Monday, January 12, 2009

വളപ്പൊട്ടുകള്‍ പോയ്ക്കൊള്ളട്ടെ, പക്ഷേ ആ സ്വപ്നം.....


ഷ്ടങ്ങള്‍ എത്ര ചെറുതാണെങ്കിലും വേദനയാണ്‌. കരുതിവച്ചിരുന്നതെന്തോ കൈവിട്ടു പോകുന്നു. ആ സംഗതിയോടുള്ള ഇഷ്ടംകൊണ്ടല്ലേ ഞാനത്‌ സ്വന്തമാക്കിയത്‌. എന്നിട്ടിപ്പോള്‍ അതെന്റേതല്ലാതാകുന്നു. കുഞ്ഞും നാളില്‍ പുസ്തകക്കെട്ടുകള്‍ക്കൊപ്പം ഒളിപ്പിച്ചുവച്ചിരുന്ന ലൊട്ടുലൊടുക്ക്‌ സാമാനങ്ങള്‍, ഒരു പക്ഷിത്തൂവല്‍, മഴവില്ലിന്റെ വളപ്പൊട്ട്‌, മായാവി നെയിം സ്ലിപ്പ്‌ എവിടെയോ കളഞ്ഞു പോകുന്നു. എനിക്കുചുറ്റുമുള്ള ലോകം തന്നെ ഇല്ലാതാകുന്നതുപോലെ. എന്നിട്ടും ഒരു സത്യമുണ്ട്‌. വേഗം, ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ വേഗം ഞാനവയൊക്കെ മറന്നുപോയി. ഇത്തിരി നൊമ്പരത്തിന്റെ ഓര്‍മ്മ പോലും പാടെ ഇല്ലാതായി.

പക്ഷേ ഇപ്പോള്‍ ഞാനൊരു നഷ്ടത്തിലാണ്‌. സമയത്തിനു മായ്ക്കാന്‍ വയ്യാത്ത ഒരു നഷ്ടം. ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഒന്നാണെനിക്ക്‌ നഷ്ടമായിരിക്കുന്നത്‌. ഒരു സ്വപ്നം! ഏറെ മധുരതരവും, സുഖകരവുമായ ഒരു സ്വപ്നം. എത്ര സങ്കടനേരത്തും കണ്ണീരിലും ആ സ്വപ്നത്തിന്റെ നനുത്തവിരലുകള്‍ എന്റെ കണ്ണുനീരൊപ്പിയിരുന്നു. നിലാവില്ലാത്ത രാത്രിയില്‍ കടലില്‍ ആകാശത്തിനും വെള്ളത്തിനുമിടയില്‍ ഒഴുകിയലഞ്ഞിരുന്ന എനിക്കുമുന്‍പില്‍ അങ്ങുദൂരെയെങ്കിലും തെളിഞ്ഞു കത്തിയിരുന്ന ഒരിത്തിരി വെട്ടമായിരുന്നു ആ സ്വപ്നം. അതിന്ന് കെട്ടുപോയിരിക്കുന്നു.

ഞാനെത്രയോ തവണ കണ്ണടച്ചും തുറന്നും നോക്കി. ഇല്ല... ഒരു കണികപോലും അവശേഷിച്ചിട്ടില്ല. തികച്ചും അനന്തതയിലെക്കുള്ള ഒരൊളിച്ചോട്ടം. ഒരു യാത്രപോലും പറായാതെ.... പകരം വയ്ക്കാനാവില്ല. തിരിച്ചു കിട്ടാനും പോണില്ല. ഹോ കാലമേ, വസന്ത ശിശിരങ്ങളെ തേരിലേറ്റി നീ എന്റെ തലയ്ക്കു മീതെ പാഞ്ഞു പോകുമ്പോള്‍ ഞാനറിയാതെ മോഹിക്കുന്നു. ഏതോ ഒരു നിലാ പൗര്‍ണ്ണമിയില്‍ നീ എടുത്തുകൊണ്ടുപോയ ആ സ്വപ്നം ഒരു നിമിഷത്തേയ്ക്കെങ്കിലും ഒന്നു തിരിച്ചുതരില്ലേ?

നിറവും വിലയുമുള്ള വസ്ത്രങ്ങള്‍ ഇനി എനിക്കെന്തിനാണ്‌? എന്റെ പ്രിയ സ്വപ്നമില്ലാത്ത ഞാന്‍ വെറും ദരിദ്രനാണ്‌. ഓട്ടക്കാലണ പോലും സ്വന്തമായില്ലാത്ത പരമദരിദ്രന്‍. ഒരുഹാരിപോട്ടര്‍ ചിത്രം പോലെ സമയത്തെ പിന്നിലേയ്ക്കു നടത്താനും വീണ്ടും ആ സ്വപ്നം കാണാനും പിന്നെ തിരിച്ച്‌ വര്‍ത്തമാനത്തിലേയ്ക്കു നടന്നു കയറാനും ആവില്ലല്ലോ എനിക്ക്‌. എങ്കിലും ഇങ്ങനെ ഹൃദയത്തിനുമേലെ നിത്യവും പുതുതാക്കപ്പെടുന്ന ഒരു മുറിവുമായി ജീവിച്ചുകൊള്ളാം ഞാന്‍. ആ മുറിവ്‌ ഒരു പനിനീര്‍പ്പൂവിന്റെ തണ്ട്‌ തട്ടി ഉണ്ടായതാണല്ലോ എന്നോര്‍ത്ത്‌ ആശ്വസിക്കാമല്ലോ.....

8 comments:

  1. ദൈവദീപ്തമായ കണ്ണുകളോടെ കാത്തിരിക്കൂ,,,സ്വപ്നത്തിന്റെ മാലാഖകൾ നിങ്ങളെ തേടിവരാതിരിക്കില്ല.

    ReplyDelete
  2. നഷ്ടങ്ങള്‍ എത്ര ചെറുതാണെങ്കിലും വേദനയാണ്‌

    ReplyDelete
  3. എന്റെ പ്രിയ സ്വപ്നമില്ലാത്ത ഞാന്‍ വെറും ദരിദ്രനാണ്‌.

    ReplyDelete
  4. കാലത്തോട് യാചിക്കാം "ഒരു നിമിഷതെക്കെങ്കിലും നീ മായ്ച്ചു കളഞ്ഞ എന്റെ പ്രിയ സ്വപ്നത്തെ തിരികെ തരു " എന്ന്... ഒരു നിമിഷത്തേക്ക് മാത്രം..പകരം ഞാന്‍ എന്റെ ജീവന്‍ തരാം ....

    ReplyDelete
  5. കാത്തിരിപ്പിന്റെ കണ്ണുകളെ ദൈവദീപ്തമാക്കന്‍ പറഞ്ഞ ശിരോമണിക്ക്‌..,മുന്നൂറാന്‌, ജോസഫിന്‌, പിന്നെ നഷ്ടസ്വപ്നങ്ങള്‍ക്ക്‌ ജീവന്‍ വിലയെന്നു പറഞ്ഞ ദീപയ്ക്ക്‌.... നന്ദി...

    ReplyDelete
  6. ഒരു തൂവല്‍ പറന്നിറങ്ങുന്നതുപൊലെയോ ഒരു ശലഭത്തിന്റെ നേര്‍ത്ത ചിറകടിപോലെയോ അപ്രതീക്ഷിതമായി എന്നെങ്കിലും വന്നെത്തും .കാത്തിരിക്കുക................

    ReplyDelete
  7. iniyum ezhuthanam orupad orupadorupad kaathirikkunnu njangal prekshakar . nnayittund.

    ReplyDelete