Saturday, January 3, 2009

അരങ്ങ്‌

'അടുത്ത ഒരു ബെല്ലോടുകൂടി നാടകം തുടങ്ങുന്നു...' അരങ്ങിലേയ്ക്ക്‌ വെളിച്ചം വീശുന്ന അവസാന വിളക്കും അണഞ്ഞു. ചുവന്ന കൂറ്റന്‍ തിരശ്ശീലയില്‍ ഒരു കുഞ്ഞു കാറ്റ്‌ തൊട്ടു. ചെരാതിലെ ചെന്തീനാളം പോലെ തിരശ്ശീല ഒന്നിളകി. പിന്നെ നിശ്ചലം. ഫുട്ട്‌ ലൈറ്റിന്റെ സാന്ദ്രത കുറയുന്നു...അവസാനബെല്ലും മുഴങ്ങി. നാടകം തുടങ്ങുകയാണ്‌. സ്മരണകളിരമ്പുന്ന രണസ്മാരകങ്ങളില്‍നിന്നും കാളിദാസനും ഷേക്‌ സ്പിയറും പിന്നെ തോപ്പില്‍ഭാസിയും വയലാറും ഉയര്‍ത്തെണീക്കുന്നു. നിലാവും പുതുമഴയും അസ്തമയവും വസന്തവുമെല്ലാം രംഗപടങ്ങളില്‍ മാറിമാറി വന്നു. കണ്ണീരും ചിരിയും പ്രണയവും മരണവും ഉന്മാദവും വേഷപ്പകര്‍ച്ചകളില്‍ നിറഞ്ഞാടി. ദുരന്തഹാസ്യങ്ങളുടെ അവ്യക്തമായ പരിണാമ സന്ധിയില്‍ തിരശ്ശീല വീഴുന്നു. ഒരു നാടകം കൂടി കഴിയുകയാണ്‌. കാണികള്‍ കരഞ്ഞും പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും ചൂട്ടു കറ്റകള്‍ വീശി ഗ്രാമ വഴികളിലൂടെ വീടുകളിലേയ്ക്ക്‌ നടന്നകലുന്നു. ഉത്സവത്തിന്‌ വര്‍ണ്ണബലൂണുകള്‍ വില്‍ക്കാന്‍ വന്ന ചെക്കന്‍ കടത്തിണ്ണയില്‍ മഹാരാജ്യങ്ങള്‍ സ്വപ്നംകണ്ടുറങ്ങുന്നു. മൈതാനത്തിലെ വിളക്കുകളൊക്കെ ഓരോന്നായി കണ്ണടച്ചു. നിലാവെളിച്ചത്തില്‍ മഹാസമുദ്രത്തിലെ ഏകാകിയായ പായ്ക്കപ്പല്‍ പോലെ ഒരു നാടകവണ്ടി ആളൊഴിഞ്ഞ ഉത്സവപ്പറമ്പിലൂടെ ഒഴുകി പോകുന്നു.



കാലമെത്ര കഴിഞ്ഞാലും ശാസ്ത്രം വളര്‍ന്നങ്ങ്‌ എന്തിനും പോന്നോരു സൂപ്പര്‍മാനായാലും അരങ്ങുകള്‍ ഉണര്‍ത്തുന്ന വികാരത്തിനു ഒരിക്കലും മാറ്റമില്ല. വീട്ടുമുറികളെ ഐനോക്സ്‌ തീയറ്ററുകളാക്കുന്ന ഹോംസിസ്റ്റങ്ങളും പിന്നെ ഡിജിറ്റലുകള്‍ക്കൊണ്ട്‌ പ്രകമ്പനങ്ങള്‍ ഉണ്ടാക്കുന്ന പുത്തന്‍ സാങ്കേതികവിദ്യകളും ചേര്‍ന്നിവിടെ ആസ്വാദനത്തിന്റെ അത്ഭുതലോകം സൃഷ്ടിച്ചേക്കാം. എങ്കിലും കല്ലായിപ്പുഴയോരത്തൊരുക്കിയ നാടകസ്റ്റേജിനു മുന്‍പില്‍ ഒരാള്‍ക്കൂട്ടമുണ്ടാകാന്‍ ഇന്നും അധിക സമയം വേണ്ട. തിരക്കേറിയ ബസ്‌ സ്റ്റാന്‍ഡില്‍ സന്ധ്യയ്ക്ക്‌ കാസറ്റ്‌ വില്‍ക്കുന്നവന്‍ ലജ്ജാവതികള്‍ക്കു പകരം കെ പി എസ്‌ സി യുടെ നാടകഗാനങ്ങള്‍ ഉച്ചത്തില്‍ ഇടുന്നതിനു കാരണം എന്താണ്‌? മട്ടാംഞ്ചേരിയിലെ ആര്‍ട്ട്ഗാലറിയോടു ചേര്‍ന്ന കഥകളി പ്രദര്‍ശനത്തിന്‌ ടിക്കറ്റ്‌ മുന്‍ക്കൂട്ടി ബുക്ക്‌ ചെയ്യണമെന്നുള്ളത്‌ സത്യമാണ്‌. നിളാതീരത്തെ നാട്യസ്വര്‍ഗ്ഗം കലാമണ്ഡലത്തില്‍ പുത്തന്‍ അഡ്മിഷന്‌ പത്രപ്പരസ്യം ആവശ്യമില്ല. കാരണം അരങ്ങുകളോടുള്ള ആവേശം അനശ്വരമാണ്‌.തിരശ്ശീലയ്ക്കപ്പുറം ഒരുവന്‍ കാണുന്നത്‌ ഏതോ മായികലോകത്തെ ഫാന്റസികളല്ല. പകരം തന്റേതന്നെ ജീവിതത്തിന്റെ പരിഛേദമാണ്‌. ഒഥല്ലോ എന്ന കാപ്പിരി യോദ്ധാവിന്റെ ഭാര്യാസംശയവും ജൂലിയസ്സ്‌ സീസറിന്റെ കൊലപാതകവും ഹെഡ്ഡാ ഗാബ്ലറും, കാലവും കടലും കടന്നു അനന്തതയിലേയ്ക്ക്‌ സഞ്ചരിക്കുന്നതിനു കാരണവും മറ്റൊന്നല്ല.


ദേശീയ പ്രസ്ഥാനങ്ങള്‍ക്ക്‌ ഊര്‍ജ്ജം പകരാനും പ്രത്യയശാസ്ത്രങ്ങളുടെ തീപ്പന്തമാകാനും അരങ്ങുകള്‍ക്കു കഴിഞ്ഞു. അധപതനത്തിന്റെയും അപചയത്തിന്റെയും പൂഴിമണ്ണില്‍ വീണുപോയെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ സ്നേഹിക്കാനിന്നും എന്നെ പ്രേരിപ്പിക്കുന്നത്‌ രണ്ട്‌ നാടകങ്ങളാണ്‌. പാട്ടബാക്കിയും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും. പിന്നെ നെയ്ത്തുകാരന്‍, ലാല്‍സലാം തുടങ്ങിയ സിനിമകളും. കമ്മ്യുണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തെ കേരളത്തിന്റെ മണ്ണില്‍ നട്ടുപിടിപ്പിച്ചത്‌ രക്തസാക്ഷികളുടെ ചോരമാത്രമല്ല. മറിച്ച്‌ വയാലാറിലെ ഏതോ ഒരഗ്രഹാരത്തിലിരുന്ന് കവിതയും പാട്ടുമെഴുതിയ ഒരു രാമവര്‍മ്മ തിരുമുല്പ്പാടിന്റെ തൂലികകൂടിയാണ്‌. തൂലികയുടെ ആ സമരവീര്യം അദ്ദേഹം മുതല്‍ ഇപ്പോള്‍ അനില്‍ പനച്ചൂരാന്‍ വരെ എത്തി നില്‍ക്കുന്നു.


ഉത്സവത്തോടും പൂരങ്ങളോടുമൊക്കെയുള്ള പ്രണയം മലയാളിമനസ്സിന്റെ പ്രത്യേകതയാണ്‌. ഒപ്പം അരങ്ങുകളോടും. നാടകത്തിന്റെയൊക്കെ കാലം കഴിഞ്ഞുപോയി എന്നു ആരു പറഞ്ഞാലും എഴുതിയാലും അതില്‍ കഴമ്പില്ലെന്നെനിക്കു തോന്നുന്നു.. കാരണം ഉത്സവത്തിന്റെ നോട്ടീസ്‌ കയ്യില്‍ കിട്ടിയാല്‍ ആറാട്ടിനും ആനയൂട്ടിനും മുന്‍പ്‌ നമ്മുടെ കണ്ണുകള്‍ പായുന്നതു അവസാന കോളത്തിലെ നാടക ബാലെ അറിയിപ്പിലേയ്ക്കാണ്‌. മലയാളി ഏതു നാട്ടിലാണെങ്കിലും ഉണ്ട്‌ ഈ കലാ പ്രേമം. സ്റ്റേജ്‌ ഷോകളായും നൃത്തോത്സവങ്ങളായും ഈ ദാഹം ഒട്ടൊക്കെ നമ്മള്‍ ശമിപ്പിക്കുന്നു.


ഇനിയും അരങ്ങിനുമപ്പുറത്തൊരു ലോകമുണ്ട്‌. കണ്ണീരിന്റെയും വിശപ്പിന്റെയും നഷ്ട സ്വപ്നങ്ങളുടേതുമായ ലോകം. അവിടെ രംഗ വെളിച്ചമില്ല. പശ്ചാത്തല സംഗീതമില്ല. ചമയങ്ങളില്ല. പച്ചയായ ജീവിതം മാത്രം. അരങ്ങത്ത്‌ ശ്രീകൃഷ്ണനായിരുന്നവന്‌ ജീവിതാരങ്ങില്‍ കുചേലനെപ്പോലെ ഭിക്ഷാംദേഹിയുടെ വേഷമാണ്‌. റോമിയോയുടെ പ്രിയ കാമുകി ജൂലിയറ്റിനിപ്പോള്‍ വേഷം ചതിയ്ക്കപ്പെട്ട ഒരു ഭാര്യയുടെ അല്ലെങ്കില്‍ ഉപേക്ഷിക്കപ്പെട്ട ഒരമ്മയുടേതാവാം. എന്നിട്ടും മൂന്നാമത്തെ ബെല്ലിനുശേഷം അവര്‍ എല്ലാം മറക്കുന്നു. ചങ്കില്‍ ഒരു കടല്‍ ഒളിച്ചുവച്ചും അവര്‍ നമ്മളെ ചിരിപ്പിക്കുന്നു, ഭ്രമിപ്പിക്കുന്നു, മോഹിപ്പിക്കുന്നു.



യുവജനോത്സവനാളുകളില്‍ പള്ളിക്കൂടമുറ്റത്തുയര്‍ത്തിയ സ്റ്റേജുകള്‍ ഒര്‍മ്മയില്‍ തെളിയുന്നു. പിന്നെ തണുപ്പടിച്ചും ഉറക്കിളച്ചും നാടക സ്റ്റേജിനു മുന്നിലും നൃത്ത സ്റ്റേജിനു മുന്നിലും മാറിമാറി നടന്നു നേരംവെളുപ്പിച്ച രാവുകളും. ഇന്നും ഒരരങ്ങിന്റെ സ്മരണ മറ്റ്ടെന്തിനേക്കാളും ഗൃഹാതുരമാണ്‌. ഓരോതവണ തിരശ്ശീല ഉയര്‍ന്നു താഴുമ്പോഴും കൂടുതല്‍ സ്നേഹിക്കന്‍ കൂടുതല്‍ നന്മ ചെയ്യാന്‍ അതു നമ്മെ പ്രേരിപ്പിക്കുന്നു.

4 comments:

  1. Dear 'director' good initiative... keep it up.. its good to read your malayalam language... all the best for your ARANGU... don't forget that there sould be someone to remove the curtains....

    All the best

    ReplyDelete
  2. പ്രിയ സുഹ്രുത്തെ ഗ്രുഹാതുരത്തമുനര്ത്തുന്ന അങ്ങയുദെ നിരീക്ഷനങ്ങല്‍ ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  3. അരങ്ങിന്‌ ആദ്യമായശംസ തന്നവര്‍ക്ക്‌ നന്ദി. പ്രോത്സാഹനത്തിനും ആസ്വാദനത്തിനും.

    ReplyDelete