടന്‍ പോയി. ഇപ്പോള്‍ നിന്റെ പപ്പായും. ഉടനേ തന്നെ നിനക്കും അവരുടെ അടുത്തേയ്ക്കു പോകാലോ? "
ലിറ്റി കണ്ണുനീര്‍ തുടച്ചു. ചിരിച്ചു. സിസ്റ്ററിന്റെ മടിയില്‍ നിന്നും വഴുതിയിറങ്ങി.
എയ്ഡ്സ് ഹോമിനു ചുറ്റും ഇരുട്ടു പരക്കുന്നു. ഇരുട്ടില്‍ തെളിയുന്ന വിളക്കുകള്‍. ഞങ്ങള്‍ക്കു പോകുവാനുള്ള സമയമായി.യാത്ര പറഞ്ഞു ഞങ്ങളിറങ്ങി.
അപ്പോഴേയ്ക്കും സിറ്റൗട്ടില്‍ ലിറ്റിയിട്ട പൂക്കളം വെയിലേറ്റു വല്ലാതെ വാടിയിരുന്നു.
:I
ReplyDeleteഎന്താണു പറയേണ്ടതെന്നറിയില്ല...വാക്കുകൾ ഇവിടെ തികച്ചും അപ്രസക്തമാണ്... :( :(
ReplyDeletevery touching...................
ReplyDeleteഈ ഇടവേള അല്‍പ്പം കൂടിപ്പോയി.എന്തു പറ്റിയെന്നു കരുതി.ഇതൊരു പോസ്റ്റ് ആക്കിയാലോ എന്നും കരുതി...സ്വാഗതം
ReplyDeleteഈ പോസ്റ്റ് ഒരു നടുക്കത്തോടെയാണു വായിച്ചു തീര്‍ത്തത്.ഈ ചിന്തകള്‍ കുറേ നാള്‍ വേട്ടയാടിക്കൊണ്ടിരിക്കും.
This comment has been removed by the author.
ReplyDeleteVery good article
ReplyDeleteകാണാൻ വൈകി
ReplyDeleteകണ്ടപ്പോൾ വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു..
മനുഷ്യസ്നേഹമാണ് നമ്മളെ ഒക്കെ നയിക്കുന്ന മഹാ പ്രത്യയശാസ്ത്രം.
മനസ്സിന്റെ വിശാലതയ്ക്ക് അഭിവാദ്യങ്ങൾ...
ഇതൊക്കെ കണ്ടിട്ടും കണ്ടില്ല്ലെന്ന് നടിച്ച് നടക്കുന്നവർ,ചരിത്രത്തിൽ ഇല്ലാത്തവരായി മാറും..
Sakhaave...
ReplyDeleteenthaa parayaa...
kannu nirayunnu.. ninne kandathu kondum.. nee ezhuthiyathu kandathu kondum...
A touching matter 4 a homily..!!!
See you again...
Bineesheeeeeeeeeeeee masheeeeeeeeeeee thakarthuuuuuuu
ReplyDelete