Monday, January 5, 2009

ശിവരാത്രി ഇന്നലെയായിരുന്നു...




നീര്‍മിഴികളുടെ സൗപര്‍ണ്ണികയില്‍
ആചാരക്രിയകള്‍ക്ക്‌ സ്വപ്നങ്ങളെത്തുന്നു.
മോഹങ്ങളുടെ മണ്‍കുടത്തിനുചുറ്റും അസ്തമയം.
ഇനിയും കാണുന്നുണ്ടാവണം, ആ കുടത്തിലെ ചാരം,
കാശിയിലെ ശിവഗംഗയെ കിനാക്കളില്‍.

ഈ സ്വപ്നങ്ങളൊക്കെയുടെയും ജനി
കഴിഞ്ഞ ശിവരാത്രിയിലായിരുന്നു.
സ്മൃതിയിലിപ്പോള്‍ നിറയുകയാണാകറുത്തരാവ്‌
ഇരുട്ടിന്റെ ശിഖിരത്തില്‍ കൂടുകെട്ടിയ കരിങ്കാക്കകള്‍
തൂശനില കൊത്തിക്കീറിയതും പിന്നെ
എള്ളും പൂവും മണലില്‍ തെറിച്ചതും
പുലരുവോളും പെയ്ത പെരുമഴയില്‍
മണ്‍കുടം പുഴ തട്ടിപ്പറിച്ചതും...

കാത്തിരിപ്പുകള്‍ക്കന്ത്യത്തിലിപ്പോള്‍
അറിഞ്ഞതാണീ വാര്‍ത്ത;
ശൂദ്രരുടെ ശിവരാത്രി ഇന്നലെയായിരുന്നുവത്രേ!
നല്ലെണ്ണയില്‍ കുളിച്ച നന്ദികേശന്‍ മൂരിനിവര്‍ത്തുന്നു.
ഗന്ധമറ്റ ജമന്തികളാല്‍മൂടിയ ശിവശിലയില്‍
ഒരു കരിവണ്ട്‌ ചത്തിരിക്കുന്നു.
ബലിച്ചോറുണ്ട കാക്കകള്‍ കൊടും പനിയേറ്റ്‌
മഴ നനഞ്ഞ കൂടുകളിലും...

ഇന്ന് ആരുടെ രാത്രിയാണ്‌?
മഴ പെയ്യാത്ത നിലാവുദിച്ച ഈ രാത്രിയെ
ശാന്തമെന്നാര്‍ക്കു വിളിക്കാനാവും?
മണലോരത്ത്‌ വീശുന്ന കര്‍ക്കിടകകാറ്റില്‍
മീനച്ചൂട്‌ കലരുമ്പോള്‍
ആരുടെ ശ്രാദ്ധമാണിന്ന് ഞാനാചരിക്കുക?

3 comments:

  1. ഈ പുതിയ ബ്ലോഗിന് എല്ലാവിധ ആശംസകളും...ഇനിയും എഴുതുക

    ReplyDelete
  2. ഇന്നു ആരുടെ രാത്രിയാണ് ?...... ഈ രാത്രിയെ ശാന്തമെന്നാര്‍ക്ക്
    വിളിക്കാനാകും .... വളരെ ശരിയാണ് നമ്മള്ളിന്നു കടന്നു പോകുന്നത്
    ഈ അശാന്തമായ് ദിനങളിലുടെയാണ് .... നന്നായിരിക്കുന്നു .ആശംസകള്‍ .....

    ReplyDelete
  3. ബിന്ദൂ..ഓമന,
    ആശംസകള്‍ക്ക്‌ ആസ്വാദനത്തിന്‌ നന്ദി...

    ReplyDelete